Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പട നയിച്ച് രാഹുല്‍, ത്രസിപ്പിക്കുന്ന ജയത്തോടെ പഞ്ചാബിന് പ്ലേഓഫ് പ്രതീക്ഷ

1

ദുബായ്: നായകന്റെ ഇന്നിങ്‌സുമായി കെ രാഹുല്‍ മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് വിജയം പൊരുതി നേടി. തോറ്റാല്‍ പുറത്താവുമെന്ന വെല്ലുവിളിയോടെ ഇറങ്ങിയ പഞ്ചാബ് മുന്‍ ചാപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അഞ്ചു വിക്കറ്റിനു മറികടക്കുകയായിരുന്നു. ഇതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ പഞ്ചാബ് കാത്തുസൂക്ഷിക്കുകയും ചെയ്തു. പഞ്ചാബ് ഈ കളിയിലെ ജയത്തോടെ 10 പോയിന്റോടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. 10 പോയിന്റ് തന്നെ നേടിയ കെകെആറാണ് തൊട്ടുമുകളില്‍. 10 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് തൊട്ടു പിന്നിലുമുണ്ട്.

166 എന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു പഞ്ചാബിന് ഒയ്ന്‍ മോര്‍ഗനും സംഘവും നല്‍കിയത്. ക്യാപ്റ്റന്‍ രാഹുലിന്റെ (62) ഫിഫ്റ്റിയും ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാളിന്റെ (40) സ്‌ഫോടനാത്മക ഇന്നിങ്‌സും പഞ്ചാബ് വിജയത്തിനു അടിത്തറയിടുകയായിരുന്നു. പക്ഷെ അവസാന ഓവറുകളില്‍ പതറുകയെന്ന പതിവ് പഞ്ചാബ് ഈ കളിയിലും ആവര്‍ത്തിച്ചെങ്കിലും ഇത്തവണ പക്ഷെ ജയം ഒപ്പം നിന്നു. മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു പഞ്ചാബിന്റെ ജയം. അഞ്ചു റണ്‍സായിരുന്നു അവസാന ഓവറില്‍ പഞ്ചാബിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. വെങ്കടേഷ് അയ്യരെറിഞ്ഞ ആദ്യ ബോളില്‍ ഷാരൂഖ് സിംഗിളെടുത്തു. രണ്ടാമത്തെ ബോളില്‍ രാഹുല്‍ പുറത്താതയോടെ പഞ്ചാബ് ഞെട്ടി. വീണ്ടുമൊരിക്കല്‍ക്കൂടി പഞ്ചാബ് പടിക്കല്‍ കലമുടയ്ക്കുമോയെന്നു ആരാധകരും ഭയന്നു. എന്നാല്‍ തൊട്ടടുത്ത ബോള്‍ സിക്‌സറിലേക്കു പറത്തി ഷാരൂഖ് ടീമിന്റെ ഹീറോയായി മാറി.

രാഹുല്‍ 52 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 62 റണ്‍സ് അടിച്ചെടുത്തത്. ഇതോടെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹം സ്വന്തമാക്കി. മായങ്കാവട്ടെ വെറും 27 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു 62 റണ്‍സ് വാരിക്കൂട്ടിയത്. ഷാരൂഖ് വെറും ഒമ്പത് ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 22 റണ്‍സുമായി പുറത്താവാതെ നിന്നു. നിക്കോളാസ് പൂരന്‍ (12), എയ്ഡന്‍ മര്‍ക്രാം (18), ദീപക് ഹൂഡ (3) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. കെകെആറിനു വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റുകളെടുത്തു. ശിവം മാവി, വെങ്കടേഷ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഉജ്ജ്വല ഇന്നിങ്‌സോടെ പഞ്ചാബിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ച രാഹുലാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 165 റണ്‍സാണ് നേടിയത്. യുഎഇയിലെ രണ്ടാംപാദത്തിലെ സെന്‍സേഷനായി മാറിയ ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ് കെകെആറിന്റെ ടോപ്‌സ്‌കോറര്‍. 49 ബോളില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് താരം 67 റണ്‍സ് നേടിയത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്.

വെങ്കിയെക്കൂടാതെ രാഹുല്‍ ത്രിപാഠി (34), നിതീഷ് റാണ (31) എന്നിവരാണ് കെകെആറിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ശുഭ്മാന്‍ ഗില്‍ (7), ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ (2), ടിം സെയ്‌ഫേര്‍ട്ട് (2), ദിനേശ് കാര്‍ത്തിക് (11) എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. പഞ്ചാബിനുവേണ്ടി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ രവി ബിഷ്‌നോയ് രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിക്കു ഒരു വിക്കറ്റ് ലഭിച്ചു.

3

കെകെആറിന്റെ തുടക്കം മോശമായിരുന്നു. വെങ്കി-ഗില്‍ ജോടിക്കു ഓപ്പണിങ് വിക്കറ്റില്‍ 18 റണ്‍സ് മാത്രമേ നേടാനായുള്ളൂ. പവര്‍പ്ലേയില്‍ അര്‍ഷ്ദീപിന്റെ ആദ്യ ഓവറില്‍ തന്നെ ഗില്‍ പുറത്തായി. ഏഴു ബോളില്‍ ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സ് മാത്രമെടുത്ത ഗില്ലിനെ അര്‍ഷ്ദീപ് ബൗള്‍ഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ വെങ്കി- ത്രിപാഠി സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കെകെആര്‍ കരകയറി. രണ്ടു പേരും അഗ്രസീവ് ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഈ ജോടി കരുത്താര്‍ജിക്കവെയാണ് ബിഷ്‌നോയ് പഞ്ചാബിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ത്രിപാഠിയെ ബിഷ്‌നോയ് ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ വെങ്കി- റാണ ജോടി 30 റണ്‍സ് നേടി. ബൗണ്ടറിക്കു ശ്രമിച്ച വെങ്കിയെ ഹൂഡയ്ക്കു സമ്മാനിച്ച് ബിഷ്‌നോയ് കെകെആറിനെ വീണ്ടും ഞെട്ടിച്ചു. പിന്നീട് കെകെആറിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

4

ടോസിനു ശേഷം പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വമ്പന്‍ താരങ്ങളില്ലാതെയാണ് ഇരുടീമുകളും ഈ പോരാട്ടത്തില്‍ ഇറങ്ങിയത്. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ പഞ്ചാബ് നിരയില്‍ ഇല്ലെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ കെകെആര്‍ ടീമിനും പുറത്താണ്. ബയോ ബബ്ള്‍ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് ഗെയ്ല്‍. എന്നാല്‍ പരിക്കു കാരണമാണ് ആന്ദ്രെ റസ്സലിനു പുറത്തിരിക്കേണ്ടി വന്നത്.

ഗെയ്‌ലിനു പകരം നാട്ടുകാരനായ ഫാബിയന്‍ അലെനാണ് ടീമിലേക്കു വന്നത്. ഓപ്പണിങില്‍ മന്‍പ്രീത് സിങിനു പകരം മായങ്ക് അഗര്‍വാള്‍ തിരികെ വന്നപ്പോള്‍ ഹര്‍പ്രീത് ബ്രാറിനു പകരം ഷാരൂഖ് ഖാനും കളിച്ചു. മറുഭാഗത്ത് കെകെആര്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ലോക്കി ഫെര്‍ഗൂസനു പകരം നാട്ടുകാരനായ ടിം സെയ്‌ഫോര്‍ട്ട് കന്നി മല്‍സരത്തില്‍ ഇറങ്ങി. മലയാളി താരം സന്ദീപ് വാര്യര്‍ക്കു പകരം ശിവം മാവിയും പ്ലെയിങ് ഇലവനിലേക്കു വന്നു.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ടിം സെയ്‌ഫേര്‍ട്ട്, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മര്‍ക്രാം, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, ഫാബിയന്‍ അലെന്‍, ഷാരൂഖ് ഖാന്‍, നതാന്‍ എല്ലിസ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.

Story first published: Saturday, October 2, 2021, 0:42 [IST]
Other articles published on Oct 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+