For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ചാംപ്യന്‍ ഡാ- റോയല്‍സിനെ തൂക്കിയെറിഞ്ഞ് മുംബൈയുടെ മാസ് തിരിച്ചുവരവ്

എട്ടു വിക്കറ്റിനാണ് മുംബൈയുടെ വിജയം

1

ഷാര്‍ജ: ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് യഥാര്‍ഥ ചാംപ്യന്മാരായി മാറി. ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ വാരിക്കളഞ്ഞ് മുംബൈ തിരിച്ചുവന്നിരിക്കുകയാണ്. തങ്ങളെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി കൂടിയാണ് രോഹിത് ശര്‍മയും സംഘവും നല്‍കിയത്. ഏകപക്ഷീയമായ വിജയത്തോടെ മുംബൈ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ റോയല്‍സ് പുറത്താവുകയും ചെയ്തു. വന്‍ മാര്‍ജിനിലുള്ള ജയം മുംബൈയെ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. റോയല്‍സാവട്ടെ ഏഴാംസ്ഥാനത്തേക്കും വീണു.

റോയല്‍സിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മുംബൈയുടെ വിജയമുറപ്പായിരുന്നു. എത്ര ഓവറില്‍ അവര്‍ അതു നേടിയെടുക്കുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. 91 എന്ന വളരെ ചെറിയ വിജയലക്ഷ്യമായിരുന്നു മുംബൈയ്ക്കു റോയല്‍സ് നല്‍കിയത്. 8.2 ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. സീസണിലെ ആദ്യ ഫിഫ്റ്റി കുറിച്ച ഇഷാന്‍ കിഷനാണ് (50*) മുംബൈയുടെ വിജയം വേഗത്തിലാക്കിയത്. 25 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വിജയ റണ്‍സ് കുറിക്കുമ്പോള്‍ ഇഷാനോടൊപ്പം അഞ്ചു റണ്‍സോടെ ഹാര്‍ദിക് പാണ്ഡ്യ പുറത്താവാതെ നിന്നു. നായകന്‍ രോഹിത് ശര്‍മ (22), സൂര്യകുമാര്‍ യാദവ് (13) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്കു നഷ്ടമായത്.

3

70 ബോളുകള്‍ ബാക്കിനില്‍ക്കെയാണ് മുംബൈയുടെ മിന്നുന്ന വിജയം. ഈ സീസണില്‍ റണ്‍ചേസില്‍ കൂടുതല്‍ ബോളുകള്‍ ബാക്കിനില്‍ക്കെ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേരിലായിരുന്ന ഒന്നംസ്ഥാനമാണ് മുംബൈ തട്ടിയെടുത്തത്. ആര്‍സിബിക്കെതിരേ അബുദാബിയില്‍ കെകെആറിന്റെ വിജയം 60 ബോളുകള്‍ ശേഷിക്കെയായിരുന്നു.

തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ട മുംബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം ക്രിക്കറ്റ് പ്രേമികളെ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. ടെസ്റ്റ് മല്‍സരത്തേക്കാള്‍ വിരസമായി മാറിയ കളിയില്‍ മുംബൈയ്ക്കു ജയിക്കാന്‍ 91 റണ്‍സ് മാത്രം മതി. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട റോയല്‍സിനു മുംബൈയുടെ മൂര്‍ച്ചയേറിയ ബൗളിങിനു മുന്നില്‍ ഒന്നും ചെയ്യാനായില്ല. ഒമ്പതു വിക്കറ്റിനു 90 റണ്‍സെടുക്കാനേ റോയല്‍സിനായുള്ളൂ. റണ്‍സെടുക്കുന്നതിനേക്കാള്‍ മുഴുവന്‍ ഓവര്‍ ക്രീസില്‍ തുടരണമെന്ന വാശിയുള്ളതു പോലെയായിരുന്നു റോയല്‍സ് താരങ്ങളുടെ ബാറ്റിങ്. ഇതോടെ കളി തീര്‍ത്തും വിരസമായി മാറി.

24 റണ്‍സെടുത്ത ഓപ്പണറും വെസ്റ്റ് ഇന്‍ഡീസ് താരവുമായ എവിന്‍ ലൂയിസാണ് റോയല്‍സിന്റെ ടോപ്‌സ്‌കോറര്‍. 19 ബോളികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. ഡേവിഡ് മില്ലര്‍ (15), രാഹുല്‍ തെവാത്തിയ (12), യശസ്വി ജയ്‌സ്വാള്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നായകന്‍ സഞ്ജു സാംസണ്‍ (3), ശിവം ദുബെ (3), ഗ്ലെന്‍ ഫിലിപ്‌സ് (4), ശ്രേയസ് ഗോപാല്‍ (0), ചേതന്‍ സക്കരിയ (6), മുസ്തഫിസുര്‍ റഹ്മാന്‍ (8*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.

നാലു വിക്കറ്റുകളെടുത്ത ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ നതാന്‍ കൂള്‍ട്ടര്‍ നൈലും
മൂന്നു വിക്കറ്റുകളെടുത്ത ന്യൂസിലാന്‍ഡിന്റെ ജിമ്മി നീഷാമും ചേര്‍ന്നാണ് റോയല്‍സിനെ വരിഞ്ഞുകെട്ടിയത്. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കൂള്‍ട്ടര്‍ നൈല്‍ നാലു പേരെ പുറത്താക്കിയതെങ്കില്‍ നീഷാം നാലോവറില്‍ 12 റണ്‍സിനാണ് മൂന്നു വിക്കറ്റുകളെടുത്തത്. രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ മികച്ച പിന്തുണ നല്‍കി.

2

മോശമല്ലാത്ത തുടക്കമായിരുന്നു റോയല്‍സിനു ജയ്‌സ്വാള്‍- ലൂയിസ് സഖ്യം നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 27 റണ്‍സ് നേടി. എന്നാല്‍ ജയ്‌സ്വാളിന്റെ പുറത്താവലോടെ റോയല്‍സിന്റെ തകര്‍ച്ചയാരംഭിക്കുകയായിരുന്നു. കൂള്‍ട്ടര്‍ നൈലിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ക്യാച്ചെടുക്കുകയായിരുന്നു. ലൂയിസ്-സഞ്ജു ജോടി രണ്ടാം വിക്കറ്റില്‍ 14 റണ്‍സെടുത്തു. പക്ഷെ ലൂയിസിന്റെ പുറത്താവലോടെ റോയല്‍സിനു പിഴയ്ക്കുകയായിരുന്നു.

ഒമ്പതു റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് റോയല്‍സിനു നഷ്ടമായത്. ഇതോടെ അവര്‍ അഞ്ചിനു 50 റണ്‍സിലേക്കു തകര്‍ന്നു. പിന്നീടൊരു തിരിച്ചുവരവ് റോയല്‍സിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ആറാം വിക്കറ്റില്‍ മില്ലര്‍-തെവാത്തിയ ജോടി തട്ടിയും മുട്ടിയും 21 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 71ല്‍ നില്‍ക്കെ തെവാത്തിയ മടങ്ങിയതോടെ റോയല്‍സിനു വീണ്ടുമൊരു കൂട്ടത്തകര്‍ച്ച നേരിട്ടു. 11 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ റോയല്‍സ് കളഞ്ഞുകുളിക്കുകയായിരുന്നു.

ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് മുംബൈ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. സൗത്താഫ്രിക്കന്‍ താരവും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിനു പകരം ഇഷാന്‍ കിഷനെ തിരിച്ചുവിളിച്ച മുംബൈ ക്രുനാല്‍ പാണ്ഡ്യയെയും പുറത്തിരുത്തി. പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാമുമാണ് പ്ലെയിങ് ഇലവനിലെത്തിയത്. റോയല്‍സ് ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. മായങ്ക് മര്‍ക്കാണ്ഡെയ്ക്കു പകരം ശ്രേയസ് ഗോപാലും ആകാഷ് സിങിനു പകരം കുല്‍ദിപ് യാദവും കളിച്ചു.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- എവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, ശ്രേയസ് ഗോപാല്‍, കുല്‍ദിപ് യാദവ്, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ജെയിംസ് നീഷാം, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

Story first published: Tuesday, October 5, 2021, 22:40 [IST]
Other articles published on Oct 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+