IPL 2021: സച്ചിന്‍ മുംബൈയ്‌ക്കൊപ്പം ചേരും, അര്‍ജുനെ വഴികാണിക്കാന്‍ ഇനി അച്ഛനുണ്ടാവും!
ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കൊരുങ്ങുന്ന നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഹരം കൊള്ളിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. തങ്ങളുടെ മുന്‍ ഐക്കണ്‍ താരങ്ങളിലൊരാളും മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ്. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷവും മുംബൈ ടീമിന്റെ ഉപദേശകന്റെ റോളില്‍ സച്ചിന്‍ ഫ്രാഞ്ചൈസിക്കൊപ്പം തന്നെയുണ്ടായിരുന്നു. മുംബൈ ടീമിന്റെ പല മല്‍സരങ്ങളിലും ഡ്രസിങ് റൂമിലെ സ്ഥിരം സാന്നിധ്യമായി മാസ്റ്റര്‍ ബ്ലാസ്റ്ററുണ്ടായിരുന്നു.
ഇപ്പോള്‍ ഐപിഎല്ലിന്റെ രണ്ടാംഘട്ടം ഈ മാസം പകുതിക്കു ശേഷം നടക്കാനിരിക്കെ മുംബൈ താരങ്ങള്‍ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. സച്ചിന്റെ വരവിനു മറ്റൊരു പ്രത്യേകതയുണ്ട്. മുംബൈ ടീമിന്റെ ഭാഗമായ മകന്‍ അര്‍ജുനോടൊപ്പം പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യം കൂടി അദ്ദേഹത്തിന്റെ വരവിനിനു പിന്നിലുണ്ടെന്നതാണ് കൗതുകകരം.

മകനോടൊപ്പം ഇതാദ്യം
ഇതാദ്യമായാണ് ഒരു പ്രൊഫഷണല്‍ ടീമില്‍ മകന്‍ അര്‍ജുനോടൊപ്പം സച്ചിന്‍ പ്രവര്‍ത്തിക്കാന്‍ പോവുന്നത്. നേരത്തേ അച്ഛന്‍െ മേല്‍നോട്ടത്തില്‍ മുംബൈയുടെ നെറ്റ് ബൗളറായി പല തവണ അര്‍ജുനെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ മുംബൈ ടീമിന്റെ ഭാഗമായ ശേഷം ആദ്യമായി അര്‍ജുന്റെ പ്രകടനം വിലയിരുത്താനും ഉപദേശങ്ങള്‍ നല്‍കാനും സച്ചിനെത്തുകയാണ്.
മുംബൈയ്ക്കു വേണ്ടി ഐപിഎല്ലില്‍ അര്‍ജുന്‍ ഇനിയും അരങ്ങേറിയിട്ടില്ല. കഴിഞ്ഞ ഐപിഎല്‍ ലേലത്തിലായിരുന്നു അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് താരപുത്രനെ ചാംപ്യന്‍മാര്‍ വാങ്ങിയത്.

മുഷ്താഖ് അലി ട്രോഫി
ജൂനിയര്‍ തലത്തില്‍ മുംബൈയ്ക്കും ഇന്ത്യന്‍ ടീമിനു വേണ്ടി ഇതിനകം കളിച്ചു കളിച്ചു കഴിഞ്ഞ അര്‍ജുന്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയാണ്. മുംബൈയുടെ സീനിയര്‍ ടീമിനു വേണ്ടി ഈ വര്‍ഷമാദ്യം നടന്ന സയ്ദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ അര്‍ജുന്‍ കളിക്കുകയും ചെയ്തിരുന്നു.
ഈ സീസണിലെ ആദ്യഘട്ട മല്‍സരങ്ങങ്ങള്‍ ഇന്ത്യയിലായിരുന്നു നടന്നത്. അപ്പോള്‍ അര്‍ജുന്‍ മുംബൈ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും സച്ചിന്‍ ഒരിക്കല്‍പ്പോലും മുംബൈ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. അതുകൊണ്ടു തന്നെ യുഎയില്‍ വച്ച് ആദ്യമായിട്ടാണ് മുംബൈ ക്യാംപില്‍ അച്ഛനും മകനും മുഖാമുഖം വരാന്‍ പോവുന്നത്.

സച്ചിനു കൊവിഡ് പിടിപെട്ടിരുന്നു
വെറ്ററന്‍ താരങ്ങള്‍ അണിനിരന്ന റോഡ് സേഫ്റ്റി സീരീസ് ടി20 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ലെജന്റ്‌സ് ടീമിന്റെ നായകനായിരുന്നു സച്ചിന്‍. ഈ ടൂര്‍ണമെന്റില്‍ ലെജന്റ്‌സിനെ ജേതാക്കളാക്കാനും അദ്ദേഹത്തിനായിരുന്നു. ടൂര്‍ണമെന്റിനു പിന്നാലെ കൊവിഡ് പിടിപെട്ടതോടെ സച്ചിന്‍ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ മുംബൈ ടീമിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. അതുകൊണ്ടാണ് രണ്ടാംഘട്ടത്തില്‍ ടീമിനൊപ്പം ചേരാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
യുഎഇയിലെത്തിയ ശേഷം കുറച്ചു ദിവസം സച്ചിന്‍ ഐസൊലേഷനില്‍ കഴിയും. ഈ കാലയളവില്‍ കൊവിഡ് ടെസ്റ്റുകള്‍ക്കും അദ്ദേഹം വിധേയനാവും. ഇവയില്‍ നെഗറ്റീവായാല്‍ സച്ചിനു മുംബൈ ടീമിന്റെ ബയോ ബബ്‌ളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്യും.

ആറാം കിരീടം
രോഹിത് ശര്‍മയ്ക്കു കീഴില്‍ ആറാമത്തെ ഐപിഎല്‍ കിരീടം തേടിയാണ് മുംബൈ ടീം യുഎഇയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും മുംബൈയ്ക്കായിരുന്നു കിരീടം. 2019ലെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും കഴിഞ്ഞ തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും മുംബൈ കലാശപ്പോരില്‍ കീഴടക്കുകയായിരുന്നു. ഇത്തവണ ജേതാക്കളാക്കാനായാല്‍ ഹാട്രിക്ക് ഐപിഎല്‍ കിരീടം നേടുന്ന ആദ്യ ടീമായി മുംബൈ മാറും.
ഈ മാസം 19ന് മുന്‍ ജേതാക്കള്‍ കൂടിയായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് മുംബൈയുടെ ആദ്യ മല്‍സരം. രണ്ടാംഘട്ടത്തിലെ ഉദ്ഘാടന മല്‍സരവും ഇതു തന്നെയാണ്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ മുംബൈ ത്രസിപ്പിക്കുന്ന വിജയം കൊയ്തിരുന്നു. ഇനി അറബ് നാട്ടിലും മുംബൈയ്ക്കു ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സിഎസ്‌കെയ്‌ക്കെതിരായ പോരാട്ടത്തിനു ശേഷം 23ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും 26ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും 28ന് പഞ്ചാബ് കിങ്‌സിനെയും ഒക്ടോബര്‍ രണ്ടിനു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും അഞ്ചിന് രാജസ്ഥാന്‍ റോയല്‍സിനെയും എട്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും മുംബൈ നേരിടും. ഇന്ത്യയിലെ ആദ്യഘട്ടം കഴിയുമ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തായിരുന്നു ഹിറ്റ്മാനും സംഘവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications