IPL 2021: മുംബൈ x കെകെആര്‍, ചരിത്ര നേട്ടത്തിനരികെ രോഹിത് ശര്‍മ, കാത്തിരിക്കുന്ന റെക്കോഡുകളിതാ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ കെകെആര്‍ ഇറങ്ങുമ്പോള്‍ സിഎസ്‌കെയോട് തോറ്റ ക്ഷീണത്തിലാണ് മുംബൈ ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്. പ്ലേ ഓഫില്‍ കടക്കാന്‍ തുടര്‍ ജയങ്ങള്‍ കെകെആറിനും വേണമെന്നതിനാല്‍ പോരാട്ടം കടുക്കും.
ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും രണ്ടാം മത്സരത്തില്‍ മുംബൈ നിരയില്‍ തിരിച്ചെത്തിയേക്കും. ഇതോടെ ടീം കൂടുതല്‍ ശക്തമാവും. കരുത്തരുടെ പോരാട്ടത്തില്‍ നിരവധി റെക്കോഡുകളും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്കാണ് ആധിപത്യം. 28 മത്സരത്തില്‍ നിന്ന് 22 മത്സരത്തിലും മുംബൈ ജയിച്ചപ്പോള്‍ കെകെആര്‍ ആറ് മത്സരത്തിലാണ് ജയിച്ചത്.
Also Read : IPL 2021: ഹൈദരാബാദിന്റെ വഴിയടച്ച് ഡല്‍ഹിയുടെ കുതിപ്പ്, എല്ലാ പ്രധാന റെക്കോഡുകളുമറിയാം

മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ ചരിത്ര നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. 20 റണ്‍സ് കൂടി നേടിയാല്‍ 5500 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിനാവും. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. കെകെആറിനെതിരേ തന്നെ ഈ നേട്ടത്തിലെത്താന്‍ രോഹിത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കാം. ആറ് സിക്‌സുകള്‍ കൂടി നേടിയാല്‍ ടി20യില്‍ 400 സിക്‌സര്‍ റെക്കോഡിലേക്കെത്താന്‍ രോഹിത്തിനാവും. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരവും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏഴാമത്തെ ഇന്ത്യന്‍ താരവുമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും ഒരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ 50 വിക്കറ്റ് ക്ലബ്ബിലിടം പിടിക്കാന്‍ ക്രുണാലിനാവും. കീറോണ്‍ പൊള്ളാര്‍ഡിന് ശേഷം മുംബൈക്കായി 1000 ലധികം റണ്‍സും 50 വിക്കറ്റും വീഴ്ത്തുന്ന താരമെന്ന ബഹുമതിയും അദ്ദേഹത്തെ കാത്തിരിക്കുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ അഞ്ച് സിക്‌സുകള്‍ക്കൂടി നേടിയാല്‍ ഐപിഎല്ലില്‍ 100 സിക്‌സെന്ന നേട്ടത്തിലേക്കെത്തും. എന്നാല്‍ സമീപകാലത്തെ ഹര്‍ദിക്കിന്റെ പ്രകടനം അത്ര മികച്ചതല്ല.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇറങ്ങുന്ന ഹര്‍ദിക്കിന്റെ പ്രകടനം കണ്ടുതന്നെ അറിയണം. ഐപിഎല്ലില്‍ 150 സിക്‌സുകളെന്ന നാഴികക്കല്ല് പിന്നിടാന്‍ ആന്‍ഡ്രേ റസലിന് വേണ്ടത് എട്ട് സിക്‌സുകള്‍ക്കൂടി. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ലെങ്കിലും പന്തുകൊണ്ട് അദ്ദേഹം തിളങ്ങിയിരുന്നു. 4000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവും 11ാമത്തെ താരവുമാകാന്‍ കെകെആറിന്റെ ദിനേഷ് കാര്‍ത്തികിന് വേണ്ടത് 54 റണ്‍സ്.

ഒരു ക്യാച്ച് കൂടി നേടിയാല്‍ എംഎസ് ധോണിയെ മറികടന്ന് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമാവാന്‍ കാര്‍ത്തികിനാവും. നിലവില്‍ 114 ക്യാച്ചാണ് കാര്‍ത്തികിന്റെ പേരിലുള്ളത്. കെകെആറിന്റെ ശുഭ്മാന്‍ ഗില്‍ 50ാം മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. കെകെആറിനൊപ്പം ഈ നേട്ടത്തിലെത്തുന്ന 10ാമത്തെ താരമാണ് അദ്ദേഹം.

മുംബൈയുടെ ക്വിന്റന്‍ ഡീകോക്കിന് 7000 ടി20 റണ്‍സ് എന്ന നേട്ടത്തിലേക്കെത്താന്‍ വേണ്ടത് 81 റണ്‍സാണ്. ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ ഡീകോക്കിന് സാധിച്ചിരുന്നില്ല. രോഹിത്തിന്റെ മടങ്ങിവരവോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന്റെ രണ്ടാം പാദത്തിലെ പ്രകടനം നിര്‍ണ്ണായകമാവും. ഇത്തവണയും കൂടി മുംബൈ കപ്പടിച്ചാല്‍ അത് ഐപിഎല്ലിലെ ചരിത്ര സംഭവമായി അത് മാറുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications