IPL 2021: വെങ്കടേഷ് അയ്യര്‍ അടുത്ത യുവരാജ്! പാര്‍ഥിവിന്റെ പ്രശംസ, സൂപ്പറെന്നു സ്വാനും

ഐപിഎല്ലില്‍ വെറും രണ്ട് ഇന്നിങ്‌സുകള്‍ കൊണ്ടു തന്നെ എല്ലാവരുടെയും മനം കവര്‍ന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനും മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യര്‍. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അയ്യര്‍ ഫിഫ്റ്റിയുമായി കസറിയിരുന്നു. 30 ബോളില്‍ 53 റണ്‍സായിരുന്നു താരം നേടിയത്. ഐപിഎല്ലില്‍ അയ്യരുടെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ തൊട്ടുമുമ്പത്തെ അരങ്ങേറ്റ മല്‍സരത്തില്‍ പുറത്താവാതെ 41 റണ്‍സും അയ്യര്‍ നേടിയിരുന്നു.
മുംബൈയ്‌ക്കെതിരായ ഇന്നിങ്‌സോടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് ആറടിയിലേറെ പൊക്കമുള്ള ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനോടാണ് അയ്യരെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍ താരതമ്യം ചെയ്തത്. ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാനും അയ്യരെ പ്രശംസിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

പക്വതയുള്ള പ്രകടനം
വെങ്കടേഷ് അയ്യര്‍ നേടിയ ബൗണ്ടറികളെയും സിക്‌സറുകളെയും കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം കാണിച്ച പക്വത ഗംഭീരമായിരുന്നു. ഇന്ത്യന്‍ എ ടീമിനു വേണ്ടി പോലും കളിച്ചില്ലാത്ത താരത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത താരമാണ് വെങ്കടേഷ് അയ്യര്‍.
സ്വന്തം കഴിവില്‍ ഉറച്ച വിശ്വാസമാണ് അയ്യര്‍ക്കുള്ളതെന്ന് കഴിഞ്ഞ രണ്ടു ഇന്നിങ്‌സുകളും കാണിച്ചുതരുന്നു. അദ്ദേഹം ഒരുപാട് പക്വതയും കാണിച്ചു. ഐപിഎല്ലില്‍ യുവതാരങ്ങളില്‍ നമ്മള്‍ എല്ലായ്‌പ്പോഴും നോക്കുന്ന കാര്യമാണിത്. ക്രീസിലെത്തി ശേഷം ഒട്ടും ഭയമില്ലാതെയാണ് അയ്യര്‍ ബാറ്റ് ചെയ്തതെന്നും പാര്‍ഥീവ് നിരീക്ഷിച്ചു.

യുവരാജ് സിങിനെപ്പോലെ
വെങ്കടേഷ് അയ്യരെക്കുറിച്ചുള്ള ഏറ്റവും മികച്ച കാര്യം അദ്ദേഹത്തിന് ഓപ്പണ്‍ ചെയ്യാന്‍ മാത്രമല്ല ഒന്ന് മുതല്‍ ഒമ്പതു വരെ ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാനുള്ള കഴിവുണ്ടെന്നതാണ്. കൂടാതെ ബൗള്‍ ചെയ്യാനും കഴിയും. അതുകൊണ്ടു തന്നെ മികച്ചൊരു ഭാവി അയ്യര്‍ക്കുണ്ട്. യുവരാജ് സിങുമായി ഒരുപാട് സാമ്യതകള്‍ അദ്ദേഹത്തിനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. യുവിയുടെ ബാറ്റിങിലുണ്ടായിരുന്ന അതേ ഒഴുക്ക് വെങ്കടേഷ് അയ്യരിലും നമുക്ക് കാണാന്‍ കഴിയുമെന്നും പാര്‍ഥീവ് വിലയിരുത്തി.

മാന്‍ ഓഫ് ദി മാച്ച് ആവേണ്ടതായിരുന്നു
മുംബൈയ്‌ക്കെതിരേ കൊല്‍ക്കത്ത ഏഴു വിക്കറ്റിന്റെ അനായാസ വിജയം കൊയ്ത കഴിഞ്ഞ മല്‍സരത്തില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നായിരുന്നു മാന്‍ ഓഫ് ദി മാച്ചായത്. നാലോവറില്‍ 20 റണ്‍സിന് താരം ഒരു വിക്കറ്റെടുത്തിരുന്നു. യഥാര്‍ഥത്തില്‍ വെങ്കടേഷ് അയ്യര്‍ക്കായിരുന്നു മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നതെന്നു ഗ്രേയം സ്വാന്‍ അഭിപ്രായപ്പെട്ടു.
വെങ്കടേഷ് അയ്യരുടെ ബാറ്റിങിന് ഒരു സ്റ്റൈലുണ്ടായിരുന്നു. വളരെ കൂളായാണ് താരം കളിച്ചത്. ഒരുപാട് വികാരങ്ങളൊന്നും പ്രകടിപ്പിച്ചില്ല. ബോള്‍ട്ട്, മില്‍നെ എന്നിവര്‍ക്കെതിരായ ആദ്യ ബോളില്‍ തന്നെ അയ്യര്‍ സിക്‌സറടിച്ചു. സ്പിന്നര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഹെല്‍മറ്റൂരിയാണ് അദ്ദേഹം നേരിട്ടത്. മുടി പിറകിലേക്ക് ഒതുക്കിയിട്ട് അയ്യര്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ രസമായിരുന്നു. പ്രതിഭയുള്ള സ്റ്റൈലിഷ് താരമാണ് അവന്‍. ക്രിക്കറ്റിനെ അവന്‍ സമീപിക്കുന്ന രീതി എനിക്ക് ഇഷ്ടമായി. എന്റെ മാന്‍ ഓഫ് ദി മാച്ച് വെങ്കടേഷ് അയ്യരാണെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഎഇയിലെ രണ്ടാംപാദത്തില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണ് മുംബൈ ഇന്ത്യന്‍സിനെതിരേ കെകെആര്‍ നേടിയത്. തൊട്ടുമുമ്പത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിനു അവര്‍ കെട്ടുകെട്ടിച്ചിരുന്നു. സീസണ്‍ പുനരാരംഭിക്കുമ്പോള്‍ ഏഴാമതായിരുന്ന കെകെആര്‍ ഇപ്പോള്‍ നാലാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. നേരത്തേ നാലാമതായിരുന്ന മുംബൈ ആറാംസ്ഥാനത്തേക്കു വീഴുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications