
ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മിന്നല്‍വേഗതയിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയില്‍ അരങ്ങേറിയ ജമ്മു കാശ്മീരില്‍ നിന്നുള്ള താരം വമ്പന്‍ നേട്ടവും കുറിച്ചാണ് കൈയടി നേടിയിരിക്കുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും വേഗതയുള്ള പന്തെറിഞ്ഞ ഇന്ത്യന്‍ താരമായിരിക്കുകയാണ് 21 കാരനായ ഉമ്രാന്‍.
150.06 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് ഉമര്‍ ഇന്ത്യയുടെ ശുഐബ് അക്തറായി മാറിയിരിക്കുന്നത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും വേഗത കൊണ്ട് കന്നി മല്‍സരത്തില്‍ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നാലോവറില്‍ 27 റണ്‍സാണ് ഉമ്രാന്‍ വിട്ടുകൊടുത്തത്. കന്നി ഓവറിലായിരുന്നു ഉമ്രാന്റെ 150 കിമിയെന്ന മാന്ത്രിക സംഖ്യയിലെത്തിയ ബോള്‍ കണ്ടത്. നാലാം ഓവറിലാണ് താരത്തിനു എസ്ആര്‍എച്ച് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബോളേല്‍പ്പിക്കുന്നത്. ആദ്യ ബോളില്‍ ശുഭ്മാന്‍ ഗില്‍ ബൗണ്ടറിയടിച്ച് ഉമ്രാനെ ഐപിഎല്ലിലേക്കു വരവേല്‍ക്കുകയായിരുന്നു. 145 കിമിയായിരുന്നു ബോളിന്റെ വേഗത.
അടുത്ത ബോള്‍ 142 കിമി വേഗതയുള്ളതായിരുന്നു. പക്ഷെ മൂന്നാമത്തേത് 150.06 കിമിയിലേക്കു കയറിയതോടെ ഉമ്രാന്‍ ആള് നിസാരക്കാരനല്ലെന്നു വ്യക്തമായി. ഗില്ലായിരുന്നു ഈ ബോള്‍ നേരിട്ടത്. അദ്ദേഹം ഒരു റണ്‍സ് നേടുകയും ചെയ്തു. ശേഷിച്ച മൂന്നു ബോളുകളുടെ വേഗത 146.8 കിമി, 143.4 കിമി, 142 കിമി എന്നിങ്ങനെയായിരുന്നു. 10 റണ്‍സാണ് കന്നി ഓവറില്‍ ഉമ്രാന്‍ വിട്ടുകൊടുത്തത്.
നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജായിരുന്നു ഈ സീസണിലേ വേഗതയേറിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ തലപ്പത്ത്. ആദ്യ രണ്ടു സ്ഥാനങ്ങളും അദ്ദേഹത്തിനായിരുന്നു. 147.68 കിമി, 147.67 കിമി എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു ബോളുകളുടെയും വേഗത. ഇതാണ് ഉമ്രാന്‍ അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ഓവറില്‍ തന്നെ തിരുത്തിയത്.
2020നു ശേഷം ആദ്യമായിട്ടാണ് ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ 150ന്് മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്തത്. കൂടാതെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പത്താമത്തെ ബൗള്‍ കൂടിയാണ് ഉമ്രാന്റേത്. ഐപിഎല്ലില്‍ ഹൈദരാബാദിനു ഈ സീസണില്‍ കളിച്ച രണ്ടാമത്തെ ക്രിക്കറ്റ് താരം കൂടിയാണ് ഉമ്രാന്‍. ജമ്മുവില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ അബ്ദുള്‍ സമദ് എസ്ആര്‍എച്ച് ടീമിലെ സ്ഥിരാംഗം കൂടിയാണ്.