
ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കാനിടയുള്ള അഞ്ചാമത്തെ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയായിരിക്കുമെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. പ്രസിദ്ധ് അഞ്ചാമതെത്താന്‍ സാധ്യതയുണ്ടെന്നു പറയാന്‍ രണ്ടു കാരണങ്ങളുണ്ട്. അദ്ദേഹം ഇപ്പോള്‍ ഇന്ത്യക്കു വേണ്ടിയും കളിക്കുന്നയാളാണ്. മറ്റുള്ളവര്‍ക്കില്ലാത്ത രണ്ടോ, മൂന്നോ കാര്യങ്ങള്‍ പ്രസിദ്ധിനുണ്ട്. ഉയരം, ബോള്‍ റിലീസ് ചെയ്യാനുള്ള കഴിവ്, വേഗം, രണ്ട്- മൂന്ന് വര്‍ഷത്തെ അനുഭവസമ്പത്ത് എന്നിവ പ്രസിദ്ധിന്റെ പ്ലസ് പോയിന്റുകളാണെന്നു ചോപ്ര വിലയിരുത്തി.

നാലാമത്തെ ഉയര്‍ന്ന തുക ലഭിക്കുക ആവേശ് ഖാനായിരിക്കും. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അദ്ദേഹത്തെ സംബന്ധിച്ച് അവിസ്മരണീയം തന്നെയായിരുന്നു. അതിനു മുമ്പുള്ള വര്‍ഷവും നന്നായി പെര്‍ഫോം ചെയ്തിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരെയെല്ലാം പിന്നിലാക്കിയാണ് ആവേശ് പ്ലെയിങ് ഇലവനിലെത്തിയത്. ന്യൂ ബോള്‍ കൊണ്ടും പഴയ ബോള്‍ കൊണ്ടും മനോഹരമായി പന്തെറിയുകയും ചെയ്തു. മികച്ച വേഗതയും പന്ത് ബാറ്റിന്റെ മുകള്‍ ഭാഗത്തേക്കു കൊള്ളിക്കാനുള്ള കഴിവുമാണ് ആവേശിനെ സ്‌പെഷ്യലാക്കുന്നതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

മൂന്നാം സ്ഥാനത്തു ഞാന്‍ സ്പിന്നര്‍ രാഹുല്‍ ചാഹറിന്റെ പേരാണ് പറയുക. ഒരുപാട് സ്പിന്നര്‍മാരുണ്ടെങ്കിലും ഞാന്‍ അവനെയാണ് തിരഞ്ഞെടുക്കുക. കഴിവ് തെളിയിച്ച ബൗളറാണ് രാഹുല്‍. മുംബൈ ഇന്ത്യന്‍സിനു വേണ്ടി വളരെ ചെറിയ ഗ്രൗണ്ടുകളില്‍ കളിക്കുകയും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്ത ബൗളറാണ് അവന്‍. കഴിഞ്ഞ ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും രാഹുലുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
പരിചയസമ്പന്നനായ ആര്‍ അശ്വിനും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വിക്കറ്റുകളെടുക്കുന്നതിലുള്ള മൂര്‍ച്ചയില്ലായ്മയും പ്രായവും കാരണമാണ് അദ്ദേഹത്തെ താന്‍ ഒഴിവാക്കിയതെന്നു ചോപ്ര വെളിപ്പെടുത്തി.

യുസ്വേന്ദ്ര ചഹലായിരിക്കും ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള രണ്ടാമത്തെ ബൗളര്‍. ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ സ്പിന്നറും അദ്ദേഹമായിരിക്കുമെന്നു ആകാശ് ചോപ്ര പ്രവചിച്ചു. രണ്ടാം നമ്പറില്‍ ഞാന്‍ ചാഹലിനെയാണ് നിര്‍ത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി വിക്കറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഗണ്‍ ബൗളര്‍ തന്നെയാണ് അദ്ദേഹം. കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ അവിശ്വസനീയ പ്രകടനമായിരുന്നു ചാഹലിന്റേത്. പാരമ്പര്യവും പ്രകനവും കഴിവുമെല്ലാം ചേര്‍ന്ന വളരെ മികച്ച ബൗളറാണ് ചാഹലെന്നും ചോപ്ര വിലയിരുത്തി.

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുന്നത് ദീപക് ചാഹറിനായിരിക്കുമെന്നു ആകാശ് ചോപ്ര പ്രവചിച്ചു. ഒന്നാംസ്ഥാനത്ത് ഞാന്‍ ചാഹറിനെയാണ് തിരഞ്ഞെടുക്കുക. ന്യൂബോള്‍ കൊണ്ടു വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറാണ് അദ്ദേഹം. ഇതുപോലെയൊരു ഇന്ത്യന്‍ ബൗളറെ ഇപ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയില്ല. ആദ്യത്തെ മൂന്നോവറില്‍ ധൈര്യത്തോടെ പന്തേല്‍പ്പിക്കാന്‍ കഴിയുന്നയാളാണ് ചാഹര്‍.

വിക്കറ്റുകളെടുത്ത് എതിരാളികളെ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹത്തിനാവും. ഡെത്ത് ഓവറുകളിലും ചാഹര്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. 28 കാരനായ ചാഹര്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. 63 മല്‍സരങ്ങളില്‍ നിന്നും 59 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.


Click it and Unblock the Notifications












