ജയ്സ്വാള്‍ ഉള്ളപ്പോള്‍ ദേവ്ദത്ത്, ഫിറ്റ്നസില്ലാത്ത ഹെറ്റ്മെയറെയും വാങ്ങി, രാജസ്ഥാന് ട്രോള്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലം പുരോഗമിക്കുകയാണ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ലേലത്തില്‍ ബുദ്ധിപൂര്‍വമാണ് തുടങ്ങിയത്. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിനെ 8 കോടിക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. വളരെ മികച്ച നീക്കം തന്നെയായിരുന്നു ഇത്. പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ആര്‍ അശ്വിനെയും രാജസ്ഥാന്‍ സ്വന്തമാക്കി. അഞ്ച് കോടിക്കായിരുന്നു അശ്വിനെ വാങ്ങിയത്.
രാജസ്ഥാന്റെ ഈ രണ്ട് നീക്കവും ആരാധകരെ വളരെ സന്തോഷപ്പെടുത്തിയെങ്കിലും പിന്നാലെ നടത്തിയ നീക്കങ്ങള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. മികച്ച തുടക്കത്തിന് ശേഷം അനാവശ്യമായി രണ്ട് താരങ്ങളെ ടീമിലെത്തിച്ചതാണ് ആരാധകരെ നിരാശരാക്കുന്നത്. മെഗാ ലേലത്തിന് മുമ്പ് ഇടം കൈയന്‍ ഓപ്പണറായി യശ്വസി ജയ്‌സ്വാളിന് രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നു. അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന താരം അവസാന സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ജയ്‌സ്വാള്‍ പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഈ സാഹചര്യത്തില്‍ ജയ്‌സ്വാളിന്റെ അതേ ശൈലിയുള്ള ദേവ്ദത്ത് പടിക്കലിനെ എന്തിനാണ് രാജസ്ഥാന്‍ സ്വന്തമാക്കിയതെന്നതാണ് രാജസ്ഥാന്‍ ചോദിക്കുന്നത്. ആര്‍സിബി ഒഴിവാക്കിയ ദേവ്ദത്തിനെ 7.75 കോടിക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. 2020ല്‍ ആര്‍സിബിയിലെത്തിയ താരം അവസാന സീസണില്‍ സെഞ്ച്വറിയും നേടിയിരുന്നു. എന്നാല്‍ പവര്‍പ്ലേ മുതലാക്കി കളിക്കുന്നതില്‍ ദേവ്ദത്ത് നിരാശപ്പെടുത്തുന്നു. സ്‌ട്രൈക്കറേറ്റിന്റെ കാര്യത്തില്‍ ദേവ്ദത്ത് അല്‍പ്പം പിന്നിലാണ്.

21കാരനായ താരം 884 റണ്‍സാണ് നേടിയത്. 31.57 ശരാശരിയുണ്ടെങ്കിലും 125.04 ആണ് സ്‌ട്രൈക്കറേറ്റ്. ആറ് അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 20കാരനായ ജയ്‌സ്വാള്‍ 13 മത്സരത്തില്‍ നിന്ന് 289 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 136.32 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ടി20 ഫോര്‍മാറ്റില്‍ വെടിക്കെട്ട് നടത്താന്‍ ജയ്‌സ്വാള്‍ തന്നെയാണ് മിടുക്കന്‍. ഈ സാഹചര്യത്തില്‍ ദേവ്ദത്ത് വേണ്ടായിരുന്നുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
രാജസ്ഥാന്റെ മറ്റൊരു വിമര്‍ശിക്കപ്പെടുന്ന തീരുമാനം ഷിംറോന്‍ ഹെറ്റ്‌മെയറെ സ്വന്തമാക്കിയതാണ്. 25കാരനായ ഹെറ്റ്‌മെയര്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ തുടര്‍ പരിക്കിനെത്തുടര്‍ന്നും മോശം ഫോമിനെത്തുടര്‍ന്നും വെസ്റ്റ് ഇന്‍ഡീസ് ടീമിന് പുറത്താണ് ഹെറ്റ്‌മെയറുള്ളത്. ഈ സാഹചര്യത്തില്‍ 8.5 കോടിക്ക് ഹെറ്റ്‌മെയറെ സ്വന്തമാക്കാനുള്ള തീരുമാനം മണ്ടത്തരമാണെന്നാണ് പല ആരാധകരും ചൂണ്ടിക്കാട്ടുന്നത്. അത് ശരിയാണെന്ന് തന്നെ പറയാം.

ഐപിഎല്ലില്‍ മോശമില്ലാത്ത റെക്കോഡ് ഹെറ്റ്‌മെയറിന്റെ പേരിലുണ്ട്. 31 മത്സരങ്ങളില്‍ നിന്ന് 517 റണ്‍സാണ് അദ്ദേഹം ഐപിഎല്ലില്‍ നേടിയത്. 151.17 എന്ന മികച്ച സ്‌ട്രൈക്കറേറ്റാണ് എടുത്തുപറയേണ്ടത്. രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമാവാനും ഹെറ്റ്‌മെയറിന് സാധിച്ചു. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ 118.72 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഹെറ്റ്‌മെയറെ ഭാഗ്യ പരീക്ഷണത്തിനായി ഇത്രയും ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കേണ്ടിയിരുന്നില്ലെന്നാണ് രാജസ്ഥാന്‍ ആരാധകരുടെ അഭിപ്രായം.

പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്. ജോസ് ബട്‌ലറെയും യശ്വസി ജയ്‌സ്വാളിനെയും സഞ്ജുവിനൊപ്പം നിലനിര്‍ത്തിയ രാജസ്ഥാന്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയാണ് ടീം ഡയറക്ടര്‍. രണ്ട് റൗണ്ട് പുരോഗമിക്കുമ്പോള്‍ നാല് താരങ്ങളെ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications