Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇന്നലെ കെകെആര്‍, ഇന്നു എസ്ആര്‍എച്ച്, ജയം 'വലിച്ചെറിഞ്ഞു'- ത്രില്ലറില്‍ ആര്‍സിബി

ചെന്നൈ: ഐപിഎല്ലില്‍ ചേസിങ് ടീമുകളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ചെന്നൈയിലെ ചെപ്പോക്ക് പിച്ച്. ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇവിടെ ജയിച്ച മല്‍സരം കളഞ്ഞുകുളിച്ചിരുന്നു. ഇതേ വേദിയില്‍ ഇന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ഇതേ വിധി തന്നെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും കാത്തിരുന്നത്.

1

16 ഓവര്‍ വരെ അനായാസം ജയിക്കുമെന്നു കരുതിയ എസ്ആര്‍എച്ച് പിന്നീട് അവിശ്വസനീയമാം തകരുകയായിരുന്നു. ആറു റണ്‍സിന്റെ നാടകീയ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. 150 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താതിരുന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ എസ്ആര്‍എച്ചിനു ഒമ്പതു വിക്കറ്റിനു 143 റണ്‍സ് നേടാനേ ആയുള്ളൂ. സ്‌കോര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എട്ടിന് 149, സണ്‍റൈസഴ്‌സ് ഹൈദരാബാദ് ഒമ്പതു വിക്കറ്റിന് 143. ടൂര്‍ണമെന്റില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിതെങ്കില്‍ എസ്ആര്‍എച്ചിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ജയം ആര്‍സിബിയെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിക്കുകയും ചെയ്തു.

നായകന്‍ ഡേവിഡ് വാര്‍ണര്‍ (54), മനീഷ് പാണ്ഡെ (38) എന്നിവരാണ് എസ്ആര്‍എച്ചിന്റെ പ്രധാന സ്‌കോറര്‍മാര്‍. വാര്‍ണര്‍ 37 ബോളിലാണ് ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 54 റണ്‍സോടെ ടോപ്‌സ്‌കോററായത്. പാണ്ഡെ 39 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 38 റണ്‍സ് നേടി. വൃധിമാന്‍ സാഹ (1), ജോണി ബെയര്‍സ്‌റ്റോ (12), അബ്ദുള്‍ സമദ് (0), വിജയ് ശങ്കര്‍ (3), ജാസണ്‍ ഹോള്‍ഡര്‍ (4), റാഷിദ് ഖാന്‍ (14), ഷഹബാസ് നദീം (0) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി.

ആര്‍സിബിക്കു വേണ്ടി സ്പിന്നര്‍ ഷഹബാസ് അഹമ്മദ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. എല്ലാം ഒരോവറില്‍ തന്നെയായിരുന്നു. കളിയിലെ വഴിത്തിരിവായതും ഈ ഓവറായിരുന്നു. ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. 16 ഓവര്‍ കഴിയുമ്പോള്‍ എസ്ആര്‍എച്ച് രണ്ടു വിക്കറ്റിന് 115 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ ഷഹബാസിന്റെ ഓവറില്‍ ബെയര്‍സ്‌റ്റോ, പാണ്ഡെ, സമദ് എന്നിവര്‍ പുറത്തായതോടെ എസ്ആര്‍എച്ച് പതറി. അടുത്ത ഓവറില്‍ ശങ്കര്‍ പുറത്തായി. 19ാം ഓവറില്‍ ഹോള്‍ഡറും 20ാം ഓവറില്‍ റാഷിദ്, നദീം എന്നിവരും മടങ്ങിയതോടെ ആര്‍സിബി നാടകീയ വിജയം സ്വന്തമാക്കിയത്.

രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- പാണ്ഡെ ജോടി 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ സ്‌കോര്‍ 96ല്‍ വച്ച് വാര്‍ണര്‍ പുറത്തായതോടെ എസ്ആര്‍എച്ചിന്റെ താളം നഷ്ടപ്പെട്ടു. പുതുതായി ക്രീസിലെത്തിയവരാവട്ടെ വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ച് വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുത്തിയതോടെ ആര്‍സിബി കളിയിലേക്കു ശക്തമായി തിരിച്ചുവരികയായിരുന്നു.

2

നേരത്തേ ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഫിഫ്റ്റിയാണ് ആര്‍സിബിയെ രക്ഷിച്ചത്. മാക്‌സി 59 റണ്‍സോടെ മിന്നി. മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ആദ്യ കളിയില്‍ അദ്ദേഹം 39 റണ്‍സെടുത്തിരുന്നു. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കു എട്ടു വിക്കറ്റിന 149 റണ്‍സാണ് നേടാനായത്. 41 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ആര്‍സിബി ജഴ്‌സിയില്‍ ആദ്യത്തേതും ഐപിഎല്‍ കരിയറിലെ ഏഴാമത്തെയും ഫിഫ്റ്റി കൂടിയാണ് മാക്‌സ്വെല്‍ നേടിയത്.

ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ മാക്‌സ്വെല്ലിനെക്കൂടാതെ നായകന്‍ വിരാട് കോലി (33) മാത്രമേ ആര്‍സിബി ഇന്നിങ്‌സില്‍ പിടിച്ചുനിന്നുള്ളൂ. 29 ബോളില്‍ നാലു ബൗണ്ടികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ഷഹബാസ് അഹമ്മദ് (14), സീസണിലെ ആദ്യ മല്‍സരം കളിച്ച ദേവ്ദത്ത് പടിക്കല്‍ (11), എബി ഡിവില്ലിയേഴ്‌സ് (1), വാഷിങ്ടണ്‍ സുന്ദര്‍ (8), ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (1), കൈല്‍ ജാമിസണ്‍ (12) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല.

ആര്‍സിബി ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ കോലി- മാക്‌സ്വെല്‍ സഖ്യം ചേര്‍ന്നെടുത്ത 44 റണ്‍സായിരുന്നു. കോലി-ഷഹബാസ് ജോടി മൂന്നാം വിക്കറ്റില്‍ 28ഉം ഏഴാം വിക്കറ്റില്‍ മാക്‌സ്വെല്‍- കൈല്‍ ജാമിസണ്‍ ജോടി 27ഉം റണ്‍സ് നേടി. അവസാന അഞ്ചോവറില്‍ 46 റണ്‍സാണ് ആര്‍സിബിക്കു നേടാനായത്. ഇതിനിടെ നാലു വിക്കറ്റുകളും അവര്‍ക്കു നഷ്ടമായി. മൂന്നു വിക്കറ്റുകളെടുത്ത ജാസണ്‍ ഹഹോള്‍ഡറാണ് എസ്ആര്‍എച്ച് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. റാഷിദ് ഖാന്‍ രണ്ടു വിക്കറ്റുകളുമായി മികച്ച പിന്തുണയേകി. ഭുവനേശ്വര്‍ കുമാര്‍, ഷഹബാസ് നദീം, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ കളിയിലേറ്റ തോല്‍വിക്കു ശേഷമിറങ്ങുന്ന എസ്ആര്‍എച്ച് വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ആദ്യ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് എസ്ആര്‍എച്ച് ഇറങ്ങിയത്. അഫ്ഗാനിസ്താന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി, പേസര്‍ സന്ദീപ് ശര്‍മ എന്നിവര്‍ക്കു പകരം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡറും സ്പിന്നര്‍ ഷഹബാസ് നദീമും പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് ആര്‍സിബി ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. മറുനാടന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. ഇതോടെ കഴിഞ്ഞ മല്‍സരത്തില്‍ അരങ്ങേറിയ രജത് പതിധറിനാണ് സ്ഥാനം നഷ്ടമായത്.

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയതിന്റെ ത്രില്ലിലാണ് ആര്‍സിബി. ആവേശകരമായ മല്‍സരത്തില്‍ രണ്ടു വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ വിജയം. ഹൈദരാബാദാവട്ടെ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ആദ്യ കളിയില്‍ പൊരുതിത്തോറ്റിരുന്നു. 10 റണ്‍സിന്റെ തോല്‍വിയാണ് എസ്ആര്‍എച്ചിനു നേരിട്ടത്. വിജയത്തിനു തൊട്ടരികിലെത്തിയാണ് അവര്‍ അന്നു തോല്‍വി സമ്മതിച്ചത്.

ദേവ്ദത്തിന്റെ അഭാവത്തില്‍ വാഷിങ്ടണ്‍ സുന്ദറായിരുന്നു കഴിഞ്ഞ മല്‍സരത്തില്‍ കോലിക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. പതിധറിനെക്കൂടാതെ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദും ഈ മല്‍സരത്തിലൂടെ ആര്‍സിബിക്കു വേണ്ടി അരങ്ങേറിയിരുന്നു. രണ്ടു പേര്‍ക്കും ആര്‍സിബിക്കു വേണ്ടിയുള്ള കന്നി മല്‍സരത്തില്‍ തിളങ്ങാനായിരുന്നില്ല. മൂന്നാമനായി ഇറങ്ങിയ രജത് എട്ടു റണ്‍സിനും ഷഹബാസ് ഒരു റണ്ണിനും പുറത്തായിരുന്നു.

അതേസമയം, കെകെആറിനെതിരായ ആദ്യ കളിയില്‍ പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്ന ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്ല്യംസണ്‍ ആര്‍സിബിക്കെതിരേ മടങ്ങിയെത്തുമെന്ന് സൂചനകളുണ്ടായിരുന്നും അതു സംഭവിച്ചില്ല. പ്രതീക്ഷിക്കപ്പെട്ടതു പോലെ നബിയാണ് പുറത്തായത്. പക്ഷെ പകരം മറ്റൊരു ഓള്‍റൗണ്ടറായ ഹോള്‍ഡറിനെയാണ് എസ്ആര്‍എച്ച് കളിപ്പിച്ചത്.

പ്ലെയിങ് ഇലവന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-
ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, ജോണി ബെയര്‍സ്റ്റോ, ജാസണ്‍ ഹോള്‍ഡര്‍, വിജയ് ശങ്കര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഷഹബാസ് നദീം, ടി നടരാജന്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-
വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്സ് (ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഷഹബാസ് അഹമ്മദ്, കൈല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.

Story first published: Wednesday, April 14, 2021, 23:28 [IST]
Other articles published on Apr 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+