
ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു മുന്നോടിയായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം ദുബായിലെത്തി. ഡല്‍ഹിയില്‍ കുറച്ചു ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് ഡിസി താരങ്ങളും ഒഫീഷ്യല്‍സും ശനിയാഴ്ച രാവിലെ യുഎഇയിലേക്കു വിമാനം കയറിയത്. ഇനി ദുബായില്‍ ഡിസി സംഘം ഒരാഴ്ച ക്വാറന്റീനില്‍ കഴിയും. അതിനു ശേഷമായിരിക്കും പരിശീലനത്തിനു ഇറങ്ങുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഡിസി തങ്ങള്‍ യുഎഇയിലെത്തിയ വിവരം ആരാധകരുമായി പങ്കുവച്ചത്.
ഇന്ത്യയില്‍ നടന്ന ആദ്യഘട്ട മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു ഡിസിയെ നയിച്ചത്. സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തോളിനെ ശസ്ത്രക്രിയയെ തുടര്‍ന്നു പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത ശ്രേയസ് നടക്കാനിരിക്കുന്ന രണ്ടാംഘട്ട മല്‍സരങ്ങളില്‍ കളിക്കുമെന്നുറപ്പായിട്ടുണ്ട്. ശേഷിച്ച മല്‍സരങ്ങളിലും റിഷഭ് തന്നെ ടീമിനെ നയിക്കുമോ, ശ്രേയസിനെ ക്യാപ്റ്റന്‍ സ്ഥാനം തിരികെയേല്‍പ്പിക്കുമോയെന്നത് വ്യക്തമല്ല.

റിഷഭിനു കീഴില്‍ മികച്ച പ്രകടനമായിരുന്നു ഡിസിയുടേത്. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ടീം തലപ്പത്തുണ്ടടായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റായിരുന്നു ഡിസിയുടെ സമ്പാദ്യം. റിഷഭിനെ മാറ്റി ശ്രേയസിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചാല്‍ അതു ടീമിന്റെ ഇപ്പോഴത്തെ കുതിപ്പിനെ ബാധിക്കുമോയെന്ന ആശങ്ക ഡിസി മാനേജ്‌മെന്റിനുണ്ടാവും. ഈ വിഷയത്തെക്കുറിച്ച് ഒരു ഡിസി ഒഫീഷ്യലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ഫിറ്റ്‌നസ് കോച്ചിനൊപ്പം ശ്രേയസ് അയ്യര്‍ ഇതിനകം തന്നെ യുഎഇയിലുണ്ട്. ദേശീയ ടീമിനൊപ്പമുള്ള മല്‍സരങ്ങള്‍ക്കു ശേഷം ഇന്ത്യ, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങള്‍ ടീമിനൊപ്പം ചേരും. ക്യാപ്റ്റന്റെ കാര്യത്തില്‍ റിഷഭോ, ശ്രേയസോ എന്നതിനെക്കുറിച്ചു ഇനിയും തീരുമാനമെടുത്തിട്ടില്ല. ടീം മാനേജ്‌മെന്റ് ഇതേക്കുറിച്ച് ആലോചിച്ചു തീരുമാനിക്കും.
2020ലെ കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ മുഴുവന്‍ മല്‍സരങ്ങളും യുഎഇയിസാരുന്നു. അന്നു ശ്രേയസിനു കീഴില്‍ ഡിസി ഫൈനലില്‍ കളിക്കുകയും ചെയ്തിരുന്നു. ടീമിന്റെ ചരിത്രത്തിലെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. പക്ഷെ കപ്പിനരികെ ഡിസിക്കു കാലിടറുകയായിരുന്നു. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനോടു അഞ്ചു വിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡിസി ഏഴു വിക്കറ്റിനു 156 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ 18.4 ഓവറില്‍ അഞ്ചു വിക്കറ്റിനു മുംബൈ തങ്ങളുടെ അഞ്ചാം കിരീടത്തിലെത്തുകയായിരുന്നു. നായകന്റെ ഇന്നിങ്‌സ് കളിച്ച ഹിറ്റ്മാന്‍ ടീമിന്റെ ടോപ്‌സ്‌കോററായി. 51 ബോളില്‍ 68 റണ്‍സായിരുന്നു ഡിസി നേടിയത്.
ഡിസിയുടെ ശേഷിച്ച മല്‍സരങ്ങളുടെ ഷെഡ്യൂള്‍
സപ്തംബര്‍ 22: ഡല്‍ഹി ക്യാപ്പിറ്റല്‍സ് x സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (രാത്രി 7.30, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ദുബായ്)
സപ്തംബര്‍ 25: ഡല്‍ഹി ക്യാപ്പിറ്റല്‍സ് x രാജസ്ഥാന്‍ റോയല്‍സ് (രാത്രി 3.30, ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയം, അബുദാബി)
സപ്തംബര്‍ 28: ഡല്‍ഹി ക്യാപ്പിറ്റല്‍സ് x കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (വൈകീട്ട് 3.30, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാര്‍ജ)
ഒക്ടോബര്‍ 2: ഡല്‍ഹി ക്യാപ്പിറ്റല്‍സ് x മുംബൈ ഇന്ത്യന്‍സ് (വൈകീട്ട് 3.30, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാര്‍ജ)
ഒക്ടോബര്‍ 4: ഡല്‍ഹി ക്യാപ്പിറ്റല്‍സ് x ചെന്നൈ സൂപ്പര്‍ കിങ്‌സ് (രാത്രി 7.30, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ജദുബായ്)
ഒക്ടോബര്‍ 8: ഡല്‍ഹി ക്യാപ്പിറ്റല്‍സ് x റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (രാത്രി 7.30, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ദുബായ്)