
കോലിയുടെ ബ്ലണ്ടര്‍
അവസാന ഓവര്‍ ഹര്‍ഷല്‍ പട്ടേലിന് എന്തിനാണ് കൊടുത്തതെന്ന് ഇപ്പോഴും ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെ അത് വിജയിച്ചിട്ടുണ്ടാവും. മുംബൈക്കെതിരെ അത് വിജയിച്ചത് ഭാഗ്യം കൊണ്ടായിരുന്നു. പിന്നെ അത് ബൗളിംഗ് പിച്ചുമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ എറിഞ്ഞതിലൂടെ തന്നെ പട്ടേലിന്റെ ബൗളിംഗ് എങ്ങനെയാണെന്ന് എതിരാളികള്‍ മനസ്സിലാക്കിയിരുന്നു. ഹര്‍ഷലിന്റെ മുന്‍കാല പ്രകടനം നോക്കിയാല്‍ താരം മികച്ച ഡെത്ത് ബൗളറല്ലെന്നും അറിയാം. എന്നിട്ടും കോലി ഹര്‍ഷലിനെ പരീക്ഷിച്ചത് ക്യാപ്റ്റന്‍സിയിലെ അബദ്ധമാണ്.

ചാഹലും ജാമിസണും
ഹര്‍ഷലിന്റെ ഇക്കോണമി 12.75 ആണ് സിഎസ്‌കെയ്‌ക്കെതിരെയുള്ള മത്സരത്തില്‍. കൈല്‍ ജാമിസണ്‍, യുസവേന്ദ്ര ചാഹല്‍, നവദീപ് സെയ്‌നി എന്നിവര്‍ക്ക് ഓവറുകള്‍ ബാക്കിയുണ്ട് താനും. ഇതില്‍ മധ്യഓവറില്‍ സിഎസ്‌കെയുടെ റണ്ണൊഴുക്ക് കുറഞ്ഞ് നില്‍ക്കുന്ന സമയത്ത് ചാഹലിനെ കോലിക്ക് എറിയിപ്പിക്കാമായിരുന്നു. മൂന്നോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ ചാഹല്‍ ഒരു വിക്കറ്റും മത്സരത്തില്‍ എടുത്തിട്ടുണ്ട്. സ്പിന്നര്‍മാര്‍ പിച്ചില്‍ നല്ല നേട്ടവും ഉണ്ടാക്കുന്നുണ്ടായിരുന്നു മറ്റൊരു സ്പിന്നറായ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടോവറില്‍ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇവരില്‍ ഒരാള്‍ക്ക് അധികമായി ഒരോവര്‍ നല്‍കിയിരുന്നെങ്കില്‍ മുഹമ്മദ് സിറാജിനെ അവസാന ഓവര്‍ ഏല്‍പ്പിക്കാമായിരുന്നു. എങ്കില്‍ 30 റണ്‍സെങ്കിലും കുറയുമായിരുന്നു.

2012ലും കോലിയുടെ പിഴവ്
ആര്‍സിബി ഹര്‍ഷലിനെ പന്തേല്‍പ്പിച്ചതില്‍ വില്ലന്‍ വിരാട് കോലിയാണ്. അതുപോലൊരു കഥയില്‍ കോലി മുമ്പും വില്ലനായിട്ടുണ്ട്. ആ മത്സരവും നടന്നത് സിഎസ്‌കെയ്‌ക്കെതിരെ തന്നെയാണ്. 2012ലെ ആര്‍സിബി ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറിയായിരുന്നു. അന്ന് 12 പന്തില്‍ 43 റണ്‍സ് സിഎസ്‌കെയ്ക്ക് ജയിക്കാന്‍ വേണമായിരുന്നു. 19ാം ഓവര്‍ എറിയാന്‍ എത്തിയത് വിരാട് കോലി തന്നെയായിരുന്നു. ആ ഓവറില്‍ ആല്‍ബി മോര്‍ക്കല്‍ അടിച്ചെടുത്തത് 28 റണ്‍സാണ്. മൂന്ന് സിക്‌സറും രണ്ട് ഫോറും ആ ഓവറില്‍ പിറന്നു. അവസാന ഓവറില്‍ 15 റണ്‍സെടുത്ത് കളി സിഎസ്‌കെ ജയിക്കുകയും ചെയ്തു. അന്ന് മറ്റ് ബൗളിംഗ് ഓപ്ഷന്‍ ആര്‍സിബിക്കില്ലായിരുന്നു. ഇത്തവണ ഉണ്ടായിട്ടും തോല്‍ക്കുകയായിരുന്നു.

കിരീടം ഇത്തവണ കിട്ടില്ല
ആര്‍സിബി കിരീടം ഉറപ്പിച്ചെന്ന രീതിയിലാണ് ആരാധകര്‍ ആവേശം കൂട്ടുന്നത്. എന്നാല്‍ ആര്‍സിബി നിരയില്‍ ഒന്നും മാറിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. സമ്മര്‍ദത്തില്‍ വീണുപോകുന്നതാണ് ആര്‍സിബിയുടെ രീതി. വാഷിംഗ്ടണ്‍ സുന്ദറിനെ മൂന്നാമത് ഇറക്കിയ നീക്കമാണ് കോലിയുടെ മറ്റൊരു ബ്ലണ്ടര്‍. പതിനൊന്ന് പന്ത് കളിച്ച സുന്ദര്‍ വെറും ഏഴ് റണ്‍സാണ് നേടിയത്. എബി ഡിവില്യേഴ്‌സിനെ മൂന്നാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ ദേവദത്ത് പടിക്കലിനൊപ്പം ഇന്നിംഗ്‌സിന് വേഗം വെക്കുമായിരുന്നു. സ്പിന്‍ ചെയ്യുന്ന പിച്ചില്‍ കളിക്കുന്നതില്‍ ഡിവില്യേഴ്‌സ് വീണ്ടും പരാജയപ്പെട്ടതോടെ ആര്‍സിബി വന്‍ തോല്‍വിയും ഉറപ്പാക്കി. കോലിയുടെ ദീര്‍ഘ വീക്ഷണമില്ലായ്മയാണ് ഇതില്‍ പ്രകടമായത്. കിരീടം ആര്‍സിബിക്ക് ഇത്തവണയും കിട്ടാതിരിക്കാന്‍ സാധ്യതകളാണ് ഇവ.


Click it and Unblock the Notifications