ഐപിഎല്ലില്‍ ക്യാപ്റ്റന്‍മാരെ മാറ്റുന്നത് തങ്ങളുടെ വീക്ക്‌നെസാണെന്നു തെളിയിച്ച ഫ്രാഞ്ചൈസികളിലൊന്നാണ് പഞ്ചാബ് കിങ്‌സ്. ഈ സീസണില്‍ പഞ്ചാബ് ഇതു തുടരുകയും ചെയ്തു. പക്ഷെ ഇത്തവണ നായകനെ മാറ്റിയതല്ല, പകരം ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു പിന്‍മാറിയതാണ് പകരക്കാരനെ തിരഞ്ഞെടുക്കാന്‍ കാരണം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഓപ്പണര്‍ മായങ്ക് അഗര്‍വാളായിരുന്നു പഞ്ചാബിനെ നയിച്ചത്.

ഇതോടെ ഐപിഎല്ലില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാരെ പരീക്ഷിച്ച ഫ്രാഞ്ചൈസിയെന്ന റെക്കോര്‍ഡും പഞ്ചാബിനെ തേടിയെത്തിയിരിക്കുകയാണ്. 14 സീസണിനിടെ 13 ക്യാപ്റ്റന്‍മാരാണ് പഞ്ചാബിനെ നയിച്ചത്. നേരത്തേ 12 ക്യാപ്റ്റന്‍മാരുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു പഞ്ചാബ്. മായങ്കിനെ നായകനാക്കിയതോടെ ഡിസിയെ പിന്നിലാക്കി പഞ്ചാബ് തനിച്ച് ഒന്നാമതെത്തുകയും ചെയ്തു.
ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ പഞ്ചാബും ഡല്‍ഹിയും മാത്രമേ 10ലേറെ ക്യാപ്റ്റന്‍മാരെ പരീക്ഷിച്ചിട്ടുള്ളൂവെന്നു കാണാം. ഏഴു ക്യാപ്റ്റന്‍മാരെ വീതം പരീക്ഷിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സുമാണ് മൂന്നാംസ്ഥാനം പങ്കിടുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആറ്), രാജസ്ഥാന്‍ റോയല്‍സ് (6), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (5), ചെന്നൈ സൂപ്പര്‍ കിങ്‌സ് (2) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
യുവരാജ് സിങ്, കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധനെ, ആദം ഗില്‍ക്രിസ്റ്റ്, ഡേവിഡ് ഹസ്സി, ജോര്‍ജ് ബെയ്‌ലി, വീരേന്ദര്‍ സെവാഗ്, മുരളി വിജയ്, ഡേവിഡ് മില്ലര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ആര്‍ അശ്വിന്‍, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് പഞ്ചാബിന്റെ ഇതുവരെയുള്ള ഐപിഎല്‍ ക്യാപ്റ്റന്‍മാര്‍.
അപ്പെന്‍ഡിസൈറ്റിസുള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹിക്കെതിരേയുള്ള കളിയില്‍ രാഹുലിന് പുറത്തിരിക്കേണ്ടി വന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിനെ വൈകാതെ ശസ്ത്രക്രിയക്കു വിധേയനാക്കും. ശസ്ത്രക്രിയക്കു ശേഷം ചുരുങ്ങിയത് 10 ദിവസം രാഹുലിനു വിശ്രമം വേണ്ടിവരും. അങ്ങനെയെങ്കില്‍ തുടര്‍ന്നുള്ള മല്‍സരങ്ങളിലും മായങ്ക് തന്നെയായിരിക്കും പഞ്ചാബിനെ നയിക്കുക. ടീമിന്റെ ടോപ്‌സ്‌കോററും റണ്‍മെഷീനുമായ രാഹുലിന്റെ അഭാവം പഞ്ചാബിനു കനത്ത തിരിച്ചടിയായി മാറിയേക്കും. ഈ കുറവ് നികത്താന്‍ മായങ്കിനു കഴിയുമോയെന്നു കാത്തിരുന്നു തന്നെ കാണേണ്ടിവരും. ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളോടെ 331 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്.