IPL 2021: ധോണി x കോലി, ഇതാണ് സീസണിലെ ഏറ്റവും വലിയ പോര്! കാരണങ്ങളറിയാം
ഐപിഎല്ലിന്റെ 14ാം സീസണ്‍ മൂന്നാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. സീസണിലെ ഏറ്റവും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന മല്‍സരം ഞായറാഴ്ച നടക്കാനിരിക്കുകയാണ്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള അങ്കം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
കന്നിക്കിരീടത്തിനു വേണ്ടിയുള്ള 13 വര്‍ഷത്തെ കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കുമെന്ന സൂചന നല്‍കിയാണ് ആര്‍സിബിയുടെ കുതിപ്പ്. സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമും കോലിപ്പടയാണ്. മറുഭാഗത്ത് കഴിഞ്ഞ സീസണിലെ നാണംകെട്ട പുറത്താവലിനു ശേഷം സിഎസ്‌കെയുടെ ശക്തമായ തിരിച്ചുവരവാണ് ഇത്തവണ കാണുന്നത്. സീസണിലെ ഏറ്റവും വലിയ പോരാട്ടമെന്നു ഞായറാഴ്ചത്തെ സിഎസ്‌കെ -ആര്‍സിബി മല്‍സരത്തെ വിശേഷിപ്പിക്കാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

ഒന്നും രണ്ടും സ്ഥാനക്കാര്‍
പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീമുകളാണ് ആര്‍സിബിയും സിഎസ്‌കെയും. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച് എട്ടു പോയിന്റോടെ ആര്‍സിബി തലപ്പത്തു നില്‍ക്കുമ്പോള്‍ നാലു കളുകളില്‍ നിന്നും മൂന്നു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റോടെ സിഎസ്‌കെ തൊട്ടുതാഴെയുണ്ട്.
സീസണിലെ നാലു മല്‍സരങ്ങളിലും ജയിച്ച ഒരേയൊരു ടീമാണ് ആര്‍സിബിയെങ്കില്‍ ആദ്യ കളിയിലെ പരാജയത്തിനു ശേഷം ഹാട്രിക് വിജയവുമായി മുന്നേറുകയാണ് സിഎസ്‌കെ.
മുംബൈ, എസ്ആര്‍എച്ച്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങി നിലവിലെ ചാംപ്യന്മാരടക്കം ആര്‍സിബി തോല്‍പ്പിച്ചവരെല്ലാം ഒരു തവണയെങ്കിലും ജേതാക്കളായവരാണ്. സിഎസ്‌കെയാവട്ടെ ഡിസിയോടു തോറ്റ ശേഷം തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത എന്നിവരെ തകര്‍ത്തുവിട്ടിരുന്നു.

ധോണി x കോലി
രണ്ടു മികച്ച ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള മാറ്റുരയ്ക്കലാണ് സിഎസ്‌കെ- ആര്‍സിബി മല്‍സരം. ദേശീയ ടീമില്‍ ധോണിയുടെ പിന്‍ഗാമിയായി വന്ന് മികച്ച നേട്ടങ്ങളിലേക്കു ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റനാണ് കോലി. തന്റെ വഴികാട്ടി കൂടിയായ ധോണിക്കെതിരേ കോലിയുടെ തന്ത്രങ്ങള്‍ വിജയിക്കുമോയെന്നതും മല്‍സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ക്യാപ്റ്റനാണ് ധോണി. മൂന്നു തവണ ടീമിനെ ജേതാക്കളാക്കിയ അദ്ദേഹം കഴിഞ്ഞ സീസണിലൊഴികെ പങ്കെടുത്ത എല്ലാ സീസണുകളിലും സിഎസ്‌കെയെ പ്ലേഓഫിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
കോലി ആദ്യ സീസണ്‍ മുതല്‍ ആര്‍സിബിയുടെ ഭാഗമാണെങ്കിലും ക്യാപ്റ്റനായത് 2013ലായിരുന്നു. കഴിഞ്ഞ എട്ടു സീസണുകളായി ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഒരു കിരീടം പോലും കോലിക്കു അവകാശപ്പെടാനില്ല.
ബാറ്റിങില്‍ കോലി ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കില്‍ ധോണി പഴയ ടച്ച് നഷ്ടപ്പെട്ട് റണ്ണെടുക്കാന്‍ പാടുപെടുകയാണ്. ആര്‍സിബിക്കെതിരേ പഴയ ധോണിയുടെ മടങ്ങിവരവുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഫിനിഷര്‍മാരുടെ പോരാട്ടം
മികച്ച ഫിനിഷര്‍മാരുടെ സാന്നിധ്യം രണ്ടു ടീമുകളിലുമുണ്ട്. ഇവരില്‍ ആര്‍ക്കാണ് തങ്ങളുടെ ടീമിനെ വിജയത്തിലേക്കു ഫിനിഷ് ചെയ്യിക്കാന്‍ സാധിക്കുകയെന്നതും അറിയേണ്ട കാര്യമാണ്. ആര്‍സിബി ടീമില്‍ എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങിയ രണ്ടു ലോകോത്തര താരങ്ങളുണ്ടെങ്കില്‍ സിഎസ്‌കെയില്‍ സുരേഷ് റെയ്‌നയും ധോണിയുമുണ്ട്.
എബിഡിയും മാക്‌സിയും മികച്ച പ്രകടനമാണ് സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിഎസ്‌കെയിലാവട്ടെ റെയ്‌ന, ധോണി എന്നിവരെക്കൂടാതെ ഫഫ് ഡുപ്ലെസി, മോയിന്‍ അലി തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാരുമുണ്ട്. രണ്ടു ടീമിന്റെയും ബാറ്റിങ് നിര നീളമേറിയതാണ്. കൂടാതെ മികച്ച ബൗളിങ് നിരയും രണ്ടു ടീമുകള്‍ക്കുമുണ്ട്.

സിഎസ്‌കെയുടെ ആധിപത്യം
ഐപിഎല്‍ ചരിത്രമെടുത്താല്‍ കണക്കുകളില്‍ ആര്‍സിബിക്കു മേല്‍ സിഎസ്‌കെയ്ക്കു വ്യക്തമായ ആധിപത്യമുള്ളതായി കാണാന്‍ കഴിയും. 26 മല്‍സരങ്ങളില്‍ ഇതിനകം ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇവയില്‍ 16ലും ജയം സിഎസ്‌കെയ്ക്കായിരുന്നു. 10 കളികളിലാണ് ആര്‍സിബിക്കു ജയിക്കാനായത്. സിഎസ്‌കെയ്‌ക്കെതിരേയുള്ള തങ്ങളുടെ മോശം റെക്കോര്‍ഡ് ഇത്തവണ മെച്ചപ്പെടുത്താമെന്ന ശുഭപ്രതീക്ഷയിലാവും ആര്‍സിബി.

മികച്ച യുവതാരങ്ങള്‍
മികച്ച യുവതാരങ്ങള്‍ തമ്മിവുള്ള ഏറ്റുമുട്ടലിനും സിഎസ്‌കെ- ആര്‍സിബി മല്‍സരം വേദിയാവും. ആര്‍സിബിയുടെ മറുനാടന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ താരം സെഞ്ച്വറിയുമായി മിന്നിയിരുന്നു. സെഞ്ച്വറിയടിക്കുന്ന ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത നാലാമത്തെ താരമായും ഇതോടെ ദേവ്ദത്ത് മാറിയിരുന്നു.
മറുഭാഗത്ത് സിഎസ്എകെ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. ആദ്യ മൂന്നു കളികളിലെ മോശം പ്രകടനത്തിനു ശേഷം കെകെആറിനെതിരേയുള്ള കഴിഞ്ഞ മല്‍സരത്തില്‍ താരം തകര്‍പ്പന്‍ ഫിഫ്റ്റി നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications