IPL 2021: സിഎസ്‌കെയിലെത്തിയപ്പോള്‍ ധോണി ആദ്യം പറഞ്ഞത് എന്ത്? വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ആരംഭിക്കാന്‍ ഇനി നാല് നാള്‍ മാത്രം. 19ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തോടെയാവും രണ്ടാം പാദം ആരംഭിക്കുക. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്കും കോവിഡ് വന്നതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടാവുകയായിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം മോശമായി തുടരുന്നതിനാല്‍ രണ്ടാം പാദത്തിന്റെ വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ആദ്യ പാദം അവസാനിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ആദ്യ പാദത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ധോണിയുടെ സിഎസ്‌കെ വലിയ പ്രതീക്ഷയിലാണ് രണ്ടാം പാദത്തിനിറങ്ങുന്നത്. എന്നാല്‍ രണ്ടാം പാദത്തില്‍ വേദി മാറുന്നത് ടീമിന് തിരിച്ചടിയാവുമോയെന്ന് കണ്ടറിയാം. 2021 സീസണിന് മുമ്പ് സിഎസ്‌കെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ടീമിലെത്തിച്ച താരമാണ് റോബിന്‍ ഉത്തപ്പ.

ആദ്യ പാദത്തില്‍ ഒരു മത്സരം പോലും സീനിയര്‍ ഓപ്പണറായ റോബിന്‍ ഉത്തപ്പക്ക് ലഭിച്ചില്ല. എന്നാല്‍ രണ്ടാം പാദത്തില്‍ പരിക്കേറ്റ ഫഫ് ഡുപ്ലെസിസ് കളിക്കാതിരുന്നാല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മുഖ്യ പരിഗണന ലഭിക്കുക റോബിന്‍ ഉത്തപ്പക്കാവും. ഇപ്പോഴിതാ സിഎസ്‌കെയിലെത്തിയപ്പോള്‍ നായകന്‍ എംഎസ് ധോണി തന്നോട് പറഞ്ഞ ആദ്യത്തെ കാര്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉത്തപ്പ. ടീമിലെത്തിയാലും ഉടന്‍ തന്നെ പ്ലേയിങ് 11ലേക്ക് നിനക്ക് പോകാനാവില്ലെന്നാണ് ധോണി പറഞ്ഞതെന്നാണ് ഉത്തപ്പ വെളിപ്പെടുത്തിയത്.
'എംഎസ് ധോണി എന്നെ സ്വാഗതം ചെയ്തു. എന്നിട്ട് അപ്പോള്‍ത്തന്നെ എന്നോട് പറഞ്ഞു നിന്നെ ടീമിലെടുക്കാന്‍ ഞാന്‍ ഇടപെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നിനക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു എന്നതിന്റെ യാതൊരു അംഗീകാരവും എനിക്ക് വേണ്ട. അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. ധോണിയുടെ ഇടപെടലല്ല എന്റെ കഴിവും മുന്‍ സീസണിലെ പ്രകടനവും വിലയിരുത്തിയാണ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

രണ്ടാമതായി ധോണി പറഞ്ഞത് ടീമിലെത്തിയെങ്കിലും നേരിട്ട് പ്ലേയിങ് 11ലേക്ക് ഉടന്‍ എത്താമെന്ന് കരുതേണ്ടെന്നാണ്. മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ നിലവില്‍ ടീമിലുണ്ടെന്നും കാര്യങ്ങള്‍ എങ്ങനെയാണ് പോകുന്നതെന്ന് നോക്കിയ ശേഷമാവും മാറ്റങ്ങളെന്നും പറഞ്ഞു. നീ കളിക്കുമോ ഇല്ലെയോ എന്ന് എനിക്കറിയില്ലെന്നും ധോണി പറഞ്ഞു'- ഉത്തപ്പ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഉത്തപ്പക്ക് മികച്ച റെക്കോഡാണ് ഐപിഎല്ലിലുള്ളത്. 189 ഐപിഎല്ലില്‍ നിന്ന് 27.92 ശരാശരിയില്‍ 4607 റണ്‍സ് ഉത്തപ്പയുടെ പേരിലുണ്ട്. 24 അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടാനായിട്ടില്ല. 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിലവിലെ സിഎസ്‌കെയുടെ പദ്ധതിയില്‍ ഉത്തപ്പക്ക് സ്ഥാനം ലഭിക്കുക പ്രയാസമാണ്. ടോപ് ഓഡറില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാലാവും ഉത്തപ്പക്ക് സ്ഥാനം ലഭിക്കുക. അല്ലാത്ത പക്ഷം രണ്ടാം പാദത്തിലും പുറത്തിരിക്കേണ്ടി വരും.

സിഎസ്‌കെയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്താണെന്നും ഉത്തപ്പ തുറന്ന് പറഞ്ഞു. 'സിഎസ്‌കെയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് അവരുടെ ആശയവിനിമയം വളരെ തുറന്നതാണ്. എല്ലാവരുമായുള്ള തുറന്ന ആശയവിനിമയം ഒരു ടീമിന്റെ വിജയത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് കരുതുന്നത്. താരങ്ങളോട് നേരിട്ട് സംസാരിക്കുകയും പദ്ധതികള്‍ വിവരിക്കുകയും എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ചോദിക്കുകയും ചെയ്യും.
ഒരു ടീമിന്റെ വിജയത്തിന്റെ കാരണമെന്ന് പറയുന്നത് പ്ലേയിങ് 11 ഇല്ലാത്ത താരങ്ങളുടെ ഊര്‍ജ്ജമാണ്. ധോണി പറയും എല്ലാ സമയത്തും മികച്ച തീരുമാനം എടുക്കുകയല്ല വേണ്ടത് ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുകയാണ് വേണ്ടത്.ലഭിക്കുന്ന സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്ന നായകനാണ് ധോണി'- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications