IPL 2021: 'ധോണി കൂടെ ഉള്ളപ്പോള്‍ കൂടുതല്‍ ഒന്നും ചിന്തിക്കേണ്ടതില്ല'- നായകന് നന്ദി പറഞ്ഞ് ഗെയ്ക്‌വാദ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സില്‍ അവസാനിച്ചു.
24 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ സിഎസ്‌കെയ്ക്ക് നഷ്ടമായപ്പോള്‍ ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദിന്റെ പ്രകടനമാണ്. 58 പന്തില്‍ 9 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 88 റണ്‍സാണ് ഗെയ്ക്‌വാദ് നേടിയത്. അവസാന രണ്ട് ഓവറില്‍ തകര്‍ത്തടിച്ച ഗെയ്ക്‌വാദും ഡ്വെയ്ന്‍ ബ്രാവോയും (8 പന്തില്‍ 23) ചേര്‍ന്ന് സിഎസ്‌കെയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. കളിയിലെ താരമായതും ഗെയ്ക്‌വാദാണ്.

ഇപ്പോഴിതാ പ്രകടനത്തിന് നായകന്‍ എംഎസ് ധോണിക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ഗെയ്ക്‌വാദ്. 'തീര്‍ച്ചയായും എന്റെ ഇതുവരെ ഉള്ളതിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണിത്. തുടക്കത്തിലേ വിക്കറ്റ് പോയതിന്റെ സമ്മര്‍ദ്ദമായതോടെ ടീമിനെ 130-140 എന്ന സ്‌കോറിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. പിന്നീടാണ് 150 എന്ന സ്‌കോറിലേക്ക് ത്തിക്കാനാവുമെന്ന് തോന്നി. ധോണി ഭായിയും ടീം മാനേജ്‌മെന്റും നമുക്ക് ചുറ്റും നിന്ന് പിന്തുണ ചെയ്യുമ്പോള്‍ അധികമായൊന്നും നമുക്ക് ചിന്തിക്കാനുണ്ടാവില്ല. പോസിറ്റീവായ കാര്യങ്ങള്‍ മാത്രമാണുള്ളത്. ശ്രീലങ്കന്‍ പര്യടനവും അതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങളും വളരെയധികം സഹായിച്ചു. പന്തിന് നല്ലേ വേഗവും സ്വിങ്ങുമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ ആക്രമിച്ച് കളിച്ചു'-ഗെയ്ക്‌വാദ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ സര്‍വ്വ കണക്കുകൂട്ടലുകളും തകര്‍ത്തെറിഞ്ഞ പ്രകടനമായിരുന്നു ഗെയ്ക് വാദിന്റേത്. രാഹുല്‍ ചഹാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക് ഗെയ്ക് വാദിനെ കൈവിട്ടുകളഞ്ഞിരുന്നു. പിന്നീട് ഒരു അവസരം പോലും നല്‍കാതെയായിരുന്നു ഗെയ്ക് വാദിന്റെ പ്രകടനം. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ജസ്പ്രീത് ബുംറയെ സിക്‌സര്‍ പറത്താനും ഗെയ്ക് വാദിനായി. യുഎഇയിലെ തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ച്വറി നേടിയ യുവതാരം മുംബൈ ഇന്ത്യന്‍സിനെതിരേ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന സിഎസ്‌കെ താരം കൂടിയാണ്. 2013ല്‍ മൈക്കല്‍ ഹസി കുറിച്ച 86* റണ്‍സിന്റെ റെക്കോഡാണ് ഗെയ്ക് വാദ് തകര്‍ത്തത്.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലും ഗെയ്ക് വാദ് അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാവി താരമായി ഇതിനോടകം മാറാന്‍ ഗെയ്ക് വാദിനായിട്ടുണ്ട്. സമ്മര്‍ദ്ദത്തെ മനോഹരമായി അതിജീവിക്കാന്‍ താരത്തിനായി. ഫഫ് ഡുപ്ലെസിസ് (0), മോയിന്‍ അലി (0), അമ്പാട്ടി റായിഡു (0), സുരേഷ് റെയ്‌ന (4), എംഎസ് ധോണി (3) എന്നിവരെല്ലാം നിരാശപ്പെടുത്തിയിട്ടും സിഎസ്‌കെ ജയം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും സിഎസ്‌കെയ്ക്കായി.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇല്ലാതെയാണ് ഇറങ്ങിയത്. കീറോണ്‍ പൊള്ളാര്‍ഡ് നയിച്ച ടീമില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുമില്ലായിരുന്നു. ഇത് ടീമിന് തിരിച്ചടിയുമായി. സൗരഭ് തിവാരി (40 പന്തില്‍ 50*) മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ക്വിന്റന്‍ ഡീകോക്ക് (17), അന്‍മോല്‍പ്രീത് സിങ് (16), സൂര്യകുമാര്‍ യാദവ് (3), ഇഷാന്‍ കിഷന്‍ (11), കീറോണ്‍ പൊള്ളാര്‍ഡ് (14), ക്രുണാല്‍ പാണ്ഡ്യ (4) എന്നിവരൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. തോറ്റെങ്കിലും മുംബൈ നാലാം സ്ഥാനത്ത് തന്നെയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications