
ഞായറാഴ്ച രാത്രി നടന്ന കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു 36 റണ്‍സിനായിരുന്നു മുംബൈ തോറ്റത്. ഇതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീം കൂടിയാണ് മുംബൈ. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് അവര്‍ക്കു പ്ലേഓഫിലെത്താന്‍ സാധിക്കാതെ പോയത്.

ഈ സീസണില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്നിട്ടും ബാറ്റിങ് ലൈനപ്പില്‍ മുംബൈ ഇന്ത്യന്‍സ് വലിയ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായിരുന്നില്ല. ബൗളിങില്‍ മാത്രമാണ് മുംബൈ ചില പരീക്ഷണങ്ങള്‍ നടത്തിയത്. ബാറ്റിങില്‍ ഒരേ ലൈനപ്പുമായി മുംബൈ മുന്നോട്ടു പോവുകയായിരുന്നു.
രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ ഓപ്പണിങ് ജോടി ക്ലിക്കാവിതിരുന്നതാണ് മുംബൈയെ പതനത്തിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ ചില മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും മാച്ച് വിന്നിങ് ഇന്നിങ്‌സുകളായിരുന്നില്ല. അവസാന രണ്ടു മല്‍സരങ്ങളില്‍ ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല.

പരിശീലക സംഘത്തിലെ മറ്റു കോച്ചുമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും മുംബൈ ഇന്ത്യന്‍സ് ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്യുകയെന്നു മഹേല ജയവര്‍ധനെ പറഞ്ഞു. ബാറ്റിങില്‍ മുംബൈ ഈ സീസണില്‍ ഒട്ടും തന്നെ സ്ഥിരതയില്ലാത്ത പ്രകടനമാണ് ഇത്തവണ കാഴ്ചവച്ചതെന്നും അദ്ദേഹം സമ്മതിച്ചു.

സീസണില്‍ മുംബൈയുടെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ വിശകലനം ചെയ്യും. മറ്റു കോച്ചുമാരുമായി ചര്‍ച്ച ചെയ്ത ശേഷം ഭാവിയെക്കുറിച്ചുള്ള പ്ലാനുകള്‍ തയ്യാറാക്കും. ബാറ്റിങ് ഞങ്ങള്‍ക്കു ഒരു ആശങ്കയാണ്. മികച്ച ബാറ്റിങ് വിക്കറ്റുകളില്‍പ്പോലും ടീമിന്റെ ബാറ്റിങ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ഇതു സീനിയര്‍ ഗ്രൂപ്പാണ്, നേരത്തേ സാഹചര്യങ്ങള്‍ മനസ്സിലാക്കി നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളവരുമാണ്. ഞങ്ങള്‍ക്കു മുന്നോട്ടു പോവേണ്ടതുണ്ട്, അതിനു വേണ്ടി മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതു തീര്‍ച്ചയായും ചെയ്യുമെന്നും ജയവര്‍ധനെ വിശദമാക്കി.

ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഞങ്ങള്‍ക്കു ചില അവസരങ്ങള്‍ ലഭിച്ചിരുന്നു, പക്ഷെ ഒരുപാടില്ല. സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തീര്‍ച്ചയായിട്ടും ആശങ്കകളുണ്ട്, ആദ്യം ബാറ്റ് ചെയ്തപ്പോഴായാലും റണ്‍ചേസിലായാലും ഞങ്ങള്‍ സ്ഥിരത പുലര്‍ത്തിയിട്ടില്ലെന്നും മഹേല ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ മുംബൈയ്ക്കായി 200നു മുകളില്‍ സ്‌കോര്‍ ചെയ്ത രണ്ടു താരങ്ങള്‍ മാത്രമേയുള്ളൂ. 272 റണ്‍സെടുത്ത ഈ സീസണിലെ അരങ്ങേറ്റക്കാരന്‍ കൂടിയായ യുവതാരം തിലക് വര്‍മയാണ് തലപ്പത്ത്. 239 റണ്‍സുമായി സൂര്യകുമാര്‍ യാദവ് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. ഇഷാന്‍ കിഷന്‍ (199), രോഹിത് ശര്‍മ (153) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.


Click it and Unblock the Notifications











