IPL 2022: പൊള്ളാര്‍ഡിനെ പുറത്താക്കണം, പകരം അവനെ പരിഗണിക്കണം, നിര്‍ദേശിച്ച് ആകാശ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന്റെ കറെന്‍ പൊള്ളാര്‍ഡ് കാഴ്ചവെക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാന മത്സരത്തില്‍ 14 പന്തില്‍ വെറും നാല് റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. നിലയുറപ്പിച്ച ശേഷം ആക്രമിക്കാന്‍ പദ്ധതിയിട്ട പൊള്ളാര്‍ഡിന്റെ കണക്കുകൂട്ടല്‍ തെറ്റി. ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് പൊള്ളാര്‍ഡ് കാഴ്ചവെച്ചതെന്ന് പറയാം.
മുംബൈ ജയിച്ചെങ്കിലും പൊള്ളാര്‍ഡിന്റെ മോശം പ്രകടനം വളരെ അധികം വിമര്‍ശനം ഏറ്റുവാങ്ങുന്നു. ഇപ്പോഴിതാ വരുന്ന മത്സരങ്ങളില്‍ മുംബൈയുടെ പ്ലേയിങ് 11ല്‍ പൊള്ളാര്‍ഡ് വേണ്ടെന്ന് നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'തിലക് വര്‍മ റണ്ണൗട്ടാകുന്നതിന് മുമ്പ് തന്നെ കറെന്‍ പൊള്ളാര്‍ഡ് പുറത്തായി. കൗതുകരമായാണ് അവന്റെ പ്രകടനം തോന്നുന്നത്. ഈ സീസണില്‍ ഇനിയൊരു മത്സരം പൊള്ളാര്‍ഡിന് ലഭിക്കുമെന്ന് കരുതുന്നില്ല.

അവനെ ഇനി കളിപ്പിക്കേണ്ട. കാരണം ഡെവാള്‍ഡ് ബ്രെവിസ് ബെഞ്ചിലിരിക്കുകയാണ്. ടിം ഡേവിഡ് മികച്ച പ്രകടനവും നടത്തുന്നുണ്ട്. ടിം ഡേവിഡിനെ എന്തിനാണ് പുറത്തിരുത്തിയതെന്ന് മനസിലാകുന്നില്ല. അനായാസമായി സിക്‌സര്‍ നേടാന്‍ കെല്‍പ്പുള്ള താരത്തെ എത്ര മത്സരങ്ങളിലാണ് അവര്‍ ബെഞ്ചിലിരുത്തിയത്. അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കാമായിരുന്നുവെന്ന് ഇപ്പോള്‍ മുംബൈക്ക് തോന്നുന്നുണ്ടാവും'- ആകാശ് പറഞ്ഞു.
പൊള്ളാര്‍ഡിന് പഴയ ഫോം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. ബൗളറെന്ന നിലയില്‍ താരത്തെ വിശ്വസിക്കുകയും പ്രയാസമാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടാത്തതിനാല്‍ ഇപ്പോള്‍ ഒന്നോ രണ്ടോ ഓവര്‍ മാത്രമാണ് പൊള്ളാര്‍ഡിന് നല്‍കാറ്. അതും എല്ലാ മത്സരങ്ങളിലും നല്‍കുന്നുമില്ല. ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ മുംബൈ ഒഴിവാക്കിയപ്പോള്‍ ഫിനിഷറെന്ന നിലയില്‍ വിശ്വാസം അര്‍പ്പിച്ചത് കറെന്‍ പൊള്ളാര്‍ഡിലാണ്. എന്നാല്‍ പൊള്ളാര്‍ഡ് തീര്‍ത്തും നിരാശപ്പെടുത്തിയത് മുംബൈയുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു.

പൊള്ളാര്‍ഡിനെ ഒഴിവാക്കിയാല്‍ പകരം ടിം ഡേവിഡിനെ പരിഗണിക്കാം. ജൂനിയര്‍ എബി ഡെവാള്‍ഡ് ബ്രെവിസിനെ മൂന്നാം നമ്പറിലേക്കും മുംബൈ പരിഗണിച്ചാല്‍ ടീമിനത് കൂടുതല്‍ കരുത്താകും. ആക്രമിച്ച് കളിക്കുന്ന ബ്രെവിസ് 20 പന്ത് നേരിട്ടാല്‍ പോലും അതിന്റെ ഇഫക്ട് സ്‌കോര്‍ബോര്‍ഡിലുണ്ടാവും. ഒറ്റക്ക് മത്സരത്തിന്റെ ഗതി തിരിക്കാന്‍ കെല്‍പ്പുള്ള താരമാണ് ബ്രെവിസ്. അതുകൊണ്ട് തന്നെ ബ്രെവിസ് മുംബൈയുടെ പ്ലേയിങ് 11 വേണമെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഏറെ നാളുകളായി മുംബൈയുടെ ഭാഗമായിട്ടുള്ള പൊള്ളാര്‍ഡിനെ അത്ര പെട്ടെന്ന് മുംബൈ കൈവിടില്ല. സീനിയര്‍ താരമായ പൊള്ളാര്‍ഡ് ഒന്നിലധികം തവണ ടീമിന്റെ ഫിനിഷര്‍ റോളില്‍ തിളങ്ങിയിട്ടുണ്ട്. ഈ ഒരു സീസണിലെ മോശം പ്രകടനംകൊണ്ട് മാത്രം മുംബൈ പൊള്ളാര്‍ഡിനെ തീര്‍ത്തും ഒഴിവാക്കിയേക്കില്ല. ബ്രെവിസിനെ പ്ലേയിങ് 11ലേക്ക് മടക്കിക്കൊണ്ടുവരാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.

ഗുജറാത്തിനെതിരായ മത്സരത്തില്‍ ജയത്തേക്കാളേറെ മുംബൈ ആരാധകരെ സന്തോഷിപ്പിച്ചത് രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ പ്രകടനമാണ്. പവര്‍പ്ലേയില്‍ 63 റണ്‍സാണ് അവര്‍ നേടിയത്. രോഹിത് ശര്‍മ മനോഹരമായി രണ്ട് സിക്‌സുകളാണ് നേടിയത്. മോശം ഫോമിലായിരുന്ന രോഹിത് ശക്തമായ തിരിച്ചുവരവ് തന്നെയാണ് ഈ പ്രകടനത്തിലൂടെ നടത്തിയത്. 28 പന്തില്‍ 43 റണ്‍സ് നേടിയ താരത്തിന് അര്‍ധ സെഞ്ച്വറി നഷ്ടമായെങ്കിലും രോഹിത്തിന്റെ ബാറ്റിങ്ങില്‍ ആരാധകര്‍ ഹാപ്പി.
'രോഹിത് ഇങ്ങനെ കളിച്ചാല്‍ ജീവിതം എത്ര മനോഹരം. രോഹിത് ഇതേ ഫോമില്‍ തുടര്‍ന്നാല്‍ ഇനിയും ഇത്തരം മനോഹര ഇന്നിങ്‌സുകള്‍ കാണാം. എത്ര അനായാസമായാണ് അവന്‍ ബാറ്റ് ചെയ്തത്. രോഹിത് ഇങ്ങനെ ബാറ്റ് ചെയ്യുന്നത് സന്തോഷം നല്‍കുന്നു. ഇത്തവണ ഇഷാന്‍ രോഹിത്തിന് മികച്ച പിന്തുണ നല്‍കി. 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. രണ്ടും പേരും മനോഹരമായി ബാറ്റ് ചെയ്തു'- ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications