IPL 2022: 'രണ്ടാമത്തെ ഡെക്കില്‍ കാര്യം മനസിലായി', പക്ഷെ നിസ്സഹായനാണ്- വിരാട് കോലി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തുന്നത് വിരാട് കോലിയുടെ മോശം ഫോമാണ്. വിമര്‍ശകര്‍ക്ക് പോലും കോലിയോട് അലിവ് തോന്നുന്ന അവസ്ഥയാണുള്ളതെന്ന് പറയാം. സീസണില്‍ മൂന്ന് തവണയാണ് അദ്ദേഹം പൂജ്യത്തിന് പുറത്തായത്. അതും നേരിട്ട ആദ്യ പന്തില്‍ത്തന്നെ. രണ്ട് തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും ഒരു തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേയുമാണ് കോലി ഗോള്‍ഡന്‍ ഡെക്കായത്.
ഇപ്പോഴിതാ സീസണിലെ തന്റെ മോശം ഫോമിനെക്കുറിച്ച് ആര്‍സിബിയുടെ യുട്യൂബ് ചാനലിലെ ഇന്‍സൈഡര്‍ പരിപാടിയിലൂടെ കോലി തുറന്ന് പറഞ്ഞിരിക്കുകയാണ്. 'രണ്ടാമത്തെ ഡെക്കിലൂടെത്തന്നെ നിസ്സഹായനായെന്ന് തിരിച്ചറിഞ്ഞു. എന്റെ കരിയറില്‍ ഇതിന് മുമ്പ് സംഭവിക്കാത്ത കാര്യമാണിത്. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചത്. വളരെക്കാലമായതിനാല്‍ത്തന്നെ ക്രിക്കറ്റില്‍ കാണാനുള്ളതെല്ലാം കണ്ടു' -കോലി പറഞ്ഞു.

സീസണ്‍ തുടങ്ങിയപ്പോള്‍ മൂന്നാം നമ്പറിലായിരുന്നു കോലി പിന്നീട് ഓപ്പണറായി മാറി. എന്നിട്ടും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത്തവണ കോലിക്ക് ബാറ്റുകൊണ്ട് പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തത് ആര്‍സിബിയേയും ബാധിക്കുന്നു. 12 മത്സരങ്ങളില്‍ 19.64 ശരാശരിയില്‍ 216 റണ്‍സാണ് കോലിക്ക് നേടാനായത്. ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 111.34 മാത്രമാണ്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമന്‍, ഒരു സീസണില്‍ നാല് സെഞ്ച്വറിയടക്കം നേടി റെക്കോഡിട്ടവന്‍, ഈ റെക്കോഡുകളുള്ള കോലി തന്നെയാണ് ഇപ്പോള്‍ ഒരു പന്തിനെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നത്.

ഇത്തവണ കോലിയുടെ മോശം പ്രകടനത്തിനെതിരേ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കോലി വിശ്രമത്തില്‍ പോകാന്‍ പല പ്രമുഖരും ആവിശ്യപ്പെട്ടു. മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രിയടക്കം കോലിക്ക് വിശ്രമം അനിവാര്യമാണെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ മുന്നോട്ട് പോവുകയാണ് കോലി ചെയ്യുന്നത്. വിമര്‍ശകരോട് വിരോധമില്ലെന്നും അവര്‍ പറയുന്നത് കാര്യമാക്കുന്നില്ലെന്നും കോലി പറഞ്ഞു.
'വിമര്‍ശിക്കുനവര്‍ക്ക് എന്റെ ഷൂ ചേരില്ല. എന്റെ തോന്നലുകള്‍ അവര്‍ക്ക് അനുഭവിക്കാനാവില്ല. എന്റെ ജീവിതം അവര്‍ക്ക് ജീവിക്കാനാവില്ല. എന്റെ ആ നിമിഷങ്ങള്‍ അവര്‍ക്ക് ലഭ്യമില്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് അനാവശ്യ ശബ്ദങ്ങളെ നിയന്ത്രിക്കുന്നത്. ഒന്നല്ലെങ്കില്‍ ടിവി മ്യൂട്ട് ആക്കുക. അല്ലെങ്കില്‍ ആളുകള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കരുത്. ഈ രണ്ട് കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്' -കോലി കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് കോലിയുടെ ഫോം ആശങ്കയുണ്ടാക്കുന്നതാണ്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജൂണ്‍ 9നാണ് ആരംഭിക്കുന്നത്. ഇതില്‍ കോലിയെ പരിഗണിച്ചേക്കില്ലെന്നും വിശ്രമം അനുവദിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും കോലി നീങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ കോലിയുടെ ഫോം ടീമിലേക്ക് വിളിയെത്തുന്നതിന് മുമ്പ് പരിഗണിക്കുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും കോലിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എത്രയും വേഗം അദ്ദേഹം ഫോം കണ്ടെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications