കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കു സഹായഹസ്തവുമായി ഐപിഎല്‍ ഫ്രാഞ്ചൈസികളും. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, മുന്‍ ഓസീസ് പേസറും കമന്റേറ്ററുമായ ബ്രെറ്റ് ലീ, സണ്‍റൈേേസഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരം ശ്രീവത്സ് ഗോസ്വാമി എന്നിവ ര്‍ രാജ്യത്തിനു സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാഞ്ചൈസികളും രാജ്യത്തിനു താങ്ങായി രംഗത്തുവന്നത്.

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ് ഫ്രാഞ്ചൈസികളില്‍ ആദ്യം സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീം 7.5 കോടിയാണ് സംഭാവന നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 1.5 കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ടീമുടമകള്‍ മാത്രമല്ല താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ എന്നിവരുടെയെല്ലാം സംഭാവനയാണ് 7.5 കോടിയെന്ന വലിയ തുക നല്‍കാന്‍ രാജസ്ഥാന്‍ റോയല്‍സിനെ സഹായിച്ചത്. രാജസ്ഥാനിലെ ജനങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണനയെങ്കിലും മറ്റു സംസ്ഥാനങ്ങള്‍ക്കും തുകയുടെ ഒരു ഭാഗം നല്‍കുമെന്ന് റോയല്‍സ് അറിയിച്ചിട്ടുണ്ട്. ടീമുടമകളും കളിക്കാരും ഒത്തുചേര്‍ന്നതാണ് ഈ സംരഭത്തെ വലിയ തോതിലേക്ക് ഉയര്‍ത്തിയത്. നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ സഹായം നല്‍കുന്നതിനൊപ്പം ഇപ്പോള്‍ ജനങ്ങള്‍ക്കു ഏറ്റവുമധികം ആവശ്യമുള്ള ഓക്‌സിജന്‍ എത്തിച്ചു നല്‍കുന്നതിന് സഹായിക്കുകയുമാണ് ലക്ഷ്യമെന്നും റോയല്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുള്ള മല്‍സരത്തിനു മുമ്പാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് 1.5 കോടി സംഭാവന പ്രഖ്യാപിച്ചത്. അവശ്യ മെഡിക്കല്‍ സാധനങ്ങളും ഓക്‌സിജന്‍ സിലിണ്ടറുകളും കൊവിഡ് വെല്‍നസ് കിറ്റുകളും വാങ്ങിക്കാനുള്ള ചെലവിലേക്കാണ് ഈ തുക നല്‍കിയിരിക്കുന്നതെന്നു ഡിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതിസന്ധിയുടെ ഈ മണിക്കൂറുകളില്‍ ഡല്‍ഹിയിലെ ജനതയ്ക്കു ഡിസി ഐക്യദാര്‍ഢ്യം അറിയിക്കുകയാണ്. കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ പരസ്പരം നിസ്വാര്‍ഥമായി സഹായിക്കാനുള്ള അവരുടെ ശ്രനങ്ങള്‍ പ്രചോദനം നല്‍കുന്നതാണ്. ഞങ്ങള്‍ അവര്‍ക്കു നല്‍കുന്ന പിന്തുണയില്‍ സ്വയം അഭിമാനമുണ്ടെന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താല്‍ക്കാലിക സിഇഒ വിനോദ് ബിഷ്ത് വ്യക്തമാക്കി. രണ്ടു സര്‍ക്കാരിതര സംഘടനയിലൂടെയാണ് ഈ പണം ചെലവഴിക്കുകയെന്നും ഡിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി തുടരുന്ന സംസ്ഥാനമാണ് ഡല്‍ഹി. ഓക്‌സിജന്‍ ക്ഷാമം കാരണം ദിവസേന നിരവധി പേരാണ് ഇവിടെ മരണത്തിനു കീഴടങ്ങുന്നത്. ഡല്‍ഹിയിലെ മിക്ക ആശുപത്രികളും മതിയായ ഓക്‌സിജന്‍ സ്‌റ്റോക്ക് നിലനിര്‍ത്താന്‍ പാടുപെടുകയാണ്