IPL 2021: ഇത് ബൗളര്‍മാരുടെ സീസണ്‍, ഡോട്ട് ബോളുകള്‍ കൂടുന്നു, മുംബൈ ബൗളര്‍മാര്‍ മുന്നില്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ 9 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇത് ബൗളര്‍മാരുടെ സീസണായി മാറുകയാണ്. സീസണ്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ബാറ്റിങ് പ്രകടനത്തെക്കാള്‍ കൂടുതല്‍ ബൗളിങ് പ്രകടനങ്ങളാണെന്ന് പറയാതിരിക്കാന്‍ ആവില്ല. മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാരെക്കാള്‍ ആധിപത്യം ബൗളര്‍മാര്‍ കാട്ടുന്നു. ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനമാണ് നടന്നിരിക്കുന്നത്. കൂടാതെ ഡോട്ട് ബോളുകളുടെ എണ്ണവും വളരെ കൂടുതലാണ്. ഇൗ സീസണില്‍ ഇതുവരെയുള്ള ഡോട്ട് ബോളുകളുടെ കണക്കുകളിതാ.

മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാരാണ് ഡോട്ട് ബോളുകളുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. മൂന്ന് മത്സരം പൂര്‍ത്തിയാക്കിയ മുംബൈക്കുവേണ്ടി 36 ഡോട്ട് ബോളുകളാണ് ട്രന്റ് ബോള്‍ട്ട് എറിഞ്ഞിരിക്കുന്നത്. 11.4 ഓവറില്‍ നിന്ന് 7.80 ഇക്കോണമിയില്‍ 91 റണ്‍സ് വിട്ടുകൊടുത്ത താരം ആറ് വിക്കറ്റും വീഴ്ത്തി. രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനാണ്. 31 ഡോട്ട് ബോളുകളാണ് താരം എറിഞ്ഞത്. പൊതുവേ നേരിടാന്‍ പ്രയാസമുള്ള ബൗളറാണ് റാഷിദ്. 3 മത്സരത്തില്‍ നിന്ന് 12 ഓവര്‍ എറിഞ്ഞ റാഷിദ് 64 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് വീഴ്ത്തിയത്.

മുംബൈ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും 31 ഡോട്ട്‌ബോളുകള്‍ എറിഞ്ഞിട്ടുണ്ട്. മൂന്ന് മത്സരത്തില്‍ നിന്ന് 12 ഓവറുകള്‍ എറിഞ്ഞ ബുംറ മൂന്ന് വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും 5.66 മാത്രമാണ് ഇക്കോണമി. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ പിശുക്കാണ് ബുംറ കാട്ടുന്നത്. ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ തന്നെ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ ഒരു വിക്കറ്റ് നേടിയത്. ഡെത്ത് ഓവറില്‍ പതിവ് മികവ് ഇത്തവണയും കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

30 ഡോട്ടുബോളുമായി മുംബൈ ഇന്ത്യന്‍സിന്റെ ക്രുണാല്‍ പാണ്ഡ്യയാണ് നാലാം സ്ഥാനത്ത്. 11 ഓവറുകള്‍ എറിഞ്ഞ ക്രുണാല്‍ 6.18 ഇക്കോണമിയില്‍ 68 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. കെകെആറിനെതിരായ മത്സരത്തില്‍ 18ാം ഓവര്‍ എറിയാനെത്തിയ ക്രുണാല്‍ വെറും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മത്സരം മുംബൈക്ക് അനുകൂലമാക്കിയിരുന്നു.

ഈ പട്ടികയില്‍ 30 ഡോട്ട് ബോളുമായി ക്രുണാലിനൊപ്പം മറ്റൊരു മുംബൈ ഇന്ത്യന്‍സ് താരവുമുണ്ട്. സ്പിന്നര്‍ രാഹുല്‍ ചഹാര്‍. 12 ഓവര്‍ എറിഞ്ഞ രാഹുല്‍ 7 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 7.41 ആണ് രാഹുലിന്റെ ഇക്കോണമി. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍ ചഹാര്‍ ഉള്ളത്. ഏഴ് വിക്കറ്റ് തന്നെയുള്ള ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലാണ് തലപ്പത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications