Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പഞ്ചാബിനെ പഞ്ചറാക്കി ഡിസി, ഉജ്ജ്വല ജയം- പോയിന്റ് പട്ടികയില്‍ തലപ്പത്ത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ പുതിയ നായകന്‍ മായങ്ക് അഗര്‍വാളിന്റെ കീഴില്‍ ആദ്യ മല്‍സരത്തിനിറങ്ങിയ പഞ്ചാബ് കിങ്‌സിനു തോല്‍വിയോടെ തുടക്കം. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് പഞ്ചാബിനെ പഞ്ചറാക്കിയത്. ഏഴു വിക്കറ്റിനാണ് ഡിസിയുടെ വിജയം. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിന്തള്ളി അവര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. സീസണില്‍ ആദ്യമായാണ് ഡിസി നമ്പര്‍ വണ്ണായത്.

1

167 റണ്‍സെന്ന മോശമല്ലാത്ത വിജയലക്ഷ്യമാണ് ഡിസിക്കു മുന്നില്‍ പഞ്ചാബ് വച്ചത്. പക്ഷെ ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഡിസിക്കു ഈ സ്‌കോര്‍ അത്ര വലിയ വെല്ലുവിളിയുയര്‍ത്തിയില്ല. പതിവുപോലെ ഓപ്പണിങ് ജോടികളായ ശിഖര്‍ ധവാന്‍- പൃഥ്വി ഷാ ജോടി മികച്ച തുടക്കം നല്‍കിയതോടെ ഡിസിക്കു കാര്യങ്ങള്‍ എളുപ്പമായി. പൃഥ്വി പുറത്തായ ശേഷവും മാച്ച് വിന്നിങ് ഇന്നിങ്‌സോടെ ധവാന്‍ (69*) ഡിസിയുടെ വിജയം പൂര്‍ത്തിയാക്കി. 47 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. സ്‌കോര്‍: പഞ്ചാബ് ആറിന് 166. ഡല്‍ഹി 17.4 ഓവറില്‍ മൂന്നിന് 167

ധവാനെക്കൂടാതെ പൃഥ്വി (39), സ്റ്റീവ് സ്മിത്ത് (24) എന്നിവരാണ് ഡിസിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. നായകന്‍ റിഷഭ് 14 റണ്‍സിനു പുറത്തായി. നാലു ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 16 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ധവാനോടൊപ്പം പുറത്താവാതെ നിന്നു. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് പഞ്ചാബിനു മേല്‍ ഡിസി വെന്നിക്കൊടി പാറിച്ചത്. നേരത്തേ ആദ്യപാദത്തിലും ഡിസി ആറു വിക്കറ്റിനു പഞ്ചാബിനെ തകര്‍ത്തുവിട്ടിരുന്നു.

ആദ്യ വിക്കറ്റില്‍ പൃഥ്വി- ധവാന്‍ സഖ്യം 66 റണ്‍സ് അടിച്ചെടുത്തിരുന്നു. വെറും ആറ് ഓവറിലായിരുന്നു ഇത്. ഏഴാം ഓവറിലെ ആദ്യ ബോളില്‍ പൃഥ്വിയെ ബൗള്‍ഡാക്കി ഹര്‍പ്രീത് പഞ്ചാബിനു പ്രതീക്ഷ നല്‍കി. 22 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും പൃഥ്വിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. രണ്ടാം വിക്കറ്റില്‍ ധവാന്‍- സ്മിത്ത് ജോടി 48 റണ്‍സ് നേടിയതോടെ ഡിസി വിജയത്തിലേക്കു ആദ്യ ചുവടുവച്ചു. മൂന്നാം വിക്കറ്റില്‍ നായകന്‍ റിഷഭിനൊപ്പം 36 റണ്‍സെടുത്ത ധവാന്‍ വിജയമുറപ്പിക്കുകയും ചെയ്തു. ഫിനിഷിങിന്റെ ചുമതല ഹെറ്റ്‌മെയര്‍ക്കായിരുന്നു. ധവാനെ കാഴ്ചക്കാരനാക്കി നിര്‍ത്തി അദ്ദേഹം അതു പൂര്‍ത്തിയാക്കി.

2

നേരത്തേ കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ പഞ്ചാബിനെ നയിച്ച മായങ്ക് നായകന്റെ ഇന്നിങ്‌സുമായി ടീമിനെ രക്ഷിക്കുകയായിരുന്നു. മായങ്കിന്റെ (99*) ഇന്നിങ്‌സിന്റെ മികവില്‍ പഞ്ചാബ് ആറു വിക്കറ്റിനു 166 റണ്‍സെടുക്കുകയായിരുന്നു. 58 ബോളില്‍ എട്ടു ബൗണ്ടറികളും നാലുസിക്‌സറുമടക്കമാണ് മായങ്ക് പഞ്ചാബിന്റെ അമരക്കാരനായത്.

പഞ്ചാബ് നിരയില്‍ മറ്റാരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. അരങ്ങേറ്റ മല്‍സരം കളിച്ച ഡേവിഡ് മലാന്‍ (26), ക്രിസ് ഗെയ്ല്‍ (13), പ്രഭ്‌സിമ്രന്‍ സിങ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. വമ്പനടിക്കാരായ ദീപക് ഹൂഡ (1), ഷാരൂഖ് ഖാന്‍ (4), ക്രിസ് ജോര്‍ഡന്‍ (2) എന്നിവര്‍ നിരാശപ്പെടുത്തി. മായങ്കിനൊപ്പം ഹര്‍പ്രീത് ബ്രാര്‍ (4*) പുറത്താവാതെ നിന്നു. ഡിസിക്കായി കാഗിസോ റബാഡ മൂന്നു വിക്കറ്റുകളെടുത്തു. അവേശ് ഖാനും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.

3

ടോസ് ലഭിച്ച ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അസുഖം കാരണം രാഹുല്‍ പിന്‍മാറിയതോടെയാണ് മായങ്കിന് നായകസ്ഥാനം ലഭിച്ചത്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് പഞ്ചാബ് കളിച്ചത്. രാഹുലിനു പകരം പരിക്കു ഭേദമായ മായങ്ക് മടങ്ങിയെത്തിയപ്പോള്‍ മോശം ഫോമിലുള്ള നിക്കോളാസ് പൂരനെ പുറത്തിരുത്തി ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തി. ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയായ മലാന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. അതേസമയം, ഡിസി കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രന്‍ സിങ് (വിക്ക്റ്റ് കീപ്പര്‍) ക്രിസ് ഗെയ്ല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മലാന്‍, ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ഡന്‍, റിലേ മെറെഡിത്ത്, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ലളിത് യാദവ്, കാഗിസോ റബാഡ, ഇഷാന്ത് ശര്‍മ, അവേശ് ഖാന്‍.

Story first published: Sunday, May 2, 2021, 23:17 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+