IPL 2022: '2019 ല്‍ കരിയര്‍ അവസാനിച്ചുവെന്ന് തോന്നി', ധോണിയുടെ ഉപദേശം കരുത്തായി- സിറാജ്

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ പേസര്‍മാരിലെ ശ്രദ്ധേയ മുഖമാണ് മുഹമ്മദ് സിറാജ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ വരവറിയിച്ച സിറാജ് കരിയറിന്റെ തുടക്ക സമയത്ത് തല്ലുകൊള്ളി ബൗളറായിരുന്നു. എന്നാല്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും മെച്ചപ്പെട്ട സിറാജ് ഇന്ന് ഇന്ത്യയുടെ ബൗളിങ് നിരയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത താരമായി മാറിയിരിക്കുകയാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലൂടെയാണ് സിറാജ് വരവറിയിച്ചത്. നായകനായിരുന്ന വിരാട് കോലി നല്‍കിയ വലിയ പിന്തുണയാണ് സിറാജിന്റെ കരിയറിലെ വളര്‍ച്ചക്ക് കരുത്തായത്.

ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ സിറാജാണ്. ഏത് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനായി മാറിയ സിറാജ് 2019 സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഒമ്പത് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. 9.55 ആണ് ഇക്കോണമി റേറ്റ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഒരു മത്സരത്തില്‍ 2.2 ഓവറില്‍ 36 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. ഇപ്പോഴിതാ 2019 സീസണിന് ശേഷം കരിയര്‍ അവസാനിച്ചുവെന്നാണ് കരുതിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സിറാജ്.

' 2019ല്‍ ആര്‍സിബിക്കൊപ്പം നടത്തിയ പ്രകടനം വളരെ മോശമായിരുന്നു. എന്റെ ഐപിഎല്‍ കരിയര്‍ അവസാനിച്ചുവെന്നാണ് തോന്നിയത്. എന്നാല്‍ എനിക്ക് ഇനിയും തിരിച്ചുവരാന്‍ അവസരമുണ്ടെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ എനിക്കായി. എനിക്ക് പിന്തുണ നല്‍കിയ ആര്‍സിബി മാനേജ്‌മെന്റിനോടാണ് നന്ദി പറയേണ്ടത്. ഇത്തരമൊരു പ്രകടനത്തിന് ശേഷം ഫ്രാഞ്ചൈസി എനിക്ക് പിന്തുണ നല്‍കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ അവര്‍ എനിക്ക് പിന്തുണ നല്‍കി.
2020ല്‍ കെകെആറിനെതിരായ മത്സരമാണ് എന്റെ ജീവിതം മാറ്റിയെഴുതിയത്. കെകെആറിനെതിരേ രണ്ട് ബീമര്‍ എറിഞ്ഞപ്പോള്‍ ആളുകള്‍ പറഞ്ഞത് ക്രിക്കറ്റ് ഒഴിവാക്കി പിതാവിനൊപ്പം പോയി ഓട്ടോ ഓടിക്കാനാണ്. ഇത്തരത്തില്‍ നിരവധി കമന്റുകള്‍ ഉണ്ടായി. എന്നാല്‍ ഓരോ മത്സരത്തിന് പിന്നിലെയും അധ്വാനം എത്രത്തോളമെന്ന് ആളുകള്‍ മനസിലാക്കുന്നില്ല'- സിറാജ് പറഞ്ഞു.

ആര്‍സിബിയും കോലിയും നല്‍കിയ വലിയ പിന്തുണയാണ് സിറാജിന് കരുത്തായത്. വലിയ ക്രിക്കറ്റ് പാരമ്പര്യം അവകാശപ്പെടാനാവാത്ത സിറാജ് ടെന്നിസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ കളിച്ച് വളരെ പരിമിതമായ സാഹചര്യത്തില്‍ നിന്നാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. സിറാജിന്റെ പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. സിറാജ് വലിയൊരു ക്രിക്കറ്റ് താരമാവുന്നത് ഏറ്റവും കൂടുതല്‍ സ്വപ്‌നം കണ്ടിരുന്നത് അദ്ദേഹത്തിന്റെ പിതാവായിരുന്നുവെന്ന് പറയാം.
ആളുകളുടെ മോശം കമന്റുകള്‍ വേദനിപ്പിച്ചപ്പോള്‍ എംഎസ് ധോണി നല്‍കിയ ഉപദേശത്തെക്കുറിച്ചും സിറാജ് വെളിപ്പെടുത്തി. ' ആളുകള്‍ പലതും പറയും അതൊന്നും ചെവിക്കൊള്ളേണ്ടെന്ന് എംഎസ് ധോണിയാണ് എന്നോട് പറഞ്ഞത്. നീ ഇന്ന് മികച്ച പ്രകടനം നടത്തിയാല്‍ അവര്‍ നിന്നെ അഭിനന്ദിക്കും. നിരാശപ്പെടുത്തിയാല്‍ ഇതേ ആളുകള്‍ വിമര്‍ശിക്കും. അതുകൊണ്ട് തന്നെ ഇത്തരം കമന്റുകളെ കാര്യമാക്കേണ്ട. അന്ന് പറഞ്ഞപോലെ എന്നെ ട്രോളിയെ പല താരങ്ങളും എന്നെ ബെസ്റ്റ് ബൗളറെന്ന് വിളിച്ചു. അതുകൊണ്ട് തന്നെ ഒരാളുടെയും അഭിപ്രായം ഞാന്‍ സ്വീകരിക്കുന്നില്ല. ഞാന്‍ എന്നും സിറാജ് തന്നെയാണ്'- സിറാജ് പറഞ്ഞു.

വിരാട് കോലി കരിയറില്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും സിറാജ് പറഞ്ഞു. ' ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം കോലി എന്റെ പ്രകടനത്തെ അഭിനന്ദിച്ചു. മികച്ച പ്രകടനമാണ് നടത്തിയതെന്ന് പറഞ്ഞു. എന്നാല്‍ ഈ പ്രകടനം മറന്ന് മുന്നോട്ടുള്ള ലക്ഷ്യത്തില്‍ ശ്രദ്ധിക്കണമെന്നും ഫിറ്റ്‌നസിലും കഠിനാധ്വാനത്തിലും വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു'- സിറാജ് കൂട്ടിച്ചേര്‍ത്തു. കോലിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ സിറാജിന്റെ കരിയര്‍ ഇത്രത്തോളം എത്തില്ലായിരുന്നുവെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications