ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ ആറു വിദേശ താരങ്ങള്‍ക്കു തുടക്കത്തിലെ ചില മല്‍സരങ്ങള്‍ നഷ്ടമാവുമെന്നുറപ്പായിരിക്കുകയാണ്. ഇവരില്‍ നാലു പേര് സൗത്താഫ്രിക്കന്‍ താരങ്ങളാണെങ്കില്‍ ശേഷിച്ച രണ്ടു പേര് ശ്രീലങ്കയില്‍ നിന്നുള്ളവരാണ്. സൗത്താഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയുള്ളതിനാലാണ് ഇവര്‍ക്കു ഐപിഎല്ലിലെ ചില മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുന്നത്.
ആറു താരങ്ങളില്‍ രാജസ്ഥാന് റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവവരുടെ രണ്ടു വീതം കളിക്കാരുണ്ട്. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്സ് എന്നിവരുടെ ഓരോ താരങ്ങളും വിട്ടുനില്‍ക്കും. സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്, ഡേവിഡ് മില്ലര്‍, തബ്രെയ്സ് ഷംസി, എയ്ഡന്‍ മര്‍ക്രാം എന്നിവരും ശ്രീലങ്കുടെ വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര എന്നിവരുമാണ് ഈ ആറു പേര്. ഇവരില്‍ നാലു പേര്‍ക്കു കന്നി ഐപിഎല്‍ കൂടിയാണ്. പകരക്കാരായാണ് ഇവര്‍ക്കു രണ്ടാംഘട്ടത്തിലേക്കു നറുക്കുവീണത്. മര്‍ക്രാം, ഷംസി, ഹസരംഗ, ചമീര എന്നിവരാണ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. മില്ലറും ഡികോക്കും ഇതിനകം ഐപിഎല്ലില്‍ മികവ് തെളിയിച്ചവരാണ്. ഇവരെ തന്നെയാണ് ഫ്രാഞ്ചൈസികള്‍ തുടക്കത്തിലെ മല്‍സരങ്ങളില്‍ മിസ്സ് ചെയ്യുക.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ സ്ഥിരം ഓപ്പണര്‍ കൂടിയാണ് ഡികോക്ക്. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ മുംബൈയുടെ അഞ്ചാം കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. ഈ സീസണിലും ഡികോക്കില്‍ നിന്നും സമാനമായ സംഭാവനയാണ് മുംബൈ പ്രതീക്ഷിക്കുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തിലെ ഏതാനും മല്‍സരങ്ങളില്‍ ഡികോക്കില്ലാതെ മുംബൈയ്ക്കു ഇറങ്ങേണ്ടി വരും. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇഷാന് കിഷന് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങാനാണ് സാധ്യത. വിക്കറ്റ് കീപ്പിങിന്റെ ചുമതലയും അദ്ദേഹത്തിനായിരിക്കും.
മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിനു മില്ലറുടെ അഭാവം തിരിച്ചടിയാവും. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്ലറുള്‍പ്പെടെയുള്ളവര്‍ രണ്ടാം ഘട്ടത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ വിദേശ താരങ്ങളില്‍ രാജസ്ഥാന് വലിയ പ്രതീക്ഷയര്‍പ്പിച്ച ബാറ്റ്സ്മാനാണ് മില്ലര്‍. അതുകൊണ്ടു തന്നെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ അദ്ദേഹമില്ലെന്നത് രാജസ്ഥാനും ക്ഷീണമാവും.
സൗത്താഫ്രിക്കയുടെ ലങ്കന്‍ പര്യടനം
നിലവില്‍ സൗത്താഫ്രിക്കന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പര അവസാനിച്ചു കഴിഞ്ഞു. ടി20യില്‍ ഇനി ഒരു മല്‍സരം കൂടി ബാക്കിയുണ്ട്. ഇതു കഴിഞ്ഞ ശേഷം ഐപിഎല്ലിനായി താരങ്ങള്‍ യുഎഇയിലേക്കു തിരിക്കും. എന്നാല്‍ യുഎഇയിലെത്തിയ ശേഷം ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ മാത്രമേ താരങ്ങള്‍ക്കു സ്വന്തം ഫ്രാഞ്ചൈസികളുടെ ബയോ ബബ്ളിനൊപ്പം ചേരാനാവുകയുള്ളൂ. ഇതു കാരണമാണ് തുടക്കത്തിലെ ചില മല്‍സരങ്ങള്‍ അവര്‍ക്കു നഷ്ടമാവുന്നത്.