IPL 2021: നിങ്ങള്‍ അതു മറന്നേക്കൂ, ഫോം വീണ്ടെടുക്കാന്‍ സൂര്യക്കും ഇഷാനും വഴി ഉപദേശിച്ച് ലാറ

ഐപിഎല്ലില്‍ മോശം ഫോമില്‍ തുടരുന്ന മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും വഴി ഉപദേശിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. ദയനീയ പ്രകടനമാണ് ഇരുവരും ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളില്‍ കാഴ്ചവച്ചത്. മുംബൈ ഇത്തവണ തപ്പിത്തടയാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്. കഴിഞ്ഞ സീസണില്‍ മുംബൈയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരായിരുന്നു സൂര്യയും ഇഷാനും.
ഓപ്പണിങുള്‍പ്പെടെ വ്യത്യസ്ത പൊസിഷനുകളില്‍ ഇറങ്ങി തകര്‍പ്പന്‍ ബാറ്റിങായിരുന്നു ഇഷാന്‍ നടത്തിയത്. സൂര്യയാവട്ടെ മുംബൈ നിരയിലെ ഏറ്റവും വിശ്വസ്തനായിരുന്നു. നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലൂടെ താരം ടീമിന്റെ ഹീറോയായിരുന്നു. ഇത്തവണ ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇത്തവണ പ്ലേഓഫില്‍ എത്തുമോയെന്ന കാര്യം പോലും ഇപ്പോള്‍ സംശയത്തിലാണ്. 11 മല്‍സരങ്ങളില്‍ 10 പോയിന്റോടെ അഞ്ചാംസ്ഥാനത്താണ് മുംബൈ. പ്ലേഓഫിലെത്താന്‍ ശേഷിച്ച മൂന്നു മല്‍സങ്ങളിലും മുംബൈയ്ക്കു ജയിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഓര്‍മിക്കുന്നു
അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗം കൂടിയാണ് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും. രണ്ടു പേരുടെയും കന്നി ലോകകപ്പ് കൂടിയാണിത്. ഇതു തന്നെയാണ് ഐപിഎല്ലില്‍ രണ്ടു പേരുടെയും പ്രകടനത്തെ ബാധിക്കുന്നതെന്നാണ് ലാറയുടെ അഭിപ്രായം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യകുമാറും ഇഷാനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോഴും ഇന്ത്യന്‍ ടീമിനെക്കുറിച്ചാണ് ഓര്‍മിക്കുന്നത്. ഇത് ഇപ്പോള്‍ അതു പ്രധാനമുള്ള കാര്യവുമല്ല. നിങ്ങള്‍ ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ അവരെക്കുറിച്ച് മാത്രമായിരിക്കണം ഇപ്പോള്‍ ആലോചിക്കേണ്ടത്. സൂര്യകുമാര്‍, ഇഷാന്‍ എന്നിവരേക്കാള്‍ ആവേശത്തോടെയും ആര്‍ത്തിയോടെയും കളിക്കുന്നത് സൗരഭ് തിവാരിയാണ്. സൂര്യയും ഇഷാനും കുറച്ചുകൂടി പ്രൊഫഷണലായി മാറണം. മുംബൈ ടീമിനെ ഐപിഎല്ലില്‍ ജേതാക്കളാവാന്‍ സഹായിക്കുകയാണ് രണ്ടു പേരും ചെയ്യേണ്ടതെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനെക്കുറിച്ച് മറന്നേക്കൂ
വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെക്കുറിച്ച് ഇപ്പോള്‍ തല്‍ക്കാലത്തേക്കു മറക്കുകയാണ് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചെയ്യേണ്ടതെന്നു ലാറ അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ഇന്ത്യയെക്കുറിച്ചോ ലോകകപ്പിനെക്കുറിച്ചോയൊന്നും നിങ്ങള്‍ ആലോചിക്കേണ്ടതില്ല. നിങ്ങളുടെ ഇപ്പോഴത്തെ ജോലി മുംബൈ ടൂര്‍ണമെന്റിന്റെ പ്ലേഓഫിലെത്തിക്കുകയെന്നതും ജേതാക്കളാക്കുകയെന്നതുമാണെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

സൂര്യയുടെയും ഇഷാന്റെയും പ്രകടനം
ഈ സീസണില്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ഐപിഎല്‍ പ്രകടനത്തിലേക്കു വരികയാണെങ്കില്‍ ഒരേയൊരു ഫിഫ്റ്റിയാണ് സൂര്യക്കു നേടാനായത്. ഇഷാനാവട്ടെ ഒരു ഫിഫ്റ്റി പോലും ഇത്തവണ നേടിയിട്ടില്ല. 11 മല്‍സരങ്ങളില്‍ നിന്നും 17.18 ശരാശരിയില്‍ 128.57 സ്‌ട്രൈക്ക് റേറ്റോടെ വെറും 189 റണ്‍സാണ് സൂര്യക്കു ഇത്തവണ നേടാനായത്. 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇഷാനാവട്ടെ സീസണിലെ എട്ടു മല്‍സരങ്ങളിലാണ് കളിച്ചത്. 13.37 ശരാശരിയില്‍ 86.99 എന്ന മോശം സ്‌ട്രൈക്ക് റേറ്റോടെ 107 റണ്‍സ് മാത്രമേ എടുത്തിട്ടുള്ളൂ. 28 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ സീസണിലേക്കു വന്നാല്‍ മുംബൈയുടെ ടോപ്‌സ്‌കേററായിരുന്നു ഇഷാന്‍. 14 മല്‍സരങ്ങളില്‍ നിന്നും 57.33 ശരാശരിയില്‍ 145.76 സ്‌ട്രൈക്ക് റേറ്റോടെ 516 റണ്‍സ് വാരിക്കൂട്ടിയിരുന്നു. നാലു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 99 റണ്‍സായിരുന്നു. സൂര്യയുടെ കാര്യമെടുത്താല്‍ 16 മല്‍സരങ്ങളില്‍ നിന്നും 40 ശരാശരിയില്‍ 480 റണ്‍സായിരുന്നു നേടിയത്. മുംബൈയുടെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം മൂന്നാമതുമുണ്ടായിരുന്നു. നാലു ഫിഫ്റ്റികള്‍ കുറിച്ച സൂര്യയുടെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 79 റണ്‍സായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications