
ഐപിഎല്‍ 2021 പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുന്നതോടെ അഞ്ച് താരങ്ങളുടെ വിരമിക്കലിനായുള്ള കാത്തിരിപ്പും നീണ്ടിരിക്കുകയാണ്. ഈ സീസണോടെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്ന അഞ്ച് താരങ്ങളെ സംബന്ധിച്ച് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിന്നത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന കാര്യമാണ്. ആ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹര്‍ഭജന്‍ സിങ്
ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇത്തവണത്തെ ഐപിഎല്ലിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ചിരുന്നതായാണ് വിവരം. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ ടീമുകളുടെ ഭാഗമായിരുന്ന ഹര്‍ഭജന്‍ 2021 സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്നു. 40കാരനായ അദ്ദേഹം 163 മത്സരത്തില്‍ നിന്ന് 7.07 ഇക്കോണമിയില്‍ 150 വിക്കറ്റാണ് വീഴ്ത്തിയത്.

ഡാനിയല്‍ ക്രിസ്റ്റ്യന്‍
ഓസീസ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ ക്രിസ്റ്റിയനും ഇത്തവണത്തെ ഐപിഎല്ലിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാനിരുന്ന താരമാണ്. 2021 സീസണില്‍ 4.8കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ക്രിസ്റ്റ്യനെ സ്വന്തമാക്കിയത്. എന്നാല്‍ താരം നിരാശപ്പെടുത്തി. മൂന്ന് മത്സരത്തില്‍ മൂന്ന് റണ്‍സ് നേടിയ താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഈ സീസണോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.

അമിത് മിശ്ര
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ അമിത് മിശ്രയും ഈ സീസണിലെ ഐപിഎല്ലിന് ശേഷം വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് സൂചന. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ മിശ്ര നാല് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് വീഴ്ത്തിയത്. 154 ഐപിഎല്ലില്‍ നിന്ന് 166 വിക്കറ്റാണ് അദ്ദേഹം നേടിയത്. 7.35 ആണ് ഇക്കോണമിഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റുള്ള രണ്ടാമത്തെ ബൗളറാണ് അദ്ദേഹം.

ഇമ്രാന്‍ താഹിര്‍
ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെയും അവസാന ഐപിഎല്‍ സീസണായി 2021ലേത് മാറുമായിരുന്നു. 42കാരനായ താരം 59 ഐപിഎല്ലില്‍ നിന്ന് 82 വിക്കറ്റാണ് നേടിയത്. ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെങ്കിലും പ്രായമാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന താഹിര്‍ 2021 സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു.

എംഎസ് ധോണി
2021 സീസണ്‍ തടസമില്ലാതെ പൂര്‍ത്തിയായിരുന്നെങ്കില്‍ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി നേരത്തെ വിരമിച്ചതാണ്. നിലവില്‍ കൃഷിയും മറ്റ് ബിസിനസുമായി ധോണി മുന്നോട്ട് പോവുകയാണ്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ഐപിഎല്‍ തടസമില്ലാതെ നടക്കുകയും സിഎസ്‌കെ കപ്പ്‌നേടുകയും ചെയ്തിരുന്നെങ്കില്‍ ധോണി കളിനിര്‍ത്താനുള്ള സാധ്യത കൂടുതലായിരുന്നു.


Click it and Unblock the Notifications











