
ബംഗളൂരു: തമിഴ്‌നാടിന്റെ വെടിക്കെട്ട് ഫിനിഷറെ പഞ്ചാബ് കിങ്‌സ് വിട്ടുകളഞ്ഞില്ല. മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കേണ്ടി വന്നെങ്കിലും സൂപ്പര്‍ താരത്തെ പഞ്ചാബ് ലേലത്തിലൂടെ തിരിച്ചെത്തിച്ചിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 9 കോടിക്കാണ് പഞ്ചാബ് കിങ്‌സ് ഷാരൂഖിനെ സ്വന്തമാക്കിയത്. സിഎസ്‌കെ അവസാന നിമിഷം വരെ ഷാരൂഖിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഷാരൂഖിനെ എന്ത് വിലകൊടുത്തും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പഞ്ചാബ്.
വെടിക്കെട്ട് ഓള്‍റൗണ്ടറായ ഷാരൂഖ് മിന്നും ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റില്‍ അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനമാണ് ഷാരൂഖ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഷാരൂഖിനായി വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഷാരൂഖിനായി പഞ്ചാബ് കിങ്‌സ് തന്നെ ശക്തമായി തിരിച്ചെത്തുമെന്നത് പ്രതീക്ഷിച്ചിരുന്നില്ല. കാരണം രണ്ട് താരങ്ങളെ മാത്രമാണ് മെഗാ ലേലത്തിന് മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയത്. ഷാരൂഖിനെ നിലനിര്‍ത്താത്തിനെതിരേ നേരത്തെ തന്നെ ചോദ്യം ഉയര്‍ന്നിരുന്നു.

നേരത്തെ 2021 സീസണിന് മുന്നോടിയായാണ് പഞ്ചാബ് ഷാരൂഖിനെ ടീമിലെത്തിച്ചത്. അന്ന് 5.25 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. അരങ്ങേറ്റക്കാരനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഷാരൂഖിനായി. 10 ഇന്നിങ്‌സില്‍ നിന്ന് 153 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 134.21 ആയിരുന്നു. ടീമിന്റെ മോശം പ്രകടനം ഷാരൂഖിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. ഇത്തവണ ശക്തമായ ടീമുമായി പഞ്ചാബ് ഇറങ്ങിയാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഷാരൂഖില്‍ നിന്ന് പ്രതീക്ഷിക്കാം.
ഡെത്ത് ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ഷാരൂഖ് മിടുക്കനാണ്. തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ അദ്ദേഹം കളത്തില്‍ നന്നായി ഉപയോഗിക്കുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടിയാണ് ഷാരൂഖ് തമിഴ്‌നാടിനെ ചാമ്പ്യന്മാരാക്കിയത്. വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ 21 പന്തില്‍ 42 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ബാക്ക് അപ്പ് താരമായും ഷാരൂഖിനെ പരിഗണിച്ചിരുന്നു. ഇതുവരെ 50 ടി20കളില്‍ നിന്ന് 547 റണ്‍സും രണ്ട് വിക്കറ്റുമാണ് അദ്ദേഹം വീഴ്്ത്തിയത്.

കെ എല്‍ രാഹുല്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകന് കീഴിലാവും പഞ്ചാബ് ഇത്തവണ ഇറങ്ങുക. പേഴ്‌സില്‍ ഏറ്റവും കൂടുതല്‍ തുകയുള്ള ടീമായി എത്തിയ പഞ്ചാബ് കഗിസോ റബാഡക്കാണ് കൂടുതല്‍ തുക മുടക്കിയത്. 9.25 കോടിക്കാണ് പേസറെ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ശിഖര്‍ ധവാനെ 8.25 കോടിക്കും സ്വന്തമാക്കി. പഞ്ചാബ് കിങ്‌സിന്റെ നായകനായി എത്താന്‍ സാധ്യതയുള്ള താരം കൂടിയാണ് ധവാന്‍.

ജോണി ബെയര്‍സ്‌റ്റോയെ 6.75 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം ഓപ്പണിങ്ങിലോ മൂന്നാം നമ്പറിലോ പഞ്ചാബിനായി ഇറങ്ങിയേക്കും. അവസാന സീസണില്‍ ഹൈദരാബാദിന്റെ താരമായിരുന്നു ബെയര്‍സ്റ്റോ. 5.25 കോടിക്ക് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ രാഹുല്‍ ചഹാറിനെയും പഞ്ചാബ് ടീമിലെത്തിച്ചിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ് എന്നിവരെയാണ് മെഗാ ലേലത്തിന് മുമ്പ് പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയത്.