ഐപിഎല്ലിന്റെ 14ാം സീസണില്‍ 'ബിഗ് ഷോ' തുടങ്ങിയിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായത്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രകടനത്തില്‍ അന്തം വിട്ടിരിക്കുകയാണ് മുന്‍ ടീമുകളും ക്രിക്കറ്റ് പ്രേമികളും. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഫിഫ്റ്റിയടിച്ച അദ്ദേഹം ടൂര്‍ണമെന്റില്‍ ടോപ്‌സ്‌കോറര്‍ പദവിയിലേക്കുയരുകയും ചെയ്തിരിക്കുകയാണ്.78 റണ്‍സെടുത്താണ് മാക്‌സ്വെല്‍ കളിയില്‍ പുറത്തായത്. വെറും 49 ബോളില്‍ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ചെന്നൈയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ആര്‍സിബി പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ നാലാമനായി ക്രീസിലെത്തിയ മാക്‌സി കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ കെകെആറിനെ വിറപ്പിച്ചു. 28 ബോളുകളില്‍ നിന്നാണ് അദ്ദേഹം ആര്‍സിബി ജഴ്‌സിയില്‍ തന്റെ രണ്ടാമത്തെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള തൊട്ടുമുമ്പത്തെ കളിയില്‍ മാക്‌സി 59 റണ്‍സ് നേടിയിരുന്നു.

കരിയറില്‍ ഇതു രണ്ടാം തവണ മാത്രമാണ് മാക്‌സ്വെല്‍ ഒരു സീസണില്‍ തുടര്‍ച്ചയായ രണ്ടു ഫിഫ്റ്റികളടിച്ചത്. നേരത്തേ 2014ലെ ടൂര്‍ണമെന്റിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. അന്നു പഞ്ചാബ് കിങ്‌സിനു (കിങ്‌സ് ഇലവന്‍ പഞ്ചാബ്) വേണ്ടിയായിരുന്നു മാക്‌സി തുടരെ രണ്ടു ഫിഫ്റ്റികളടിച്ചത്. പഞ്ചാബിനായി തുടര്‍ച്ചയായി മൂന്നു തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ അദ്ദേഹം അടിച്ചെടുത്തിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 95, രാജസ്ഥാന്‍ റോയല്‍സിനെതിരേ 89, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 95 എന്നിങ്ങനെയായിരുന്നു മാക്‌സിയുടെ സ്‌കോറുകള്‍.
കെകെആറിനെതിരേ ബാറ്റിങ് ദുഷ്‌കരമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട ചെന്നൈയിലെ പിച്ചില്‍ വളരെ ഈസിയിയാണ് മാക്‌സി റണ്‍സ് വാരിക്കൂട്ടിയത്. തന്റേ ട്രേഡ്മാര്‍ക്കായ സ്വിച്ച് ഹിറ്റുള്‍പ്പെടെ മനോഹരമായ ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും ഗ്രൗണ്ടിന്റെ പല ഭാഗങ്ങളിലേക്കും ഒഴുകി. കെകെആര്‍ ബൗളര്‍മാരെല്ലാം ഓസീസ് താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ഷാക്വിബുല്‍ ഹസനെറിഞ്ഞ ആറാം ഓവറില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 17 റണ്‍സാണ് മാക്‌സ്വെല്‍ വാരിക്കൂട്ടിയത്. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ എട്ടാം ഓവറില്‍ തുടര്‍ച്ചയായി ഓരോ ബൗണ്ടറിയും സിക്‌സറും അദ്ദേഹം നേടിയപ്പോള്‍ ഓവറില്‍ ആര്‍സിബിക്കു ലഭിച്ചത് 14 റണ്‍സായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി രണ്ടാം ഓവറില്‍ രണ്ടു വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയില്‍ പതറവെയാണ് മാക്‌സ്വെല്ലും ദേവ്ദത്ത് പടിക്കലും ഒന്നിക്കുന്നത്. 86 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.