IPL 2021: ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണം- നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് രണ്ടാം പാദം ആരംഭിക്കുന്നത്. ആദ്യ പാദത്തിലെ പട്ടികയില്‍ സിഎസ്‌കെ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുംബൈ നാലാം സ്ഥാനത്താണ്. നേര്‍ക്കുനേര്‍ കണക്കുകളില്‍ മുംബൈക്ക് വ്യക്തമായ ആധിപത്യം ഉള്ളതും 2020ലെ സിഎസ്‌കെയുടെ യുഎഇയിലെ പ്രകടനവും ധോണിക്കും സംഘത്തിനും വലിയ തലവേദന സൃഷ്ടിക്കുന്നതാണ്.
സമീപകാലത്തായി ബാറ്റിങ്ങില്‍ തിളങ്ങാനാവാത്ത ധോണി കഠിനമായ പരിശീലനമാണ് നടത്തുന്നത്. അതിരാത്രിവരെ ബാറ്റിങ് പരിശീലനം നടത്തി ബാറ്റിങ് മികവ് ഉയര്‍ത്താനാണ് ധോണിയുടെ ശ്രമം. 2019ലെ ഏകദിന ലോകകപ്പ് സെമിക്ക് ശേഷം ധോണി ഐപിഎല്ലില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

ധോണി ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പഴയ പ്രതാപത്തിലേക്ക് ധോണിക്ക് ഉയരാനാവുമോയെന്നത് കണ്ടറിയണം. ഇപ്പോഴിതാ എംഎസ് ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 'എംഎസ് ധോണിക്ക് മുകളിലായി ജഡേജ ബാറ്റ് ചെയ്യാനിറങ്ങണം. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. മോയിന്‍ അലിയും സാം കറാനും മാച്ച് വിന്നര്‍മാരായ താരങ്ങളാണ്. അതിനാല്‍ത്തന്നെ അവസാന യുഎഇ ഐപിഎല്ലിനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ഇവര്‍ക്ക് സാധിക്കും'- സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ഇരു ടീമും ഒന്നിനൊന്ന് മികച്ച താരനിരയാണ്. മുംബൈ 2020ലെ യുഎഇ ഐപിഎല്ലിലെ ചാമ്പ്യന്മാരാണ്. ഇതിന്റെ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ടാവും. അതേ സമയം ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായ ഐപിഎല്ലാണ് യുഎഇയിലേത്. ഇതിന്റെ സമ്മര്‍ദ്ദം ടീമിനെ വേട്ടയാടാന്‍ സാധ്യത കൂടുതലാണ്. ആദ്യ പാദം കളിച്ച താരങ്ങളെല്ലാം തന്നെ രണ്ടാം പാദത്തിലും ഇരു ടീമിനുമൊപ്പമുണ്ട്. അതിനാല്‍ത്തന്നെ താരങ്ങളുടെ അഭാവങ്ങളുടെ പ്രശ്‌നമില്ല.
സിഎസ്‌കെയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും പ്ലേയിങ് 11ല്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നും സഞ്ജയ് പ്രവചിച്ചു. 'മോയിന്‍ അലിക്കൊപ്പം പേസര്‍മാരായി ജോഷ് ഹെയ്‌സല്‍വുഡും ലൂങ്കി എന്‍ഗിഡിയുമുണ്ടാവും. പിച്ചില്‍ അല്‍പ്പം ടേണ്‍ ലഭിച്ചാല്‍ ഇമ്രാന്‍ താഹിറിനെയും സിഎസ്‌കെ പരിഗണിച്ചേക്കും. മുംബൈ ഇന്ത്യന്‍സില്‍ കോള്‍ട്ടര്‍നെയ്ല്‍ ആദം മില്‍നി എന്നിവരില്‍ ആരെന്നത് ചോദ്യമാണ്. മുംബൈക്ക് മികച്ച ബാറ്റിങ് കരുത്തുള്ളതിനാല്‍ ആദം മില്‍നിക്ക് അവസരം ലഭിക്കാനാണ് സാധ്യത'-സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

സിഎസ്‌കെ മോയിന്‍ അലി, ജോഷ് ഹെയ്‌സല്‍വുഡ്, ലൂങ്കി എന്‍ഗിഡി എന്നിവരെയും മുംബൈ ആദം മില്‍നിയേയും കളിപ്പിക്കണമെന്നും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അവനുള്ളതെന്നും ഇയാന്‍ ബിഷോപ്പും അഭിപ്രായപ്പെട്ടു. മുംബെ നിരയില്‍ ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ പേസ് നിരയില്‍ സ്ഥാനം ഉറപ്പുള്ളവരാണ്. മൂന്നാം പേസര്‍ ആരെന്നതിലാണ് ടീമിന് ആശയക്കുഴപ്പം.
ക്വിന്റന്‍ ഡീകോക്ക് ആദ്യ മത്സരം കളിക്കില്ല. അതിനാല്‍ത്തന്നെ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാവും ഓപ്പണറായി ഉണ്ടാവുക. സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം ടീമില്‍ കരുത്ത് പകരാനുണ്ടാവും. സിഎസ്‌കെയെ സംബന്ധിച്ച് ടീമിലെ പ്രധാന താരങ്ങളെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരാണ്. അതിനാല്‍ത്തന്നെ ഇവര്‍ക്ക് ഫോമിലേക്കെത്താന്‍ സമയം ആവിശ്യമാണ്. ഇത് ടീമിന് തിരിച്ചടിയാവുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications