
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മത്സരത്തിലൂടെ നാണക്കേടിന്റെ പട്ടികയില്‍ ഇടം പിടിച്ച് ഭുവനേശ്വര്‍ കുമാര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബൗളറായ ഭുവനേശ്വര്‍ ആദ്യ ഓവറില്‍ കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍മാരെന്ന നാണക്കേടിന്റെ പട്ടികയിലാണ് തലപ്പത്തേക്കെത്തിയത്. ഗുജറാത്തിനെതിരേ ആദ്യ ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഒമ്പത് പന്തുകളാണ് ഭുവിക്ക് എറിയേണ്ടി വന്നത്. ഇതോടെയാണ് ഈ നാണക്കേടിന്റെ പട്ടികയിലേക്ക് ഭുവി പേരു ചേര്‍ത്തത്.

ആദ്യ ഓവറിലെ ആദ്യ പന്ത് മാത്യു വേഡിന്റെ എഡ്ജില്‍ തട്ടി സെക്കന്റ് സ്ലിപ്പിലൂടെ ബൗണ്ടറി. രണ്ടാം പന്ത് ലെഗ് സൈഡില്‍ വൈഡായപ്പോള്‍ കീപ്പര്‍ നിക്കോളാസ് പുരാന് കൈയിലൊതുക്കാനായില്ല. പന്ത് ബൗണ്ടറിയും പോയി. ആദ്യ പന്തില്‍ത്തന്നെ ഒമ്പത് റണ്‍സുകളാണ് ഗുജറാത്തിന് ലഭിച്ചത്. രണ്ടാം പന്തില്‍ സിംഗിള്‍ നേടിയപ്പോള്‍ മൂന്നാം പന്ത് വൈഡ്. നാലാം പന്തില്‍ ഒരു റണ്‍സ്. അഞ്ചാം പന്തില്‍ വേഡ് ക്രീസില്‍ നില്‍ക്കെ വീണ്ടും വൈഡും ബൗണ്ടറിയും. അഞ്ചാം പന്തും ആറാം പന്തും ഡോട്ട്‌ബോളാക്കാന്‍ ഭുവനേശ്വറിന് സാധിച്ചെങ്കിലും ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ 9 പന്തുകളാണ് അദ്ദേഹത്തിന് എറിയേണ്ടി വന്നത്. 17 റണ്‍സുകളാണ് ഈ ഒറ്റ ഓവറില്‍ പിറന്നത്.

ആദ്യമായി ഈ നാണക്കേട് നേരിട്ടത് മലയാളി പേസര്‍ എസ് ശ്രീശാന്താണ്. 2008ലാണ് ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ ശ്രീശാന്തിന് 9 പന്തുകള്‍ എറിയേണ്ടി വന്നത്. 2009ല്‍ ഡിര്‍ക്ക് നാനീസിനും ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ 9 പന്തുകള്‍ എറിയേണ്ടി വന്നു. 2011ല്‍ ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ സഹീര്‍ ഖാനും ഇതേ നാണക്കേട് നേരിടേണ്ടി വന്നു. 2012 സീസണില്‍ നുവാന്‍ കുലശേഖരക്കാണ് ഈ നാണക്കേട് പേറേണ്ടി വന്നത്. 2013ല്‍ ഓസീസ് സൂപ്പര്‍ പേസര്‍ ഷോണ്‍ ടെയ്റ്റിനും ഓവര്‍ പൂര്‍ത്തിയാക്കാന്‍ 9 പന്തുകള്‍ എറിയേണ്ടി വന്നു.

2014ല്‍ മറ്റൊരു ഇന്ത്യന്‍ പേസറായ മുഹമ്മദ് ഷമിക്കും ഈ നാണക്കേടില്‍ തലവെച്ചുകൊടുക്കേണ്ടി വന്നു. 2016ല്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലിനും ഇതേ നാണക്കേട് വഴങ്ങേണ്ടി വന്നപ്പോള്‍ 2019ല്‍ പ്രസിദ്ധ് കൃഷ്ണയുടെ ഊഴമായിരുന്നു. ഈ സീസണില്‍ ഇതേ രണ്ടാമത്തെ താരമാണ് ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ ഒമ്പത് പന്തുകള്‍ എറിഞ്ഞത്. ആദ്യം കെകെആറിന്റെ പേസര്‍ ഉമേഷ് യാദവും ഈ നാണക്കേടിന്റെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. പിന്നാലെയാണ് ഭുവിയും എത്തിയത്.

ടി20 ഫോര്‍മാറ്റില്‍ മത്സരഫലത്തെത്തന്നെ മാറ്റിമറിക്കുന്നതാണ് ഇത്തരം ഓവറുകള്‍. ഭുവിയുടെ ഓവറില്‍ത്തന്നെ അനാവശ്യമായി എക്‌സ്ട്രാസായി വിട്ടുകൊടുത്തത് 11 റണ്‍സാണ്. ബൗളറുടെ പിഴവുകൊണ്ട് മാത്രം എതിരാളികള്‍ക്ക് വെറുതെ ലഭിക്കുന്ന റണ്‍സാണിതെന്ന് ഓര്‍ക്കണം. എന്തായാലും സീനിയര്‍ താരമെന്ന നിലയില്‍ ഭുവിയില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്ത പിഴവാണിതെന്ന് പറയാം.