IPL 2021: കോലി ഇനി ധവാനോടൊപ്പം, സിഎസ്‌കെയ്‌ക്കെതിരേ മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡും!
ഐപിഎല്ലിന്റെ രണ്ടാംപാദത്തിലെ ആദ്യത്തെ ഫിഫ്റ്റി കുറിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു അദ്ദേഹത്തിന്റേത്. തൊട്ടു മുമ്പത്തെ (200ാമത് മല്‍സരം) കളിയിലെ നാഴികക്കല്ല് മികച്ച ഇന്നിങ്‌സോടെ ആഘോഷിക്കാനാവാതെ പോയതിന്റെ ക്ഷീണം കോലി സിഎസ്‌കെയ്‌ക്കെതിരേ തീര്‍ക്കുകയായിരുന്നു. അന്നു നാലു റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിനു നേടാനായത്. സിഎസ്‌കെയ്‌ക്കെതിരേ 41 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു കോലി 53 റണ്‍സ് നേടിയത്. ഇതോടെ ചില നാഴികക്കല്ലുകളും ആര്‍സിബി ക്യാപ്റ്റന്‍ പിന്നിട്ടു.

കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍
ഐപിഎല്ലില്‍ ഒരു ടീമിനെതിരേ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് കോലി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഒമ്പതാം തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് നേടിയത്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കോലി എട്ടു തവണ ഫിഫ്റ്റി പ്ലസ് നേടിയിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ വീണ്ടുമൊരു ഫിഫ്റ്റിയടിച്ചതോടെ അദ്ദേഹം ചരിത്രം കുറിക്കുകയായിരുന്നു
കോലിയെക്കൂടാതെ ഈ ലിസ്റ്റിലെ മറ്റുള്ളവരില്‍ മുന്നിട്ടുനില്‍ക്കുന്നത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌നയുമാണ്. ധവാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയും പഞ്ചാബ് കിങ്‌സിനെതിരേയും എട്ടു തവണ വീതം ഫിഫ്റ്റി പ്ലസ് സ്‌കോറടിച്ചിട്ടുണ്ട്. റെയ്‌നയാവട്ടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ എട്ടു തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിക്കഴിഞ്ഞു.

ധവാനോടൊപ്പം രണ്ടാമന്‍
ഐപിഎല്ലില്‍ കൂടുതല്‍ തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിനൊപ്പവും വിരാട് കോലി എത്തിയിരിക്കുകയാണ്. കരിയറില്‍ അദ്ദേഹത്തിന്റെ 46ാത് ഫിഫ്റ്റി പ്ലസ് സ്‌കോറായിരുന്നു ഇത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനോടൊപ്പവും കോലി ഇതോടെ എത്തുകയും ചെയ്തു. ധവാനും 46 തവണയാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തത്. ഓള്‍ടൈം റെക്കോര്‍ഡ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ പേരിലാണ്. 54 തവണയാണ് അദ്ദേഹം ഈ നേട്ടം കുറിച്ചത്. കോലി, ധവാന്‍ എന്നിവര്‍ക്കു പിന്നിലായി നാലും അഞ്ചും സ്ഥാനങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് (43 തവണ), മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ (41 തവണ) എന്നിവരാണ്.
ഇവ രണ്ടും കൊണ്ടും തീരുന്നില്ല. ഐപിഎല്ലില്‍ 2019 ഏപ്രില്‍ 13നു ശേഷം പവര്‍പ്ലേയില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ പിറന്നത്. 21 ബോളില്‍ 33 റണ്‍സാണ് പവര്‍പ്ലേയില്‍ അദ്ദേഹം നേടിയത്. മാത്രമല്ല പവര്‍പ്ലേയില്‍ കോലിയുടെ ഏറ്റവുമുയര്‍ന്ന നാലാമത്തെ സ്‌കോര്‍ കൂടിയായിരുന്നു ഈ മല്‍സത്തില്‍ കണ്ടത്.

സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ്
ടൂര്‍ണമെന്റില്‍ കോലി ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ളത് സിഎസ്‌കെയ്‌ക്കെതിരേയാണ്. 28 മല്‍സരങ്ങളിലെ 27 ഇന്നിങ്‌സുകളില്‍ നിന്നായി 41.22 ശരാശശരിയില്‍ 127.13 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം വാരിക്കൂട്ടിയത് 948 റണ്‍സാണ്. പുറത്താവാതെ നേടിയ 90 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ മല്‍സത്തിലെ ഫിഫ്റ്റിയോടെയാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. 24 മല്‍സരങ്ങളില്‍ നിന്നും 56.81 ശരാശരിയില്‍ 909 റണ്‍സ് ഡിസിക്കെതിരേ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (735 റണ്‍സ്), പഞ്ചാബ് കിങ്‌സ് (716 റണ്‍സ്), മുംബൈ ഇന്ത്യന്‍സ് (670 റണ്‍സ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (564 റണ്‍സ്), രാജസ്ഥാന്‍ റോയല്‍സ് (554 റണ്‍സ്) എന്നിങ്ങനെയാണ് മറ്റു ടീമുകള്‍ക്കെതിരേ കോലിയുടെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications