Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 20 ലക്ഷം അടിസ്ഥാന വില, എന്നാല്‍ കോടികള്‍ വാരും, ഇന്ത്യയുടെ മൂന്ന് യുവ പേസര്‍മാര്‍ ഇതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. വാശിയേറിയ ലേലപോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റിലുണ്ടെന്നതിനാല്‍ പോരാട്ടം കൂടുതല്‍ ആവേശകരമാവും. 590 താരങ്ങളാണ് മെഗാ ലേലത്തില്‍ പങ്കെടുക്കുക. ഇതില്‍ 228 താരങ്ങള്‍ ദേശീയ ടീമില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ 355 താരങ്ങള്‍ ഇനിയും ദേശീയ ടീമില്‍ അരങ്ങേറാത്തവരാണ്. ഏഴ് താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഏകദേശം 200നോടടുത്ത് താരങ്ങളെ മാത്രമാണ് മെഗാ ലേലത്തില്‍ ആകെ ടീമുകള്‍ വാങ്ങുക. അതുകൊണ്ട് തന്നെ പകുതിയിലധികം താരങ്ങള്‍ അണ്‍സോള്‍ഡാവാനാണ് സാധ്യത. ഇത്തവണ നിരവധി യുവതാരങ്ങള്‍ മികച്ച പ്രതിഫലം ലേലത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന നിരവധി താരങ്ങള്‍ ഇത്തവണ മെഗാ ലേലത്തിലേക്കെത്തിയിട്ടുണ്ട്. ഇതില്‍ പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനാണ് സാധ്യത. ഒട്ടുമിക്ക ടീമിനും മികച്ച പേസര്‍മാരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പേസര്‍മാര്‍ക്ക് വലിയ ഡിമാന്റ് ഇത്തവണയുണ്ട്.

1

20 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ ഇത്തവണ ചില ഇന്ത്യന്‍ പേസര്‍മാര്‍ മെഗാ ലേലത്തിലേക്കെത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയ ഇവര്‍ ടീമുകളുടെ നോട്ടപ്പുള്ളികള്‍ തന്നെയാണ്. ഇത്തവണ 20 ലക്ഷം അടിസ്ഥാന വിലയിലെത്തി കോടികള്‍ വാങ്ങാന്‍ സാധ്യതയുള്ള ഇന്ത്യയുടെ മൂന്ന് അണ്‍ക്യാപഡ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ചാമാ മിലിന്ദ്

ചാമാ മിലിന്ദ്

ഇടം കൈയന്‍ പേസര്‍മാരില്‍ ഞെട്ടിക്കാന്‍ കെല്‍പ്പുള്ള യുവ താരമാണ് ചാമാ മിലിന്ദ്. 2021-22 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു അദ്ദേഹം. ഏഴ് മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 8.41 ആണ് ഇക്കോണമി റേറ്റ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നെറ്റ്‌സ് ബൗളറായി ഇതിനോടകം പ്രവര്‍ത്തിച്ചിട്ടുള്ള താരം ഏവരുടെയും നോട്ടപ്പുള്ളിയായിക്കഴിഞ്ഞു. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എട്ട് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 16 റണ്‍സ് വിട്ടുകൊടുത്താണ് താരം രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ആറ് വിക്കറ്റ് പ്രകടനം നടത്താനും അദ്ദേഹത്തിനായി. ഇത്തവണ 20 ലക്ഷം രൂപയ്ക്കാണ് എത്തുന്നതെങ്കിലും വലിയ പ്രതിഫലം നേടാന്‍ സാധ്യതയുണ്ട്.

യാഷ് ഠാക്കൂര്‍

യാഷ് ഠാക്കൂര്‍

വിദര്‍ഭയുടെ മീഡിയം പേസര്‍ യാഷ് ഠാക്കൂറും ഇത്തവണ ശ്രദ്ധേയ നേട്ടം സ്വന്തമാക്കാന്‍ സാധ്യതയുള്ള ബൗളറാണ്, 23 കാരനായ വലം കൈയന്‍ താരം ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഒരു നാല് വിക്കറ്റ് പ്രകടനവുമുണ്ട്. സയ്യിദ് മുഷതാഖ് അലി ട്രോഫിയിലും മോശമില്ലാത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി. ഏഴ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് അദ്ദേഹം നേടിയത്. അതും 5.95 എന്ന മികച്ച ഇക്കോണമിയില്‍. ഇതുവരെ 27 ടി20യില്‍ നിന്ന് 40 വിക്കറ്റ് അദ്ദേഹം നേടിയിട്ടുണ്ട്.

ചീപ്പുരപ്പള്ളി സ്റ്റീഫന്‍

ചീപ്പുരപ്പള്ളി സ്റ്റീഫന്‍

ആന്ധ്രാ പ്രദേശിന്റെ ഇടം കൈയന്‍ പേസറാണ് ചീപ്പുരപ്പള്ളി സ്റ്റീഫന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സ്റ്റീഫനായിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് താരം നേടിയത്. അതും 6.5 എന്ന ഗംഭീര ഇക്കോണമിയില്‍. ഹിമാചല്‍ പ്രദേശിനെതിരേ 11 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2013ല്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ച താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നെറ്റ് ബൗളറെന്ന നിലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. 27 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 92 വിക്കറ്റ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 35 ടി20കളില്‍ നിന്ന് 56 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇത്തവണ വലിയ നേട്ടം കൊയ്യാന്‍ സാധ്യതയുള്ള പേസര്‍മാരിലൊരാളാണ് സ്റ്റീഫന്‍.

Story first published: Saturday, February 5, 2022, 11:34 [IST]
Other articles published on Feb 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+