Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: തല മാറിയിട്ടും തലവര മാറിയില്ല, എസ്ആര്‍എച്ചിനു തോല്‍വി തന്നെ- രാജസ്ഥാന് മികച്ച ജയം

ഡല്‍ഹി: ഐപിഎല്ലില്‍ ക്യാപ്റ്റനെ മാറ്റിയിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു രക്ഷയില്ല. കെയ്ന്‍ വില്ല്യംസണിനു കീഴില്‍ ആദ്യ മല്‍സരം കളിച്ച എസ്ആര്‍എച്ച് 55 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സിനോടു ഏറ്റുവാങ്ങിയത്. ഇതോടെ അവരുടെ പ്ലേഓഫ് സാധ്യതകള്‍ കൂടുതല്‍ അവതാളത്തിലായിരിക്കുകയാണ്.

1

221 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് എസ്ആര്‍എച്ചിനു രാജസ്ഥാന്‍ നല്‍കിയത്. അപ്പോള്‍ തന്നെ അവരുടെ വിജയസാധ്യതകള്‍ തുലാസിലായിരുന്നു. മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറെ പുറത്തിരുത്തി ഇറങ്ങിയ എസ്ആര്‍ച്ച് കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ തന്നെ തീഴടങ്ങി. എട്ടു വിക്കറ്റിനു 165 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. സ്‌കോര്‍: രാജസ്ഥാന്‍ മൂന്നിന് 220, ഹൈദരാബാദ് എട്ടു വിക്കറ്റിന് 165.

എസ്ആര്‍എച്ച് നിരയില്‍ ആര്‍ക്കും തന്നെ 35ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. വാര്‍ണറുടെ അഭാവത്തില്‍ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച മനീഷ് പാണ്ഡെയാണ് (31) ടോപ്‌സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ 30 റണ്‍സെടുത്തു. നായകന്‍ വില്ല്യംസണിനു 20 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിജയ് ശങ്കര്‍ (8), കേദാര്‍ ജാദവ് (19), മുഹമ്മദ് നബി (17), അബ്ദുള്‍ സമദ് (10), റാഷിദ് ഖാന്‍ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. മൂന്നു വിക്കറ്റ് വീതമെടുത്ത മുസ്തഫിസുര്‍ റഹ്മാനും ക്രിസ് മോറിസും ചേര്‍ന്നാണ് എസ്ആര്‍എച്ചിന്റെ കഥ കഴിച്ചത്.

2

ഓപ്പണിങ് വിക്കറ്റില്‍ 59 റണ്‍സെടുക്കാന്‍ ബെയര്‍‌സ്റ്റോ- പാണ്ഡെ ജോടിക്കായിരുന്നു. ഏഴാം ഓവറിലെ ആദ്യ ബോളിലാണ് പാണ്ഡെ പുറത്താവുന്നത്. മുസ്തഫിസുറിന്റെ ബൗളിങില്‍ അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. 20 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും പാണ്ഡെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. പാണ്ഡെ പുറത്തായ ശേഷം എസ്ആര്‍എച്ചിനു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. പിന്നീടൊരിക്കല്‍പ്പോലും റണ്‍ചേസില്‍ എസ്ആര്‍എച്ച് ഉണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ മൂന്നു വിക്കറ്റിനാണ് 220 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ ജോസ് ബട്‌ലറുടെ (124) കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. 64 ബോളില്‍ 11 ബൗണ്ടറികളും എട്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ബട്‌ലറുടെ തീപ്പൊരി ഇന്നിങ്‌സ്. 56 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം മൂന്നക്കം കടന്നത്. നായകന്‍ സഞ്ജു സാംസണാണ് (48) രാജസ്ഥാന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. യശസ്വി ജയ്‌സ്വാളാണ് (12) പുറത്തായ മറ്റൊരു താരം റിയാന്‍ പരാഗ് (15*), ഡേവിഡ് മില്ലര്‍ (7*) പുറത്താവാതെ നിന്നു. അവസാന അഞ്ചോവറില്‍ 74 റണ്‍സ് രാജസ്ഥാന്‍ വാരിക്കൂട്ടി. രണ്ടു വിക്കറ്റുകളാണ് ഇതിനിടെ അവര്‍ കൈവിട്ടത്.

രണ്ടാം വിക്കറ്റില്‍ ബട്‌ലറും നായകന്‍ സഞ്ജു സാംസണും ചേര്‍ന്നെടുത്ത 150 റണ്‍സാണ് രാജസ്ഥാനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. എസ്ആര്‍എച്ചിന്റെ പുതിയ നായകന്‍ വില്ല്യംസണ്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും രാജസ്ഥാന്റെ റണ്ണൊഴുക്ക് തടയാനായില്ല. 17ാം ഓവറിലെ നാലാമത്തെ ബോളില്‍ സഞ്ജു മടങ്ങുമ്പോഴേക്കും രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. ഫിഫ്റ്റിക്കു രണ്ട് റണ്‍സ് അകലെ വച്ച് വിജയ് ശങ്കറിന്റെ ബൗളിങില്‍ ബൗണ്ടറി ലൈനനിന് തൊട്ടരികില്‍ അബ്ദുള്‍ സമദ് മികച്ചൊരു ക്യാച്ചിലൂടെ സഞ്ജുവിനെ പുറത്താക്കുകയായിരുന്നു. 33 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

സഞ്ജു മടങ്ങിയ ശേഷവും ബട്‌ലര്‍ വെടിക്കെട്ട് തുടര്‍ന്നു. സന്ദീപ് ശര്‍മയെറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സാണ് ബട്‌ലര്‍ വാരിക്കൂട്ടിയത്. മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. ഒരു സിക്‌സര്‍ ഫ്രിഹിറ്റില്‍ നിന്നായിരുന്നു. ഇതേ ഓവറിലെ അവസാന ബോളില്‍ ബട്‌ലര്‍ ബൗള്‍ഡായി ക്രീസ് വിടുകയും ചെയ്തു.

ടോസിനു ശേഷം വില്ല്യംസണ്‍ ബൗളിങ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയാണ് എസ്ആര്‍എച്ച് ഇറങ്ങിയതെന്നതാണ് ശ്രദ്ധേയം. വാര്‍ണറെക്കൂടാതെ രണ്ടു പേരെക്കൂടി പ്ലെയിങ് ഇലവനില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തി. എം സുചിത്, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ക്കു പകരം മുഹമ്മദ് നബിയും ഭുവനേശ്വര്‍ കുമാറുമാണ് ടീമിലേക്കു വന്നത്. വാര്‍ണര്‍ക്കു പകരം ടീമിലെത്തിയ യുവതാരം അബ്ദുള്‍ സമദിന് ഓപ്പണറുടെ റോളാണ് നല്‍കിയിരിക്കുന്നത്. മറുഭാഗത്ത് രാജസ്ഥാന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. ജയദേവ് ഉനാട്കട്ട്, ശിവം ദുബെ എന്നിവരെ പുറത്തിരുത്തിയ രാജസ്ഥാന്‍ കാര്‍ത്തിക് ത്യാഗി, അനജ് റാവത്ത് എന്നിവരെ ഇറക്കി. റാവത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്.

പ്ലെയിങ് ഇലവന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അബ്ദുള്‍ സമദ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍.

രാജസ്ഥാന്‍ റോയല്‍സ്-ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അനൂജ് റാവത്ത്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റിയാന്‍ പരാഗ്, ക്രിസ് മോറിസ്, കാര്‍ത്തിക് ത്യാഗി, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Sunday, May 2, 2021, 19:22 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+