ഐപിഎല്ലിന്റെ 14ാം സീസണ്‍ പഞ്ചാബ് കിങ്‌സിന്റെ വിന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരനെ സംബന്ധിച്ച് ദുരന്തമായി മാറിയിരിക്കുകയാണ്. വീണ്ടുമൊരു മല്‍സരത്തില്‍ക്കൂടി പൂരന്‍ പൂജ്യത്തിനു പുറത്തായി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിലാണ് അദ്ദേഹം സീസണിലെ നാലാമത്തെ ഡെക്ക് തികച്ചത്.

ഇതോടെ നാണക്കേടിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് പൂരന്‍. ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ തവണ ഡെക്കായിട്ടുള്ള താരങ്ങളുടെ കൂട്ടത്തിലാണ് പൂരനും തന്റെ പേര് കൂട്ടിച്ചേര്‍ത്തത്. നേരത്തേ നാലു താരങ്ങളാണ് ഒരു സീസണില്‍ നാലു തവണ ഡെക്കായിട്ടുള്ളത്. ഹെര്‍ഷല്‍ ഗിബ്‌സ് (2009), മിതുന്‍ മന്‍ഹാസ് (2011), മനീഷ് പാണ്ഡെ (2012), ശിഖര്‍ ധവാന്‍ (2020) എന്നിവരാണ് പൂരനു മുമ്പ് തന്നെ നാണക്കേടിന്റെ ലിസ്റ്റിലുള്ളവര്‍.
ഈ സീസണിലെ ഐപിഎല്ലില്‍ ആറു ഇന്നിങ്‌സുകളില്‍ നിന്നായി വെറും 28 റണ്‍സ് മാത്രമാണ് പൂരനു നേടാനായത്. ഒരു തവണ മാത്രമേ അദ്ദേഹം രണ്ടക്കം കടന്നിട്ടുള്ളൂ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തിലാണ് താരം 19 ബോളില്‍ 19 റണ്‍സെടുത്തത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ എട്ടു ബോളില്‍ ഒമ്പതു റണ്‍സും പൂരന്‍ നേടിയിരുന്നു.
പൂരന്റെ നാലു ഡെക്കുകള്‍ക്കു ഒരു പ്രത്യേകത കൂടിയുണ്ട്. ഡയമണ്ട് ഡെക്ക് (0 ബോള്‍), ഗോള്‍ഡന്‍ ഡെക്ക് (1 ബോള്‍), സില്‍വര്‍ ഡെക്ക് (2 ബോള്‍) എന്നിവര്‍ക്കു പിന്നാലെ ആര്‍സിബിക്കെതിരേ മൂന്നു ബോളിലാണ് പൂരന്‍ ഡെക്കായി മടങ്ങിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനൊരു നാണക്കേട് ഒരു താരത്തിനു നേരിട്ടത് ഇതാദ്യമാണ്. കൈല്‍ ജാമിസണിനായിരുന്നു ആര്‍സിബിക്കെതിരായ കളിയില്‍ പൂരന്റെ വിക്കറ്റ്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഷോട്ട് കളിക്കാനുള്ള ശ്രമം ബാക്ക് വേര്‍ഡ് പോയിന്റില്‍ ഷഹബാസ് അഹമ്മദിന്റെ കൈകളിലൊതുങ്ങുകയായിരുന്നു.