
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ സിക്‌സറില്‍ റെക്കോഡ് തിരുത്തി ഹര്‍ദിക് പാണ്ഡ്യ. കുറഞ്ഞ ബോളില്‍ നിന്ന് 100 സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ഹര്‍ദിക്. 1046 പന്തുകളില്‍ നിന്നാണ് ഹര്‍ദിക് ഐപിഎല്ലില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കിയത്. കറെന്‍ പൊള്ളാര്‍ഡ് (1094), ഗ്ലെന്‍ മാക്‌സ് വെല്‍ (1118) എന്നിവരുടെ റെക്കോഡിനെയാണ് ഹര്‍ദിക് പിന്നിലാക്കിയത്.
എന്നാല്‍ ഈ റെക്കോഡില്‍ തലപ്പത്തുള്ള ആന്‍ഡ്രേ റസലിനെ തൊടാനായില്ല. കെകെആറിന്റെ കരീബിയന്‍ കരുത്തായ റസല്‍ 657 പന്തുകളില്‍ നിന്നാണ് ഈ നേട്ടം പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനത്ത് 943 പന്തുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്‌ലാണ്. ഇവരുടെ രണ്ട് പേരുടെയും റെക്കോഡ് തിരുത്തിയെഴുതാന്‍ ആര്‍ക്കാണ് സാധിക്കുകയെന്നത് കണ്ടറിയണം. ഗെയ്‌ലിന്റെ റെക്കോഡ് പെട്ടെന്ന് തകര്‍ക്കപ്പെട്ടാലും റസലിന്റെ റെക്കോഡിനെ തകര്‍ക്കുക കടുപ്പം തന്നെയാണ്.

ഹൈദരാബാദിനെതിരേ അര്‍ധ സെഞ്ച്വറി നേടാന്‍ ഹര്‍ദിക്കിനായി. 42 പന്തുകള്‍ നേരിട്ട് നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 50 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നില്‍ക്കുകയായിരുന്നു. 119.4 സ്‌ട്രൈക്കറേറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും നായകനെന്ന നിലയില്‍ മികച്ച ഇന്നിങ്‌സ് തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. ക്ഷമയോടെ ക്രീസില്‍ നിന്ന ഹര്‍ദിക്കാണ് ഗുജറാത്തിന്റെ ടോപ് സ്‌കോററും. മുംബൈ ഇന്ത്യന്‍സിനൊപ്പം ഏഴ് വര്‍ഷം കളിച്ച ഹര്‍ദിക് ഇത്തവണ ഗുജറാത്തിന്റെ നായകനായി എത്തുകയായിരുന്നു.

മത്സരത്തില്‍ ഗുജറാത്തിന്റെ റാഷിദ് ഖാന്‍ പൂജ്യത്തിനാണ് പുറത്തായത്. ഇതോടെ 2017ന് ശേഷം കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന നാണക്കേടിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം താരം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ഇത് 10ാം തവണയാണ് അദ്ദേഹം അക്കൗണ്ട് തുറക്കാതെ മടങ്ങുന്നത്. സുനില്‍ നരെയ്ന്‍ നിധീഷ് റാണ എന്നിവര്‍ ഏഴ് തവണ വീതം പൂജ്യത്തിന് പുറത്തായി രണ്ടാം സ്ഥാനത്തും ശിഖര്‍ ധവാന്‍, മന്ദീപ് സിങ്, സഞ്ജു സാംസണ്‍, ക്രിസ് മോറിസ്, നിക്കോളാസ് പുരാന്‍ എന്നിവര്‍ ആറ് തവണ വീതവും പൂജ്യത്തിന് പുറത്തായി.

ഇത്തവണ ഹര്‍ദിക്കിന് കീഴില്‍ ഗുജറാത്ത് അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. ഗുജറാത്ത് കാര്യമായൊന്നും ചെയ്യില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടതെങ്കിലും ഹാട്രിക് ജയത്തോടെ എല്ലാവരെയും ഗുജറാത്ത് ഞെട്ടിച്ചു. നായകനെന്ന നിലയിലും ഓള്‍റൗണ്ടറെന്ന നിലയിലും ഹര്‍ദിക് മികവ് കാട്ടുന്നു. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുമയോടെ കളിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ അരങ്ങേറ്റക്കാരായെത്തി കപ്പടിക്കാന്‍ കെല്‍പ്പുള്ള നിരയാണ് ഗുജറാത്ത്.