Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മികച്ച പേസര്‍മാരില്ല, ലേലത്തില്‍ മുംബൈയുടെ കണക്കുകൂട്ടല്‍ പാളി, ആരാധകര്‍ക്കും ആശങ്ക

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച രീതിയില്‍ താരങ്ങളെ ടീമിലെത്തിക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈക്ക് അവസാന സീസണില്‍ പ്ലേ ഓഫ് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ടീം കരുത്തില്‍ മുംബൈയോളം പോന്ന ആരും തന്നെയില്ലായിരുന്നു. മെഗാ ലേലം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് മുംബൈനെയായിരുന്നുവെന്ന് പറയാം.

മെഗാ ലേലത്തിന് മുമ്പ് രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. ലേലത്തില്‍ ഇഷാന്‍ കിഷനെ വമ്പന്‍ പ്രതിഫലത്തില്‍ സ്വന്തമാക്കിയതോടെ ടീമിന്റെ ബാറ്റിങ് കരുത്ത് സംബന്ധിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍ രണ്ടാം ദിനം ലേലം ആവേശകരമായി പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ ആശങ്കയിലാണ്. ബൗളിങ് നിരയിലേക്ക് പ്രമുഖരെ എത്തിക്കാന്‍ സാധിക്കാത്തതാണ് മുംബൈ ഇന്ത്യന്‍സ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

1

ടീം മാനേജ്‌മെന്റ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും പിടികിട്ടാത്ത അവസ്ഥ. ട്രന്റ് ബോള്‍ട്ടിനെയും മാര്‍ക്കോ ജാന്‍സനെയും കഗിസോ റബാഡയേയും ഒന്നും വാങ്ങാന്‍ മുംബൈക്ക് കഴിഞ്ഞില്ല. നിലവില്‍ ബേസില്‍ തമ്പി, മുരുഗന്‍ അശ്വിന്‍ എന്നിവരെ മാത്രമാണ് മുംബൈ ബൗളര്‍മാരായി സ്വന്തമാക്കിയത്. മുരുഗന്‍ അശ്വിനെ 1.60 കോടിക്കാണ് സ്വന്തമാക്കിയത്. രാഹുല്‍ ചഹാറിന് പകരം സ്പിന്‍ നിരയിലേക്കാണ് മുരുഗന്‍ അശ്വിനെ മുംബൈ എത്തിച്ചിരിക്കുന്നത്. മലയാളിയായ ബേസില്‍ തമ്പിക്ക് 30 ലക്ഷമാണ് മുംബൈ മുടക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തില്ലാത്ത ബേസിലിനെ മുംബൈക്ക് പേസ് നിരയില്‍ വലിയ പ്രതീക്ഷ വെക്കാനാവില്ല.

2


മുംബൈ ഇന്ത്യന്‍സ് പല താരങ്ങള്‍ക്കായും ശ്രമം നടത്തിയെങ്കിലും ലേലം മുറുകുന്നതോടെ ഉള്‍വലിയുകയാണ് ചെയ്യുന്നത്. ഇതോടെ പ്രതീക്ഷിച്ച പല താരങ്ങളെയും ടീമിന് സ്വന്തമാക്കാനായില്ല. നവദീപ് സൈനിയെ ടീമിലെത്തിക്കാന്‍ മുംബൈ ശ്രമിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സുമായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മുംബൈക്ക് പിന്മാറേണ്ടി വന്നു. 2.6 കോടി രൂപക്കാണ് രാജസ്ഥാന്‍ സൈനിയെ കൈവിട്ടത്. മികച്ച വിദേശ പേസര്‍മാരെല്ലാം ലേലത്തില്‍ പോയിക്കഴിഞ്ഞു. ഇനി എന്താണ് മുംബൈ പദ്ധതിയിടുന്നതെന്ന് കണ്ടറിയണം.

3

ലേലത്തില്‍ വളരെ സൂക്ഷ്മതയോടെ താരങ്ങളെ വാങ്ങുന്ന മുംബൈക്ക് ഇത്തവണ പദ്ധതികള്‍ പാളിയെന്ന് പറയാം. തല്ലുകൊള്ളി ബൗളറായ ജയദേവ് ഉനദ്ഘട്ടിനെ 1.3 കോടിക്ക് മുംബൈ സ്വന്തമാക്കിയതും അത്ഭുതമായി. ഒരു തവണ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുണ്ടെങ്കിലും പിന്നീടങ്ങോട്ട് തല്ലുകൊള്ളി ബൗളറായി മാറുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ താരത്തെ ടീമിലെത്തിച്ചത് മുംബൈ ആരാധകരെ നിരാശരാക്കുന്ന കാര്യമാണ്. ഇടം കൈയന്‍ പേസറാണ് ഉനദ്ഘട്ട്. മുന്‍ താരം നതാന്‍ കോള്‍ട്ടര്‍നെയ്‌ലിനെ മുംബൈ തിരികെ എത്തിക്കാന്‍ ശ്രമിച്ചില്ല. താരം അണ്‍സോള്‍ഡായി. രണ്ട് കോടിയായിരുന്നു അടിസ്ഥാന വില. വെസ്റ്റ് ഇന്‍ഡീസ് ഇടം കൈയന്‍ പേസര്‍ ഷെല്‍ഡോന്‍ കോട്രല്ലിലും മുംബൈ വലിയ താല്‍പ്പര്യം കാട്ടിയില്ല.

4

അവസാന സീസണില്‍ ബുംറയും ബോള്‍ട്ടും ന്യൂബോളിലും ഡെത്ത് ഓവറിലും നടത്തിയ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാന്‍ മുംബൈ ആരെയാണ് കണ്ടുവെച്ചിരിക്കുന്നതെന്നത് കണ്ടറിയണം. സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയെ മുംബൈ ടീമിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. 65 ലക്ഷം രൂപക്കാണ് മുംബൈ അദ്ദേഹത്തെ സ്വന്തമാക്കിയത്. ബാറ്റിങ് നിരയില്‍ ആശങ്കകളില്ലാത്ത മുംബൈക്ക് മികച്ച പേസര്‍മാരുടെ അഭാവം വലിയ തലവേദനയാവുമെന്നുറപ്പാണ്.

മുംബൈ നടത്തിയ ഏറ്റവും ശ്രദ്ധേയ നീക്കം ബേബി എബിയെന്ന് വിളിപ്പേരുള്ള ഡിവാള്‍ഡ് ബ്രെവിസിനെ സ്വന്തമാക്കിയതാണ്. ലേലത്തില്‍ വലിയ പ്രതിഫലം പ്രതീക്ഷിച്ചിരുന്ന ബ്രെവിസിനെ മൂന്ന് കോടിക്ക് മുംബൈക്ക് ലഭിച്ചത് മികച്ച നേട്ടമാണ്. ഡിവില്ലിയേഴ്‌സിനെപ്പോലെ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരത്തെ ദീര്‍ഘ കാല പദ്ധതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ സ്വന്തമാക്കിയത്. ഈ നീക്കത്തില്‍ ആരാധകരും ഹാപ്പിയാണെന്ന് പറയാം.

Story first published: Sunday, February 13, 2022, 14:18 [IST]
Other articles published on Feb 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+