
ദുബായ്: വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗംഭീര വിജയത്തോടെ തുടര്‍ച്ചയായി രണ്ടാം ഐപിഎല്‍ സീസണിലും പ്ലേഓഫിനരികിലെത്തി. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു ആര്‍സിബി നിഷ്പ്രഭരാക്കുകയായിരുന്നു. കളിയുടെ ആദ്യ 10 ഓവറില്‍ റോയല്‍സായിരുന്നു മികച്ച ടീമെങ്കിലും പിന്നീടുള്ള 30 ഓവറുകളിലും ബാംഗ്ലൂരായിരുന്നു ബെസ്റ്റ്. ഈ പരാജയത്തിനു റോയല്‍സിനു സ്വയം പഴിക്കുക മാത്രമേ ചെയ്യാനുള്ളൂ. കാരണം വന്‍ ടോട്ടല്‍ നേടാമായിരുന്നിടത്തു നിന്നാണ് അവര്‍ 150നുള്ളിലേക്കു ഒതുങ്ങിയത്.
150 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു റോയല്‍സ് നല്‍കിയത്. 17.1 ഓവറില്‍ തന്നെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആര്‍സിബി വിജയത്തിലേക്കു കുതിച്ചെത്തി. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റിയടിച്ച ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് മാന്‍ ഓഫ് ദി മാച്ച്. 30 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 50 റണ്‍സാണ് മാക്‌സി നേടിയത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്താണ് (44) മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍. 35 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും താരം നേടി. ക്യാപ്റ്റന്‍ വിരാട് കോലി (25), ദേവ്ദത്ത് പടിക്കല്‍ (22) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
റോയല്‍സ് ബൗളര്‍മാര്‍ക്കു ആര്‍സിബി ബാറ്റിങ് നിരയ്ക്കു മേല്‍ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്താനായില്ല. ക്രിസ് മോറിസെറിഞ്ഞ 17ാം ഓവറില്‍ ഒരു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം ആര്‍സിബി വാരിക്കൂട്ടിയത് 22 റണ്‍സായിരുന്നു. ഇവയെല്ലാം മാക്‌സിയുടെ ബാറ്റില്‍ നിന്നായിരുന്നു. ഈ ഓവറാരംഭിക്കുമ്പോള്‍ 28 റണ്‍സുണ്ടായിരുന്ന അദ്ദേഹം ഓവര്‍ കഴിയുമ്പോഴേക്കേും ഫിഫ്റ്റി പൂര്‍ത്തിയാക്കുകയും ചെയ്തു.
ഈ വിജയത്തോടെ 11 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റുമായി മൂന്നാംസ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് ആര്‍സിബി. എന്നാല്‍ റോയല്‍സാവട്ടെ പുറത്താവലിന്റെ വക്കിലുമെത്തി. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാലും ഇനി സഞ്ജുവിന്റെ ടീം പ്ലേഓഫിലെത്തുമോയെന്ന കാര്യം സംശയമാണ്.
നിര്‍ണായക മല്‍സരത്തില്‍ ഗംഭീര തുടക്കത്തിനു ശേഷം റോയല്‍സ് തകരുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സിനു നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 149 റണ്‍സാണ് നേടാനായത്. ഒരു ഘട്ടത്തില്‍ 200ന് അടുത്ത് നേടുമെന്നു കരുതിയ റോയല്‍സ് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി തകര്‍ച്ചയിലേക്കു വീഴുകയായിരുന്നു. 58 റണ്‍സെടുത്ത ഓപ്പണറും വെസ്റ്റ് ഇന്‍ഡീസ് താരവുമായ എവിന്‍ ലൂയിസാണ് റോയല്‍സിന്റെ ടോപ്‌സ്‌കോറര്‍. 37 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. അദ്ദേഹത്തിന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയാണ്. രണ്ടാംപാദ മല്‍സരങ്ങള്‍ക്കു മുന്നോടിയായാണ് അദ്ദേഹം ടീമിലെത്തിയത്.
യശസ്വി ജയ്‌സ്വാള്‍(31), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (19), ക്രിസ് മോറിസ് (14) എന്നിവരാണ് റോയല്‍സ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. മഹിപാല്‍ ലൊംറോര്‍ (3), ലിയാം ലിവിങ്‌സ്റ്റണ്‍ (6), രാഹുല്‍ തെവാത്തിയ (2), റിയാന്‍ പരാഗ് (9), ചേതന്‍ സക്കരിയ (2), കാര്‍ത്തിക് ത്യാഗി (1*) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. മൂന്നു വിക്കറ്റുകളെടുത്ത പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ആര്‍സിബി ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാലോവറില്‍ 34 റണ്‍സിനാണ് താരം മൂന്നു പേരെ പുറത്താക്കിയത്. യുസ്വേന്ദ്ര ചഹലും ഷഹബാസ് അഹമ്മദും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. കന്നി മല്‍സരം കളിച്ച ജോര്‍ജ് ഗാര്‍ട്ടനും ഡാനിയേല്‍ ക്രിസ്റ്റിയനും ഓരോ വിക്കറ്റ് വീതം നേടി.
ഓപ്പണിങ് വിക്കറ്റില്‍ ലൂയിസ്-ജയ്‌സ്വാള്‍ ജോടി 8.2 ഓവറില്‍ 77 റണ്‍സ് അടിച്ചെടുത്തിരുന്നു. ഈ സഖ്യം അപകടകരമായ രീതിയില്‍ മുന്നേറവെയാണ് അരങ്ങേറ്റക്കാരനായ ഗാര്‍ട്ടനിലൂടെ ആര്‍സിബിക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ ലഭിക്കുന്നത്. 22 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 31 റണ്‍സെടുത്ത ജയ്‌സ്വാളിനെ മുഹമ്മദ് സിറാജ് പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ലൂയിസ്- സഞ്ജു ജോടി 23 റണ്‍സ് നേടി. 12ാം ഓവറിലെ ആദ്യ ബോളില്‍ ലൂയിസ് മടങ്ങിയതോടെയാണ് റോയല്‍സിന്റെ പതനം തുടങ്ങിയത്. 27 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ കൈവിട്ട റോയല്‍സ് ആറിന് 127ലേക്കു വീണു. ഇതോടെ സ്‌കോറിങിന്റെ വേഗം കുറഞ്ഞ റോയല്‍സിനു 150നുള്ളില്‍ ഒതുങ്ങേണ്ടി വരികയും ചെയ്തു.
ടോസിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓരോ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത് ന്യൂസിലാന്‍ഡ് പേസര്‍ കൈല്‍ ജാമിസണിനു പകരം ജോര്‍ജ് ഗാര്‍ട്ടന്‍ ആര്‍സിബി ടീമിലേക്കു വന്നു. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ ഗാര്‍ട്ടിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. റോയല്‍സ് ടീമിലെ ഏക മാറ്റം ജയദേവ് ഉനാട്കട്ടിനു പകരം കാര്‍ത്തിക് ത്യാഗി തിരിച്ചെത്തിയെന്നതാണ്. പരിക്കു കാരണം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ തൊട്ടുമുമ്പത്തെ മല്‍സരം കാര്‍ത്തികിന് നഷ്ടമായിരുന്നു.
പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- എവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, മഹിപാല്‍ ലൊംറോര്‍, റിയാന്‍ പരാഗ്/ശിവം ദുബെ, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ചേതന്‍ സക്കരിയ, കാര്‍ത്തിക് ത്യാഗി, മുസ്തഫിസുര്‍ റഹ്മാന്‍.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹബാസ് അഹമ്മദ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടന്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.