
കോലി ട്രാപ്പില്‍ വീണു
ദേവദത്ത് പടിക്കല്‍ ചേസിംഗിനിടെ തുടക്കത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റിംഗാണ് നടത്തിയത്. എന്നാല്‍ ഒരറ്റത്ത് വിരാട് കോലി പതിവ് പോലെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഇത് മനസ്സിലാക്കിയാണ് കോലിയുടെ വീക്ക് പോയിന്റില്‍ തന്നെ ധോണി പന്തെറിയിച്ചത്. തൊട്ടുമുമ്പുള്ള ഓവറില്‍ നല്ല തല്ല് വാങ്ങിയ സാം കറനെ വീണ്ടും കൊണ്ടുവന്നപ്പോള്‍ കോലി ആക്രമിച്ച് കളിക്കാന്‍ നോക്കുമെന്ന് ഉറപ്പ്. ഷോര്‍ട്ട് പിച്ച് പന്ത് പുറത്തേക്ക് പോകുന്നതില്‍ ക്രോസ് ഷോട്ടിന് ശ്രമിച്ച് കോലി കൃത്യമായി ആ കുഴിയില്‍ വീണു. ആര്‍സിബിയുടെ ചേസിംഗിനെ തന്നെ തകര്‍ത്തത് ആ വിക്കറ്റായിരുന്നു.

പടിക്കല്‍ വീണത് ഷോര്‍ട്ടില്‍
ദേവദത്ത് പട്ടിക്കല്‍ അടിച്ചുതകര്‍ത്തതോടെ ബൗളര്‍മാരെ മാറ്റി പരീക്ഷിക്കാനാണ് ധോണി ശ്രമിച്ചത്. വേഗം കുറഞ്ഞ ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിയുന്ന ഷാര്‍ദുല്‍ താക്കൂറിനെയാണ് ധോണി ഉപയോഗിച്ചത്. വേഗം കുറഞ്ഞ പന്തില്‍ പുള്‍ ഷോട്ട് കളിച്ച പടിക്കലും ആ ട്രാപ്പില്‍ വീണു. അധികം ശ്രദ്ധിക്കാതെ നിന്ന ഫീല്‍ഡ് പ്ലേസ്‌മെന്റിനാണ് ക്യാച്ച് കിട്ടിയത്. ടൈമിംഗ് തെറ്റിയാല്‍ ആ പന്തില്‍ പുറത്താവുമെന്ന് ധോണി കണക്കുകൂട്ടിയിരുന്നു. റെയ്‌നയുടെ ഫീല്‍ഡ് പ്ലേസ്‌മെന്റും മത്സരത്തില്‍ നിര്‍ണായമായി. എവിടേക്ക് ഷോട്ടുകള്‍ പോകാനാണ് സാധ്യതയെന്ന് അറിഞ്ഞ് അവിടെ കൂടുതല്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തുന്ന രീതി ശരിക്കും ധോണിയുടെ എക്കാലത്തെയും തന്ത്രമാണ്.

ജഡേജയുടെ വരവ്
ജഡേജയുടെ വരവും തന്ത്രപരമായിട്ടായിരുന്നു. പേസ് ബൗളര്‍മാരെ കടന്നാക്രമിക്കുന്നതില്‍ വാഷിംഗ്ടണ്‍ സുന്ദറിനുള്ള ദൗര്‍ബല്യം ധോണി തിരിച്ചറിഞ്ഞിരുന്നു. മത്സരത്തില്‍ സമ്മര്‍ദത്തിലായിരുന്നു സുന്ദര്‍. രവീന്ദ്ര ജഡേജ വന്നതോടെ കടന്നാക്രമിക്കാന്‍ ശ്രമിച്ച സുന്ദറിന് പിഴയ്ക്കുകയും പുറത്താവുകയുമായിരുന്നു. ഈ വിക്കറ്റ് പോയതോടെ ജഡേജ മത്സരത്തില്‍ പിടിമുറുക്കി. പിന്നീടങ്ങോട്ട് ആര്‍സിബി ബാറ്റിംഗ് നിരയെ തകര്‍ത്തതും ജഡേജയുടെ സ്‌പെല്ലുകളാണ്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിച്ചതാണ് ധോണിയുടെ ക്യാപ്റ്റന്‍സിയുടെ മിടുക്ക്.

വെടിക്കെട്ട് വീരന്മാര്‍ വീണു
ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓഫ്‌സൈഡില്‍ രണ്ട് ബൗണ്ടറി നേരത്തെ നേടിയിരുന്നു. ജഡേജയ്‌ക്കെതിരെ പക്ഷേ ലെഗ് സൈഡിലാണ് ബൗണ്ടറി നേടിയിരുന്നത്. ഫുള്‍ ലെങ്തില്‍ തിരിയുന്ന പന്ത് ലെഗ് സൈഡിലേക്ക് എറിഞ്ഞാണ് മാക്‌സ്‌വെല്ലിനെ ജഡേജ പൂട്ടിയത്. പന്തിന്റെ വേഗം കൊണ്ട് ലെഗ് സൈഡിലേക്ക് ഷോട്ടിന് കളിച്ച മാക്‌സ്‌വെല്‍ ശരിക്കും ട്രാപ്പില്‍ വീണു. കുറ്റി തെറിക്കുകയും ചെയ്തു. പിന്നാലെ എബി ഡിവില്യേഴ്‌സിന്റെ കുറ്റിയും ജഡേജ തെറിപ്പിച്ചു. ക്രിസ്റ്റ്യന്‍ റണ്ണൗട്ടും വന്നതോടെ ജഡേജ താരമായി. അതേസമയം ആര്‍സിബിക്കെതിരെ മോയിന്‍ അലിയെ ഉപയോഗിക്കാതിരുന്നതും ചെന്നൈയുടെ നേട്ടമാണ്. ആര്‍സിബിക്ക് അദ്ദേഹത്തെ കളിച്ച് പരിചയമുണ്ട്. പകരം ഇമ്രാന്‍ താഹിറിനെ ഇറക്കി ധോണി. മത്സരത്തില്‍ രണ്ട് വിക്കറ്റ് താഹിര്‍ എടുക്കുകയും ചെയ്തു.


Click it and Unblock the Notifications