
റണ്‍ചേസിനൊടുവിലായിരുന്നു ഡിസിയുടെ ത്രസിപ്പിക്കുന്ന വിജയം. ഒരു ഘട്ടത്തില്‍ ഡിസി പരാജയം മുന്നില്‍ കണ്ടിരുന്നെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് മുംബൈയെ സ്തബ്ധരാക്കുകയായിരുന്നു. അവസാനത്തെ മുന്നോവറില്‍ 28 റണ്‍സായിരുന്നു ഡിസിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഡാനിയേല്‍ സാംസെറിഞ്ഞ 18ാം ഓവറില്‍ 24 റണ്‍സ് വാരിക്കൂട്ടിയ ഡിസി കളി വരുതിയിലാക്കുകയും ചെയ്തു. ഇതോടെ 2013 മുതല്‍ ലീഗിലെ ആദ്യ മല്‍സരം ജയിക്കാനായിട്ടില്ലെന്ന നാണക്കേട് മായ്ക്കാന്‍ മുംബൈയ്ക്ക് സാധിച്ചതുമില്ല.

18ാമത്തെ ഓവര്‍ ഡാനിയേല്‍ സാംസിനു നല്‍കിയതാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഏറ്റവും വലിയ അബദ്ധമെന്നു ആകാശ് ചോപ്ര നിരീക്ഷിച്ചു. ശര്‍ദ്ദുല്‍ ടാക്കൂറിന്റെ മോശമല്ലാത്ത ഇന്നിങ്‌സിനു ശേഷം ലളിത് യാദവ് വളരെ നന്നായി കളിച്ചു. ക്രീസിലേക്കു വന്ന അക്ഷര്‍ പട്ടേല്‍ 200 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്.

പക്ഷെ മുംബൈ ചില പിഴവുകള്‍ വരുത്തിയതിനാല്‍ രണ്ട്- മൂന്ന് കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. 18ാമത്തെ ഓവര്‍ ഡാനിയേല്‍ സാംസിനു നല്‍കാന്‍ പാടില്ലായിരുന്നു. ടൈമല്‍ മില്‍സോ, ജസ്പ്രീത് ബുംറയോ ആയിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്യേണ്ടിയിരുന്നത്. സാംസിന് 20ാമത്തെ ഓവര്‍ നല്‍കാമായിരുന്നുവെന്നു എനിക്കു തോന്നുന്നു. 24 റണ്‍സാണ് 18ാമത്തെ ഓവറില്‍ ഡിസി നേടിയത്. ബുംറ ഒട്ടേറെ റണ്‍സ് വഴങ്ങിയതും മുംബൈയ്ക്കു തിരിച്ചടിയായതായി ചോപ്ര വിലയിരുത്തി.

178 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപ്പിറ്റള്‍സ് അഞ്ചു വിക്കറ്റിനു 72 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. 14ാം ഓവറില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ആറാമനായി മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 104 റണ്‍സായിരുന്നു. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ ലളിത് യാദവ്- അക്ഷര്‍ പട്ടേല്‍ ജോടി 75 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഡിസി ശക്തമായി തിരിച്ചുവരികയായിരുന്നു. ലളിത് 38 ബോളില്‍ 48 റണ്‍സെടുത്തപ്പോള്‍ അക്ഷര്‍ 17 ബോളില്‍ 38 റണ്‍സും വാരിക്കൂട്ടി.
ഡാനിയേല്‍ സാംസ് നാലോവറില്‍ വിക്കറ്റില്ലാതെ 57 റണ്‍സ് വഴങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറ 3.2 ഓവറില്‍ 43 റണ്‍സും വിട്ടുകൊടുത്തു. ബുംറയുടെ കരിയറിലെ ഏറ്റവുെ മോശം ദിവസങ്ങളിലൊന്നായിരുന്നു ഇത്.

കഴിഞ്ഞ മെഗാ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായ ഇഷാന്‍ കിഷനായിരുന്നും മുംബൈ ഇന്ത്യന്‍സ് ബാറ്റിങില്‍ നെടുംതൂണായത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി കളിച്ച താരം 41 ബോളില്‍ പുറത്താവാതെ 81 റണ്‍സ് അടിച്ചെടുത്തിരുന്നു. തനിക്കു ലഭിച്ച മൂല്യത്തോടു നീതി പുലര്‍ത്താന്‍ ഇഷാനു സാധിച്ചതായി ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 15.25 കോടി രൂപയ്ക്കായിരുന്നു ലേലത്തില്‍ അദ്ദേഹത്തെ മുംബൈ തിരികെ വാങ്ങിയത്.

മുംബൈ ഇന്ത്യന്‍സിനു വളരെ മികച്ച തുടക്കമായിരുന്നു ബാറ്റിങില്‍ ലഭിച്ചത്. ഇഷാന്‍ കിഷന്‍ ഒരു ദൗത്യത്തിലാണ്, ഗംഭീരമായിരുന്നു അവന്റെ ബാറ്റിങ് പ്രകടനം. 15.25 കോടിയെന്ന തന്റ വിലയോടു ആദ്യ കളിയില്‍ നീതി പുലര്‍ത്താന്‍ താരത്തിനു കഴിഞ്ഞു. കുറച്ചു ഡ്രൈവുകള്‍ കളിച്ചായിരുന്നു ഇഷാന്‍ തുടങ്ങിയത്. പിന്നീട് തലങ്ങും വിലങ്ങും ബൗണ്ടറികളും സിക്‌സറുകളും പായിച്ചു. ഓപ്പണറുടെ മാത്രമല്ല ഫിനിഷറുടെയും റോളില്‍ താരം കളിച്ചതായും ചോപ്ര വിലയിരുത്തി.


Click it and Unblock the Notifications