IPL 2022: റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ആദ്യ പ്ലേയിങ് 11 താരങ്ങള്‍ ഇപ്പോള്‍ എവിടെ ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് സീസണ്‍ മാത്രം കളിച്ച് ആരാധക മനസില്‍ ഇടം നേടിയ ടീമാണ് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്ക് നേരിട്ട് രണ്ട് വര്‍ഷം മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ പൂനെ ടീം ടൂര്‍ണമെന്റിലേക്കെത്തിയത്. നിരവധി പ്രതിഭകള്‍ ഉള്‍പ്പെട്ട ശക്തമായ ടീമായിരുന്നു പൂനെയുടേത്. 2016ല്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും 2017ല്‍ ഫൈനല്‍ കളിക്കാന്‍ പൂനെക്കായി. കിരീടപ്പോരാട്ടത്തില്‍ ഒരു റണ്‍സിനാണ് മുംബൈയോട് പൂനെ തോറ്റത്. സ്റ്റീവ് സ്മിത്താണ് 2017ല്‍ പൂനെയെ നയിച്ചത്.

2016ല്‍ എംഎസ് ധോണിക്ക് കീഴിലാണ് പൂനെ ഇറങ്ങിയത്. ഇത്തവണ പുതിയതായി എത്തുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമസ്ഥര്‍ പഴയ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമകള്‍ തന്നെയാണ്. രണ്ട് സീസണ്‍കൊണ്ട് എല്ലാവരും ഓര്‍ത്തിരിക്കുന്ന ടീമായി റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് മാറി. നിരവധി യുവതാരങ്ങള്‍ക്ക് ഐപിഎല്ലിലേക്ക് വഴിതുറന്ന് കൊടുക്കാനും പൂനെക്കായിരുന്നു. ദീപക് ചഹാറും വാഷിങ് ടണ്‍ സുന്ദറുമെല്ലാം പൂനെയിലൂടെ വരവറിയിച്ചവരാണ്.
മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് പൂനെ വരവറിയിച്ചത്. കരുത്തരായ മുംബൈയെ 121 റണ്‍സിലൊതുക്കിയ പൂനെ 14.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം നേടിയത്. 2016ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ടീമിന്റെ ആദ്യത്തെ പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ ? അവരെല്ലാം ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ ? പരിശോധിക്കാം.

അജിന്‍ക്യ രഹാനെ - ഫഫ് ഡുപ്ലെസിസ്
റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ആദ്യ പ്ലേയിങ് 11ലെ ഓപ്പണര്‍മാരായി ഉണ്ടായിരുന്നത് അജിന്‍ക്യ രഹാനെയും ഫഫ് ഡുപ്ലെസിസുമായിരുന്നു. അന്ന് രഹാനെ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു. അന്ന് ഓപ്പണിങ്ങില്‍ 78 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ഡുപ്ലെസിസ് 34 റണ്‍സ് നേടിയപ്പോള്‍ രഹാനെ 66 റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ട് പേരും ഇപ്പോഴും ക്രിക്കറ്റിലുണ്ട്. രഹാനെ ഇന്ത്യന്‍ ടീമില്‍ നിന്നടക്കം പുറത്താണ്. മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രഹാനെയെ സ്വന്തമാക്കിയെങ്കിലും പ്ലേയിങ് 11ല്‍ അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഫഫ് ഡുപ്ലെസിസ് ഓരോ സീസണിന് ശേഷവും പ്രകടന നിലവാരം ഉയര്‍ത്തുന്നു. അവസാന സീസണില്‍ സിഎസ്‌കെ താരമായിരുന്ന ഡുപ്ലെസിസ് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായാണ് ഡുപ്ലെസിസിന്റെ വരവ്. പ്രായം തളര്‍ത്താത്ത പോരാളിയായി ഡുപ്ലെസിസ് തുടരുന്നു.

കെവിന്‍ പീറ്റേഴ്‌സന്‍, സ്റ്റീവ് സ്മിത്ത്, എംഎസ് ധോണി
മുന്‍ ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സനും പൂനെയുടെ ആദ്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടിരുന്നു. ആര്‍സിബി, ഡല്‍ഹി ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള പീറ്റേഴ്‌സന് ഭേദപ്പെട്ട റെക്കോഡും ടൂര്‍ണമെന്റിലുണ്ട്. 21 റണ്‍സാണ് പീറ്റേഴ്‌സന്‍ പൂനെയ്‌ക്കൊപ്പമുള്ള ആദ്യ മത്സരത്തില്‍ നേടിയത്. 14 പന്തില്‍ 21 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നില്‍ക്കുകയായിരുന്നു. രണ്ട് സിക്‌സാണ് പറത്തിയത്. വിരമിക്കല്‍ പ്രഖ്യാപിച്ച പീറ്റേഴ്‌സന്‍ ഇടക്കിടെ അവതാരകനെന്ന റോളില്‍ എത്താറുണ്ട്.

ക്യാപ്റ്റവും വിക്കറ്റ് കീപ്പറുമായി എംഎസ് ധോണി ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും ബാറ്റിങ്ങിനിറങ്ങേണ്ട ആവിശ്യം വന്നില്ല. ഒരു ക്യാച്ചുമായി ധോണിക്ക് തിളങ്ങാനായി. സ്റ്റീവ് സ്മിത്തിനും ബാറ്റിങ്ങില്‍ ഇറങ്ങേണ്ട ആവിശ്യം വന്നില്ല. ഒരു ക്യാച്ചാണ് മത്സരത്തില്‍ സ്മിത്ത് നേടിയത്. ഇത്തവണ മെഗാ ലേലത്തില്‍ സ്മിത്തിനെ വാങ്ങാന്‍ ആളുണ്ടായില്ല. എന്നാല്‍ ഇത്തവണയും സിഎസ്‌കെയുടെ ക്യാപ്റ്റനായി എംഎസ് ധോണിയുണ്ട്.

മിച്ചല്‍ മാര്‍ഷ്, രജത് ബാട്ടിയ, ആര്‍ അശ്വിന്‍
ഓസീസ് മീഡിയം പേസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും അന്ന് ടീമിലുണ്ടായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 21 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്താന്‍ മിച്ചല്‍ മാര്‍ഷിനായി. 2021ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയ നേടിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരം ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണുള്ളത്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ വലിയ താരമൂല്യമുള്ള കളിക്കാരനാണ് മിച്ചല്‍ മാര്‍ഷ്.

രജത് ബാട്ടിയയും പൂനെ ടീമിലുണ്ടായിരുന്നു. മീഡിയം പേസ് ഓള്‍റൗണ്ടറായ ബാട്ടിയ നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 10 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. ഗംഭീര പ്രകടനം തന്നെയാണ് പന്തുകൊണ്ട് അദ്ദേഹം നടത്തിയത്. മുന്‍ കെകെആര്‍ താരം കൂടിയായ രജത് ബാട്ടിയ വിരമിച്ച ശേഷം ക്രിക്കറ്റ് മേഖലയില്‍ സജീവമല്ല. എട്ടാമന്‍ ആര്‍ അശ്വിന്‍ ഒരോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. ഏഴ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. മുന്‍ സിഎസ്‌കെ, ഡല്‍ഹി താരവും പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനുമായ അശ്വിന്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്.

ആര്‍പി സിങ്, ഇഷാന്ത് ശര്‍മ, മുരുഗന്‍ അശ്വിന്‍
പേസ് നിരയിലെ പ്രമുഖന്‍ ആര്‍ പി സിങ്ങായിരുന്നു. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ നിറ സാന്നിധ്യമായിരുന്ന ആര്‍പി സിങ് മൂന്ന് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്. സീനിയര്‍ താരമെന്ന നിലയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല. വിരമിച്ച ശേഷം ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം മാറി നില്‍ക്കുകയാണ്.

മറ്റൊരു പേസര്‍ ഇഷാന്‍ ശര്‍മയാണ്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്. ഭേദപ്പെട്ട പ്രകടനം എന്ന് ഇതിനെ വിശേഷിപ്പിക്കാം. പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ച ഇഷാന്തിനെ ഇത്തവണ വാങ്ങാന്‍ ആരും ഉണ്ടായില്ല.

മുരുഗന്‍ അശ്വിനാണ് പ്ലേയിങ് 11ലുണ്ടായിരുന്ന മറ്റൊരു താരം. സ്പിന്നറായ മുരുഗന്‍ അശ്വിന്‍ നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് അശ്വിനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications