IPL 2022: ആറു ബോളില്‍ നാലിലും വിക്കറ്റ്! റസ്സല്‍ ഷോ
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. അവിശ്വസനീയ 20ാം ഓവറാണ് കളിയില്‍ അദ്ദേഹമെറിഞ്ഞത്. ഹാട്രിക്ക് ലഭിച്ചില്ലെങ്കിലും നാലു വിക്കറ്റുകളാണ് ഈ ഓവറില്‍ കടപുഴകിയത്. ടൈറ്റന്‍സിനു ലഭിച്ചതാവട്ടെ വെറും അഞ്ച് റണ്‍സും.
അഭിനവ് മനോഹര്‍ (2), ലോക്കി ഫെര്‍ഗൂസന്‍ (0), രാഹുല്‍ തെവാത്തിയ (17), യഷ് ദയാല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് റസ്സല്‍ കടപുഴക്കിയത്. മല്‍സരത്തില്‍ അദ്ദേഹത്തിന്റെ കന്നി ഓവര്‍ കൂടിയായിരുന്നു ഇത്. പക്ഷെ ഇങ്ങനെയൊരു മാജിക്കല്‍ റസ്സല്‍ കാഴ്ചവയ്ക്കുമെന്ന് ആരും തന്നെ പ്രതീക്ഷിരുന്നില്ല.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരോവര്‍ സ്‌പെല്ലില്‍ നാലു വിക്കറ്റുകളെടുത്ത ആദ്യത്തെ ബൗളറെന്ന വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ആന്ദ്രെ റസ്സല്‍. ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ വെറും രണ്ടു താരങ്ങള്‍ മാത്രമേ ഒരോവറില്‍ നാലു വിക്കറ്റുകളെടുത്തിട്ടുള്ളൂ. ഇപ്പോള്‍ റസ്സലും എലൈറ്റ് ക്ലബ്ബിലേക്കു തന്റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഒരോവറില്‍ നാലു വിക്കറ്റുകളെടുത്ത ആദ്യത്തെ വിദേശ താരം കൂടിയാണ് റസ്സല്‍. മാത്രമല്ല ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ഒരു ബൗളര്‍ ഈ നേട്ടം കുറിച്ചത്.

നേരത്തേ ഇന്ത്യന്‍ സ്പിന്നര്‍മാരായിട്ടുള്ള അമിത് മിശ്ര, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ഒരോവറില്‍ നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. 2013ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി (ഡല്‍ഡി ഡെയര്‍ഡെവിള്‍സ്) കളിക്കവെ പൂനെ വാരിയേഴ്‌സിനെതിരേ മിശ്രയാണ് ആദ്യമായി ഒരോവറില്‍ നാലു വിക്കറ്റുകളെടുത്തത്. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയില്‍ ചാഹലും നാലു പേരെ പുറത്താക്കിയിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 20ാം ഓവറില്‍ ആദ്യത്തെ രണ്ടു ബോളിലും ആന്ദ്രെ റസ്സല്‍ വിക്കറ്റുകളെടുത്തിരുന്നു. അഭിന് മനോഹറിനെയാണ് അദ്ദേഹം ആദ്യം പുറത്താക്കിയത്. സ്ലോ ബോളായിരുന്നു റസ്സല്‍ പരീക്ഷിച്ചത്. ഡീപ്പ് മിഡ് വിക്കറ്റില്‍ അഭിനവിനെ റിങ്കു സിങ് പിടികൂടുകയായിരുന്നു. തൊട്ടടുത്ത് ഒരു ഷോര്‍ട്ട് ബോളായിരുന്നു.

പുതുതായി ക്രീസിലെത്തിയ ഫെര്‍ഗൂസന്‍ പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ഡീപ്പ് മിഡ് വിക്കറ്റില്‍ വീണ്ടും റിങ്കു സിങിന്റെ കൈകളില്‍ അവസാനിച്ചു. അടുത്ത ബോളില്‍ അല്‍സാറി ജോസഫ് സിംഗിളെടുത്തു. നാലാമത്തെ ബോള്‍ രാഹുല്‍ തെവാത്തിയ ബൗണ്ടറി പറത്തി. അഞ്ചാമത്തേത് സ്ലോ ബോളായിരുന്നു. ആഞ്ഞടിച്ച തെവാത്തിയയുടെ കണക്കുകൂട്ടല്‍ പിഴച്ചു. ഡീപ്പ് കവറില്‍ റിങ്കു സിങ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു. യഷ് ദയാലാണ് അവസാന ബോള്‍ നേരിട്ടത്. താഴ്ന്ന ഒരു ഫുള്‍ ടോസായിരുന്നു റസ്സല്‍ എറിഞ്ഞത്. ദയാലിനെ അദ്ദേഹം സ്വന്തം ബൗളിങില്‍ പിടികൂടുകയും ചെയ്തു.

ടൈറ്റന്‍സിനു ത്രസിപ്പിക്കുന്ന വിജയം
ആന്ദ്രെ റസ്സലിന്റെ മാജിക്കല്‍ ബൗളിങിനു മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വിജയം സമ്മാനിക്കാനായില്ല. അവസാന ഓവറിലേക്കു നീണ്ട ആവേശകരമായ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൈക്കലാക്കുകയായിരുന്നു. ടോസിനു ശേഷം ബാറ്റ് ചെയ്ത ടൈറ്റന്‍സ് ഒമ്പതു വിക്കറ്റിനു 156 റണ്‍സാണ് നേടിയത്. 67 റണ്‍സെടുത്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ്‌സ്‌കോററായത്. ഈ സ്‌കോര്‍ കൊല്‍ക്കത്ത ചേസ് ചെയ്യുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

പക്ഷെ പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകളെടുത്ത ടൈറ്റന്‍സ് കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത അവര്‍ കെകെആറിനെ പിടിച്ചുകെട്ടി. ഒടുവില്‍ എട്ടു വിക്കറ്റിനു 148 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു കെകെആറിനു വേണ്ടിയിരുന്നത്. ആദ്യ ബോള്‍ തന്നെ റസ്സല്‍ സിക്‌സര്‍ പറത്തി. പക്ഷെ അടുത്ത ബോൡ റസ്സലിനെ പുറത്താക്കിയ അല്‍സാറി ജോസഫ് കെകെആറിനെ ഞെട്ടിച്ചു. തുടര്‍ന്നുള്ള നാലു ബോളുകളില്‍ മൂന്നു റണ്‍സ് മാത്രമേ കെകെആറിനു മൂന്ന് റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. 25 ബോളില്‍ ആറു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 48 റണ്‍സെടുത്ത റസ്സലാണ് ടോപ്‌സ്‌കോറര്‍. റിങ്കു സിങ് 35 റണ്‍സും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications