
ഐപിഎല്ലിന്റെ മെഗാലേലത്തില്‍ ഏറ്റവുമുയര്‍ന്ന ഡിമാന്റുണ്ടായിരുന്ന വിദേശ താരങ്ങലിലൊരാളാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍. 11.5 കോടി വാരിയെറിഞ്ഞാണ് പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഈ നേട്ടത്തിനു രണ്ടു ദിവസത്തിനു ശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനിറങ്ങിയ ലിവിങ്സ്റ്റണ്‍ ഫ്‌ളോപ്പായി മാറിയിക്കുകയാണ്. പെഷാവര്‍ സല്‍മിക്കുവേണ്ടി കളിച്ച അദ്ദേഹം ഡെക്കാവുകയായിരുന്നു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ കളിയില്‍ മൂന്നു ബോളുകളുടെ ആയുസ്സ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പാക് യുവ പേസര്‍ കൂടിയായ നസീം ഷാ ലിവിങ്സ്റ്റണിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. എന്താണ് സംഭവിച്ചുതെന്നു പോലുമെന്നറിയാതെ അമ്പരന്നു നില്‍ക്കാനേ ഇംഗ്ലീഷ് താരത്തിനായുള്ളൂ.
മണിക്കൂറില്‍ 90 മൈലിനും മുകളില്‍ വേഗതയില്‍ വന്ന നസീം ഷായുടെ പന്ത് പ്രതിരോധിക്കാനുള്ള സമയം പോലും ലിവിങ്‌സ്റ്ററണിനു ലഭിച്ചില്ല. ബാറ്റ് താഴേക്കു വരുന്നതിനു മുമ്പ് തന്നെ ലിവിങ്സ്റ്റണിന്റെ ഓഫ് സ്റ്റംപ് തെറിച്ചിരുന്നു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് അദ്ദേഹം ഫ്‌ളോപ്പായി മാറിയത്. കറാച്ചി കിങ്‌സിനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ ആറു റണ്‍സ് മാത്രമേ ലിവിങ്സ്റ്റണ്‍ നേടിയിരുന്നുള്ളൂ.

പിഎസ്എല്ലില്‍ മികച്ച തുടക്കമായിരുന്നു ലിയാം ലിവിങ്സ്റ്റണിന്റേത്. മുള്‍ത്താന്‍ സുല്‍ത്താന്‍സിനെതിരായ കളിയില്‍ 16 ബോളില്‍ നിന്നും 24 റണ്‍സ് അടിച്ചെടുത്താണ് താരം ലീഗിലേക്കുള്ള വരവറിയിച്ചത്. നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് 150നു മുകളിലായിരുന്നു.
ഐപിഎല്ലിന്റെ ഇത്തവണത്തെ മെഗാ ലേലത്തില്‍ ഏറ്റവും വില കൂടിയ നാലാമത്തെ താരം കൂടിയായിരുന്നു ലിയാം ലിവിങ്‌സ്റ്റണ്‍. മുംബൈ ഇന്ത്യന്‍സ് ഇഷാന്‍ കിഷനെ തിരികെ കൊണ്ടു വരാന്‍ ചെലവഴിച്ച 15.25 കോടിയാണ് ലേലത്തിലെ ഏറ്റവുമുയര്‍ന്ന തുക. ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 14 കോടി രൂപയ്ക്കു തിരികെ വാങ്ങിയതാണ് ലേലത്തില്‍ രണ്ടാമതെത്തിയത്. 12.25 കോടിക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയ ശ്രേയസ് അയ്യരാണ് വില കൂടിയ മൂന്നാമത്തെ താരം. ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായ ലിവിങ്സ്റ്റണിനു വേണ്ടി പല ഫ്രാഞ്ചൈസികളും മല്‍സരരംഗത്തുണ്ടായിരുന്നു. പഞ്ചാബിനെക്കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സും രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം മറികടന്നാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്.