ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്റൈസഴ്സിന്റെ പതനത്തിനു പ്രധാന കാരണം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയുടെ അസാധാരണ പുറത്താവലായിരുന്നു. തകര്‍ത്തടിച്ച് ബെയര്‍സ്റ്റോ കുതിച്ചപ്പോള്‍ എസ്ആര്‍എച്ച് സീസണിലെ ആദ്യ വിജയം സ്വപ്നം കണ്ടിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത പുറത്താവല്‍ അവരുടെ താളം തെറ്റിച്ചു.
ഹിറ്റ് വിക്കറ്റായാണ് ബെയര്‍സ്റ്റോ ക്രീസ് വിട്ടത്. 22 ബോളില്‍ നാലു സിക്സറകളും മൂന്നു ബൗണ്ടറികളുമായി മുന്നേറിയ അദ്ദേഹം ക്രുനാല്‍ പാണ്ഡ്യയുടെ ഓവറിലായിരുന്നു നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായത്. സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ബെയര്‍സ്റ്റോയുടെ പിന്കാല് സ്റ്റംപില്‍ തട്ടുകയായിരുന്നു. അമ്പരപ്പോടെ അദ്ദേഹം ക്രീസ് വിട്ടപ്പോള്‍ ലക്കി വിക്കറ്റ് മുംബൈയെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു.
ഐപിഎല്ലില്‍ ഹിറ്റ് വിക്കറ്റായി പുറത്താവുന്ന നാലാമത്തെ മാത്രം വിദേശ താരമാണ് ബെയര്‍സ്റ്റോ. ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യം ഈ നാലു പേരില്‍ മൂന്നു പേരും സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങളാണ്. ബെയര്‍സ്റ്റോയെക്കൂടാതെ നായകന് ഡേവിഡ് വാര്‍ണര്‍, സ്പിന്‍ സെന്സേഷന് റാഷിദ് ഖാന് എന്നിവരും നേരത്തേ ഹിറ്റ് വിക്കറ്റായി മടങ്ങിയിട്ടുണ്ട്. ലിസ്റ്റിലെ മറ്റൊരാള്‍ പാകിസ്താന്റെ മുന്‍ നായകന് മിസ്ബാഹുല്‍ ഹഖാണ്. 2008ലെ പ്രഥമ സീസണില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു അദ്ദേഹം.
ടൂര്‍ണമെന്റില്‍ ഹിറ്റ് വിക്കറ്റിനു കാരണക്കാരനായ നാലാമത്തെ സ്പിന്നറാണ് ക്രുനാല്‍ പാണ്ഡ്യ. ഹര്ഭജന് സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് എലൈറ്റ് സ്പിന്നര്‍മാരുടെ ലിസ്റ്റിലെ മറ്റുള്ളവര്‍. ഭാജി സൗരഭ് തിവാരിയെയും (2012) അക്ഷര്‍ ഡേവിഡ് വാര്‍ണറിനെയും (2016) സുന്ദര്‍ ഷെല്‍ഡണ്‍ ജാക്സണിനെയും (2017) നേരത്തേ ഹിറ്റ് വിക്കറ്റാക്കിയിട്ടുണ്ട്.
കഴിഞ്ഞ പതിറ്റാണ്ടില്‍ ഹിറ്റ് വിക്കറ്റായി പുറത്തായിട്ടുള്ള ബാറ്റ്സ്മാന്മാര് രവീന്ദ്ര ജഡേജ (2012, ചെന്നൈ സൂപ്പര്‍ കിങ്സ്), സൗരഭ് തിവാരി (2012, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍), ഡേവിഡ് വാര്‍ണര്‍ (2016, സണ്‍റൈസേഴ്സ് ഹൈദരാബാദ്), യുവരാജ് സിങ് (2016, സണ്‍റൈസേഴ്സ് ഹൈദരാബാദ്), ഷെല്‍ഡണ്‍ ജാക്സണ് (2017, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്), റിയാന്‍ പരാഗ് (2019, രാജസ്ഥാന് റോയല്‍സ്), ഹാര്‍ദിക് പാണ്ഡ്യ (2020, മുംബൈ ഇന്ത്യന്‍സ്), ജോണി ബെയര്‍സ്റ്റോ (2021, സണ്‍റൈസേഴ്സ് ഹൈദരാബാദ്) എന്നിവരാണ്.
അതേസമയം, ബെയര്‍സ്റ്റോയുടെ പുറത്താവലില്‍ പതറിപ്പോയ എസ്ആര്‍എച്ചിനെ മുംബൈ 13 റണ്‍സിനു തകര്‍ത്തുവിട്ടു, ഈ സീസണില്‍ അവരുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തത്തില്‍ ആദ്യമായാണ് എസ്ആര്‍എച്ച് ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും തോല്‍ക്കുന്നത്.