IPl 2022: ഹര്‍ദിക് അഹമ്മദാബാദ് നായകന്‍, ഒപ്പം റാഷിദ് ഖാനും ശുബ്മാന്‍ ഗില്ലും, പ്രതിഫലം പുറത്ത്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ ലഖ്‌നൗ, അഹമ്മാദാബാദ് എന്നീ രണ്ട് ടീമുകള്‍ക്കൂടി ടൂര്‍ണമെന്റിലേക്കെത്തുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതിനോടകം നിലവിലെ എട്ട് ടീമുകളും നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. പുതിയതായി എത്തുന്ന രണ്ട് ടീമുകള്‍ക്ക് മെഗാ ലേലത്തിന് മുമ്പായി മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താന്‍ അവസരമുണ്ട്.
പുതിയ രണ്ട് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ അഹമ്മദാബാദ് നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പോലെ തന്നെ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കാനുള്ള തയ്യാറെടുപ്പിലാണ് അഹമ്മദാബാദ്. ഹര്‍ദിക്കിനൊപ്പം അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും ശുബ്മാന്‍ ഗില്ലിനെയുമാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്.
ആശിഷ് നെഹ്‌റയെ മുഖ്യ പരിശീലകനാക്കി ഇറങ്ങുന്ന അഹമ്മദാബാദിന്റെ ഉപദേഷ്ടാവായി മുന്‍ ഇന്ത്യ, ആര്‍സിബി പരിശീലകന്‍ ഗാരി കേഴ്സ്റ്റനാണുള്ളത്. വിക്രം സോളങ്കിയാണ് ടീം ഡയറക്ടര്‍. എന്തായാലും പുതിയ സീസണില്‍ എതിരാളികള്‍ക്ക് വെല്ലുവിളിയായി അഹമ്മദാബാദ് ഉണ്ടാവുമെന്നുറപ്പാണ്. അഹമ്മദാബാദ് നിലനിര്‍ത്തിയ താരങ്ങളുടെ പ്രതിഫലവും മറ്റ് വിവരങ്ങളും കൂടുതല്‍ അറിയാം.

ഹര്‍ദിക് പാണ്ഡ്യ
മുംബൈ ഇന്ത്യന്‍സ് ഏഴ് വര്‍ഷത്തിന് ശേഷം ഇത്തവണ ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ച്ചയായി പരിക്കേറ്റതും ഫോം ഔട്ടിലായതുമാണ് ഹര്‍ദിക്കിന് തിരിച്ചടിയായത്. ഏറെ നാളുകളായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഹര്‍ദിക്ക് പരിശീലനത്തിലായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനും പുറത്തുള്ള ഹര്‍ദിക്കിനെ 15 കോടിക്കാണ് അഹമ്മദാബാദ് നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സ് 11 കോടിയാണ് ഹര്‍ദിക്കിന് നല്‍കിയിരുന്നത്.
അഹമ്മദാബാദിലേക്കെത്തിയപ്പോള്‍ 15 കോടിയായി അത് ഉയര്‍ന്നിരിക്കുകയാണ്. ഹര്‍ദിക്കിനെ സംബന്ധിച്ച് പുതിയ തട്ടകം സാമ്പത്തികമായി നേട്ടമുള്ളതാണ്. എന്നാല്‍ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദിക്കിന് സാധിക്കുമെന്നത് കണ്ടറിയണം. ബൗളിങ്ങിലും ഹര്‍ദിക്കിന് ഫോമിലേക്കുയരേണ്ടതായുണ്ട്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ഹര്‍ദിക്കിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ്.

റാഷിദ് ഖാന്‍
സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് താരമായിരുന്ന റാഷിദ് ഖാനെ 15 കോടിക്കാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരാബാദ് 12 കോടി വരെ ഓഫര്‍ ചെയ്തിട്ടും റാഷിദ് ടീമില്‍ തുടരാന്‍ താല്‍പര്യം കാട്ടിയില്ല. ലഖ്‌നൗ ടീമും 12 കോടിവരെ റാഷിദിനെ ഓഫര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 15 കോടിക്ക് അഹമ്മാദാബാദ് റാഷിദ് ഖാനെ സ്വന്തമാക്കുകയായിരുന്നു. പ്രായംകൊണ്ട് യുവതാരമാണെങ്കിലും ഇതിനോടകം ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും കളിക്കാനും മികച്ച പ്രകടനം നടത്താനും റാഷിദിനായി. ഐപിഎല്ലിലും മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് റാഷിദ്. അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നറുടെ സാന്നിധ്യം അഹമ്മദാബാദിന് കരുത്താകുമെന്നുറപ്പ്.

ശുബ്മാന്‍ ഗില്‍
കെകെആര്‍ ഒഴിവാക്കിയ ശുബ്മാന്‍ ഗില്‍ കെകെആറിലേക്ക് തന്നെ തിരിച്ചുപോകുമെന്നാണ് എല്ലാവരും കരുതിയത്. കെകെആറിലേക്ക് പോകാനാണ് താല്‍പര്യമെന്ന് ശുബ്മാന്‍ തുറന്ന് പറയുകയും ചെയ്തതാണ്. എന്നാല്‍ അഹമ്മദാബാദിലേക്ക് ശുബ്മാന്‍ ഗില്‍ എത്തിയിരിക്കുകയാണ്. ഏഴ് കോടി രൂപക്കാണ് ശുബ്മാനെ അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്. കെകെആര്‍ 1.8 കോടി രൂപയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഓപ്പണറെന്ന നിലയില്‍ മികവ് കാട്ടുന്ന ശുബ്മാന് ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിലേക്ക് പരിഗണന ലഭിക്കണമെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെക്കേണ്ടതായുണ്ട്.

അഹമ്മദാബാദ് കരുതിത്തന്നെ
അഹമ്മദാബാദ് വളരെ ബുദ്ധിപൂര്‍വ്വമായാണ് കരുക്കള്‍ നീക്കുന്നത്. ഒരു പ്രധാന ബൗളറെയും ഓപ്പണറെയും ഓള്‍റൗണ്ടറെയും സ്വന്തമാക്കിയപ്പോള്‍ 37 കോടി രൂപയാണ് ചിലവായത്. ഇനി 15 താരങ്ങളെ നിലനിര്‍ത്താന്‍ 53 കോടിയാണ് അഹമ്മദാബാദിന്റെ കൈയിലുള്ളത്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ അഹമ്മദാബാദ് നോട്ടമിടുന്നുണ്ട്. ശിഖര്‍ ധവാനെയും അഹമ്മദാബാദ് ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും അഹമ്മദാബാദ് എതിരാളികള്‍ക്ക് വലിയ തലവേദനയാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications