
ഇത്തവണത്തെ ഐസിസി ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 84.33 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ ഡെവാള്‍ഡ് ബ്രെവിസ് വാരിക്കൂട്ടിയത് 506 റണ്‍സാണ്. റണ്‍വേട്ടയില്‍ മറ്റൊരു താരവും ബേബി എബിയുടെ അരികില്‍പ്പോലുമെത്തിയിട്ടില്ല. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കമാണ് ബ്രെവിസ് 500ന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

ഉയര്‍ന്ന സ്‌കോര്‍ 138 റണ്‍സാണ്. 45 ബൗണ്ടറികളും 18 സിക്‌സറുകളും താരം പായിക്കുകയും ചെയ്തു. കൂടുതല്‍ ബൗണ്ടറിയും സിക്‌സറുമടിച്ചതും ബ്രെവിസ് തന്നെ.
റണ്‍വേട്ടയില്‍ രണ്ടാമതെത്തിയത് പാകിസ്താന്‍ താരം ഹസീബുള്ള ഖാനാണ്. ആറു കളിയില്‍ നിന്നും രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കം താരം 380 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ തോമസ് പ്രെസ്റ്റ് 292 റണ്‍സുമായി മൂന്നാമതെത്തി.

ശിഖര്‍ ധവാന്‍ 2004ലെ അണ്ടര്‍ 19 ലോകകപ്പില്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഡെവാള്‍ഡ് ബ്രെവിസിനു മുന്നില്‍ വഴി മാറിയിരിക്കുന്നത്. ധവാനു ശേഷം ഒരു ലോകകപ്പില്‍ 500ന് മുകളില്‍ നേടിയ രണ്ടാമത്തെ താരമായി അദ്ദേഹം മാറി. ധവാന്‍ 84.16 ശരാശരിയില്‍ 505 റണ്‍സോടെയായിരുന്നു നേരത്തേ ചരിത്രം കുറിച്ചത്. പിന്നീടൊരിക്കലും മറ്റൊരു താരത്തിനും ഇതിനെ വെല്ലുവിളിക്കാനായില്ല.
ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന ധവാന്റെ റെക്കോര്‍ഡാണ് 506 റണ്‍സെടുത്ത ധവാന്‍ തിരുത്തിക്കുറിച്ചിരിക്കുന്നത്. ഓള്‍ടൈം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മുന്നാമത് ഓസ്‌ട്രേലിയയുടെ ബ്രെറ്റ് വില്ല്യംസാണ്. 1988ലെ ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിയത് 471 റണ്‍സായിരുന്നു.

അണ്ടര്‍ 19 ലോകകപ്പില്‍ ഏഴാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സൗത്താഫ്രിക്കയും കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ബംഗ്ലാദേശും തമ്മില്‍ ഇന്നു കൊമ്പുകോര്‍ത്തിരുന്നു. ഈ കളിയിലെ സെഞ്ച്വറി നേട്ടാണ് ഡെവാള്‍ഡ് ബ്രെവിസിനെ റെക്കോര്‍ഡിടാന്‍ സഹായിച്ചത്. കളിയില്‍ 130 ബോളില്‍ 138 റണ്‍സ് താരം സ്‌കോര്‍ ചെയ്തു. മൂന്നാമനായി ഇറങ്ങിയ ബ്രെവിസ് 11 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമാണ് 130 റണ്‍സ് നേടിയത്.

കളിയില്‍ ബംഗ്ലാദേശിനെ സൗത്താഫ്രിക്ക രണ്ടു വിക്കറ്റിനു തോല്‍പ്പിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിനു 293 റണ്‍സെടുത്തു. ആരിഫുല്‍ ഇസ്ലാമിന്റെ (102) സെഞ്ച്വറിയാണ് അവര്‍ക്കു കരുത്തായത്. മറുപടിയില്‍ സൗത്താഫ്രിക്ക 48.5 ഓവറില്‍ എട്ടു വിക്കറ്റിനു ലക്ഷ്യത്തിലെത്തി.

മെഗാ ലേലത്തില്‍ എബി ഡിവില്ലിയേഴ്‌സിന്റെ മുന്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുള്‍പ്പെടെ പല ഫ്രാഞ്ചൈസികളും നോട്ടമിടുന്ന താരമാണ് ബ്രെവിസ്. അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ താരത്തിനു വേണ്ടി രംഗത്തിറങ്ങുമെന്നു ഉറപ്പായിയിരിക്കുകയാണ്. അതേസമയം, എബിഡിയുടെയും വിരാട് കോലിയുടെയും കടുത്ത ആരാധകനാണ് താനെന്നും ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി കളിക്കുകയെന്നതാണ് തന്റെ ഏറ്റലും വലിയ ആഗ്രഹമെന്നും ബ്രെവിസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











