IPL 2022: സഞ്ജുവും പിള്ളേരും ഇത്തവണ 'പൊളിക്കും', തകര്‍പ്പന്‍ താരനിര, ആരാധകരും ഹാപ്പി

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലത്തിന്റെ ആദ്യ ദിനത്തില്‍ ഏറ്റവും ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കിയത് സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ നിലനിര്‍ത്തി മെഗാ ലേലത്തിനിറങ്ങിയ രാജസ്ഥാന്‍ മികച്ച താരങ്ങളെ സ്വന്തമാക്കി ആരാധക പ്രതീക്ഷ കാത്തിരിക്കുകയാണ്. അനാവശ്യമായി താരങ്ങളെ പരിഗണിക്കാതെ ടീമിന്റെ സാഹചര്യം മനസിലാക്കിയുള്ള താരനിരയെയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് പറയാം.
അവസാന സീസണിലും പ്ലേ ഓഫില്‍ ഇടം പിടിക്കാനാവാതെ പോയ പ്രഥമ സീസണ്‍ ചാമ്പ്യന്മാര്‍ ഇത്തവണ തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെ നടത്തുമെന്നാണ് ആരാധക പ്രതീക്ഷ. മികച്ച ടീമിനെത്തന്നെ രാജസ്ഥാന് ഇത്തവണ ലഭിച്ചിട്ടുണ്ട്. സംഗക്കാരയെന്ന ടീം ഡയറക്ടറുടെ തന്ത്രങ്ങള്‍ ഇതിന് പിന്നിലുണ്ട്. സഞ്ഞു സാംസണ് നായകനെന്ന നിലയില്‍ കിരീടം ചൂടാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

എട്ട് താരങ്ങളെയാണ് രാജസ്ഥാന്‍ ആദ്യ ദിനം സ്വന്തമാക്കിയത്. ബൗളിങ് നിരയില്‍ കൃത്യമായ പദ്ധതികളോടെയാണ് രാജസ്ഥാന്‍ കരുക്കള്‍ നീക്കിയത്. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിനായി എട്ട് കോടിയാണ് രാജസ്ഥാന്‍ മുടക്കിയത്. മുംബൈയടക്കം പല വമ്പന്മാരും ബോള്‍ട്ടിനായി രംഗത്തുണ്ടായിരുന്നെങ്കിലും വിട്ടുകൊടുക്കാന്‍ രാജസ്ഥാന്‍ തയ്യാറല്ലായിരുന്നു. ഇത് മികച്ച നീക്കമായിത്തന്നെയാണ് ആരാധകര്‍ വിലയിരുത്തുന്നത്.
ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ 10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ വാങ്ങിയത്. കെകെആര്‍ ഒഴിവാക്കിയ താരം ഇന്ത്യന്‍ ടീമിലടക്കം അരങ്ങേറ്റം നടത്തി തിളങ്ങി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം പ്രസിദ്ധിനായി നടന്നെങ്കിലും 10 കോടി രൂപക്ക് രാജസ്ഥാന്‍ അദ്ദേഹത്തെ ടീമിലെത്തിക്കുകയായിരുന്നു. അവസാന രണ്ട് സീസണുകളിലും രാജസ്ഥാന്റെ ബൗളിങ് നിര ദുര്‍ബലമായിരുന്നു. ബാറ്റിങ് നിര മികച്ച പ്രകടനം നടത്തുമ്പോഴും അതിനൊത്ത് ഉയരാന്‍ രാജസ്ഥാന്റെ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. ഇതിന് ഇത്തവണ പരിഹാരം കണ്ടിട്ടുണ്ടെന്ന് പറയാം.

സ്പിന്‍ നിരയില്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ എത്തിച്ചു. അഞ്ച് കോടിക്കാണ് അശ്വിനെ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ അശ്വിനെ രാജസ്ഥാന്‍ വളരെ ആവേശത്തോടെയാണ് സ്വന്തമാക്കിയത്. പരിചയസമ്പന്നനായ അശ്വിന്‍ അത്യാവശ്യം ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. അതുകൊണ്ട് തന്നെ അശ്വിന്റെ വരവ് രാജസ്ഥാന് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെയും വിലയിരുത്തല്‍. സ്പിന്‍ നിരയില്‍ കെസി കരിയപ്പയുമുണ്ട്. മൂന്ന് കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

രാജസ്ഥാന്റെ മറ്റൊരു തന്ത്രപരമായ നീക്കം യുസ്‌വേന്ദ്ര ചഹാലിനെ സ്വന്തമാക്കിയതാണ്. 6.5 കോടിക്കാണ് ചഹാലിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിട്ടും മെഗാ ലേലത്തിന് മുമ്പ് ചഹാലിനെ ടീം ഒഴിവാക്കുകയായിരുന്നു. ലേലത്തിലൂടെ തിരിച്ചെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ താല്‍പ്പര്യം ആര്‍സിബി കാട്ടിയില്ലെന്ന് പറയാം.

ബാറ്റിങ് നിരയിലേക്ക് ഷിംറോന്‍ ഹെറ്റ്‌മെയറെയും ദേവ്ദത്ത് പടിക്കലിനെയും എത്തിച്ചതിനെതിരേ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. യശ്വസി ജയ്‌സ്വാള്‍ ഇടം കൈയന്‍ ഓപ്പണറായി ഉള്ളപ്പോള്‍ ദേവ്ദത്തിനെ പരിഗണിക്കേണ്ടതില്ലായിരുന്നുവെന്നാണ് ഒരു പക്ഷം ആളുകള്‍ അഭിപ്രായപ്പെടുന്നത്. രണ്ടുപേരും സമാന ശൈലിയും ഒരേ പൊസിഷനിലും കളിക്കുന്ന താരങ്ങളായതിനാല്‍ ഒരു താരത്തിന് ബെഞ്ചിലിരിക്കേണ്ടതായി വരും. അതുകൊണ്ട് തന്നെ ഇത് വേണ്ടിയിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

മോശം ഫോമും പരിക്കും വേട്ടയാടുന്ന ഹെറ്റ്‌മെയറും ടീമില്‍ വേണ്ടിയിരുന്നില്ലെന്ന് ചില ആരാധകര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന് പുറത്താണ് ഹെറ്റ്‌മെയര്‍. ദേവ്ദത്തിനായി 7.75 കോടിയും ഹെറ്റ്‌മെയറിനായി 8.5 കോടിയുമാണ് രാജസ്ഥാന്‍ ചിലവിട്ടത്. ഇത് കൂടുതലാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തിയത് റിയാന്‍ പരാഗിനെ രാജസ്ഥാന്‍ തിരിച്ചെടുത്തതാണ്. അവസാന സീസണില്‍ രാജസ്ഥാനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ യുവതാരത്തെ 3.8 കോടിക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications