ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് കിരീടങ്ങള്‍ മുംബൈ ഇന്ത്യന്‍സ് എങ്ങനെ അലമാരയിലെത്തിച്ചു എന്നത് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്ന ജയമാണ് സിഎസ്‌കെയ്‌ക്കെതിരേ മുംബൈ ഇന്ത്യന്‍സ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 218 എന്ന വമ്പന്‍ സ്‌കോര്‍ നേടിയപ്പോള്‍ തന്നെ പലരും ധോണിപ്പടയുടെ വിജയമെഴുതിയിരുന്നെങ്കിലും നാല് വിക്കറ്റ് ബാക്കി നിര്‍ത്തി വിജയലക്ഷ്യം പിന്നിടാന്‍ മുംബൈക്കായി. കീറോന്‍ പൊള്ളാര്‍ഡ് (34 പന്തില്‍ 87*) എന്ന അമാനുഷികനായ താരത്തിന്റെ പ്രകടനമാണ് സിഎസ്‌കെയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്തത്.
സിഎസ്‌കെ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും പറത്തിയ അദ്ദേഹം 255.88 സ്‌ട്രൈക്കറേറ്റിലാണ് കളം നിറഞ്ഞത്. ഇപ്പോഴിതാ തന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സില്‍ ഏത് ബൗളറെയാണ് കൂടുതല്‍ ആക്രമിക്കേണ്ടതെന്നതായിരുന്നു നേരിട്ട ഏക പ്രശ്‌നമെന്ന് പറഞ്ഞിരിക്കുകയാണ് പൊള്ളാര്‍ഡ്. 'ഡ്രസിങ് റൂമില്‍ വെച്ച് ചെറിയ ചര്‍ച്ച നടന്നിരുന്നു. ഈ പിച്ച് എത്രത്തോളം ബാറ്റിങ്ങിന് അനുകൂലമാണെന്ന് ഞങ്ങള്‍ക്കറിയാം.
ആദ്യ ആറ് ഓവറില്‍ അടിത്തറ നേടാനായാല്‍ ഞങ്ങള്‍ക്കുവേണ്ടി തകര്‍ത്തടിക്കാന്‍ ശേഷിയുള്ള നിര ഒപ്പമുണ്ടെന്ന് അറിയാം. രോഹിതും ക്വിന്റനും മികച്ച പ്രകടനം നടത്തി. പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ അവര്‍ നേടി. തുടര്‍ച്ചയായി കുറച്ച് വിക്കറ്റുകള്‍ വീണപ്പോഴാണ് ടീം സമ്മര്‍ദ്ദത്തിലായത്. എന്നാല്‍ അതിന് ശേഷം ഏത് ബൗളറെയാണ് കൂടുതല്‍ ആക്രമിച്ച് തങ്ങളുടെ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് മാത്രമായിരുന്നു പ്രശ്‌നം'-പൊള്ളാര്‍ഡ് പറഞ്ഞു.

ഇതൊരു ടീമിന്റെ ഒരുമിച്ചുള്ള പരിശ്രമത്തിന്റെ ഫലമാണ്. ചെന്നൈയില്‍ ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ വളരെ പ്രയാസപ്പെട്ടിരുന്നു. ഇപ്പോഴിതാ ഞങ്ങളുടെ കഴിവ് എന്തെന്ന് കാട്ടിക്കൊടുക്കാനുള്ള മികച്ചൊരു പിച്ച് തയ്യാറായിരിക്കുകയാണെന്നും പൊള്ളാര്‍ഡ് പറഞ്ഞു. ചെന്നൈയിലെ ടേണിങ് പിച്ചില്‍ മുംബൈക്ക് പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് തന്നെയാണ് ടീം നടത്തിയിരിക്കുന്നത്.
'സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ശാന്തതയോടെ നില്‍ക്കുകയാണ് വേണ്ടത്. വേണ്ട റണ്‍സും റണ്‍റേറ്റും നമുക്ക് മുന്നിലെ ബോര്‍ഡിലുണ്ട്. നമുക്ക് ആത്മവിശ്വാസത്തോടെ അടിക്കാന്‍ കഴിയുന്ന ബൗളറെ തിരഞ്ഞെടുത്ത് അടിക്കുക എന്നത് മാത്രമാണ് പ്രശ്‌നം. നിരവധി കാര്യങ്ങള്‍ നമ്മളുടെ മനസിലൂടെ കടന്ന് പോകും. എന്നാല്‍ ശാന്തതയോടെ നില്‍ക്കാന്‍ ശ്രമിച്ച് കൂടുതലും പന്തില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. പരിശീലനം നടത്തുമ്പോള്‍ ഇത്തരത്തിലുള്ള മാനസിക പരിശീലനങ്ങളും നടത്തണം. ഒരു അവസരം ലഭിക്കുമ്പോള്‍ ഒരു ശ്രമം നടത്താനും പ്രാവര്‍ത്തികമാക്കാനും അത് സഹായിക്കും'-പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.