
മുംബൈയ്ക്കായി ഒരു മല്‍സരത്തില്‍ നന്നായി തല്ലുവാങ്ങിയ ശേഷം ടീമിന്റെ ഉപദേശകനും മുന്‍ ഇതിഹാസ താരവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ നേരിട്ടു വിളിച്ച് സംസാരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബേസില്‍. മുംബൈയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ സംസാരിക്കുകയായിരുന്നു താരം.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം എനിക്കൊരു മോശം മല്‍സരമുണ്ടായിരുന്നു. അതിനു ശേഷമാണ് ടീം ഡോക്ടറിലൂടെ എനിക്കൊരു സന്ദേശം ലഭിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടേതായിരുന്നു അത്. അദ്ദേഹത്തിനു എന്നെ നേരില്‍ കാണണമെന്നായിരുന്നു ഈ സന്ദേശം.
ഇതേ തുടര്‍ന്ന് ഞാന്‍ സച്ചിനെ നേരിട്ടു കാണുകയും 40 മിനിറ്റോളം അദ്ദേഹത്തിനൊപ്പം ചെലവഴിക്കുകയും ചെയ്തു. ക്രിക്കറ്റിനെക്കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചത്, ഗെയിമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും തങ്ങള്‍ സംസാരിച്ചുവെന്നും ബേസില്‍ തമ്പി വിശദമാക്കി.

മുംബൈ ഇന്ത്യന്‍സിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമാരായ സഹീര്‍ ഖാന്‍, ഷെയ്ന്‍ ബോണ്ട് എന്നിവരെക്കുറിച്ചും ബേസില്‍ തമ്പി സംസാരിച്ചു. സാക്ക് സര്‍ (സഹീര്‍), ബോണ്ടി സാര്‍ (ബോണ്ട്) എന്നിവര്‍ ഒരു മല്‍സരത്തിനു എങ്ങനെയാണ് തയ്യാറെടുക്കുന്നതെന്നും ഒരു സാഹചര്യത്തോടു എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്നും പറഞ്ഞു തരാറുണ്ട്. വളരെ സൗഹാര്‍പരമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തികളാണ് രണ്ടുപേരും. ഞങ്ങള്‍ക്കു സമയം ലഭിക്കുമ്പോഴെല്ലം അവര്‍ക്കു സന്ദേശമയക്കാന്‍ സാധിക്കുമെന്നും ബേസില്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവച്ചത്. ആദ്യത്തെ എട്ടു കളികളിലും തുടര്‍ച്ചയായി തോറ്റപ്പോള്‍ തന്നെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചിരുന്നു.
മികച്ച ബൗളര്‍മാരുടെ അഭാവമാണ് മുംബൈയുടെ ഏറ്റവും വലിയ വീക്ക്‌നെസ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയൊഴികെ മികച്ചൊരു ബൗളര്‍ ടീമില്‍ ഇല്ലാതിരുന്നത് മുംബൈയ്ക്കു വലിയ ക്ഷീണമായി മാറി.

ഇതേ തുടര്‍ന്നു പല ബൗളിങ് കോമ്പിനേഷനുകളും മുംബൈ മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്നു. ബേസില്‍ തമ്പി, ജയദേവ് ഉനാട്കട്ട്, ടൈമല്‍ മില്‍സ്, ഡാനിയേല്‍ സാംസ്, റിലേ മെറെഡിത്ത്, മുരുഗന്‍ അശ്വിന്‍, റിത്വിക് ഷോക്കീന്‍, കുമാര്‍ കാര്‍ത്തികേയ, ഫാബിയന്‍ അലെന്‍ എന്നിവരെയെല്ലാം മുംബൈ ഇത്തവണ വിവിധ മല്‍സരങ്ങള്ില്‍ ഇറക്കിയിരുന്നു. ബേസില്‍ അഞ്ചു മല്‍സരങ്ങളിലാണ് പന്തെറിഞ്ഞത്. ഇവയില്‍ നിന്നും ലഭിച്ചത് അഞ്ചു വിക്കറ്റുകള്‍ മാത്രമാണ്. 9.5 എന്ന മോശം നെറ്റ് റണ്‍റേറ്റിലായിരുന്നു ഇത്.

അതേസമയം, മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മല്‍സരം വ്യാഴാഴ്ച നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ്. പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച മുംബൈയ്ക്കു ഇനിയൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടു തന്നെ ശേഷിച്ച മൂന്നു കളികളും ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനായിരിക്കും മുംബൈയുടെ ശ്രമം. എന്നാല്‍ ചെന്നൈയ്ക്കു ഈ മല്‍സരം വളരെ നിര്‍ണായകമാണ്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ചെന്നൈയ്ക്കു വിജയിച്ചേ തീരൂ. നേരത്തേ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ചെന്നൈയ്ക്കായിരുന്നു. ത്രില്ലറില്‍ ചെന്നൈ മൂന്നു വിക്കറ്റിനാണ് മുംബൈയെ മറികടന്നത്. നായകന്‍ എംഎസ് ധോണിയുടെ തകര്‍പ്പന്‍ ഫിനിഷിങായിരുന്നു സിഎസ്‌കെയ്ക്കു ആവേശകരമായ വിജയം സമ്മാനിച്ചത്.


Click it and Unblock the Notifications