Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ശിഖര്‍, പൃഥ്വി 'ഷോ', സിഎസ്‌കെയെ തകര്‍ത്ത് ക്യാപ്റ്റന്‍സി അരങ്ങേറ്റം ഗംഭീരമാക്കി പന്ത്

മുംബൈ: ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇതിനേക്കാള്‍ മികച്ചൊരു അരങ്ങേറ്റം ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനു ലഭിക്കാനില്ല. തന്റെ ആരാധനാപാത്രവും 'ഗുരുവുമായ' എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് പന്ത് ക്യാപ്റ്റനെന്ന നിലയില്‍ തുടക്കം അവിസ്മരണീയമാക്കി. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കഴിഞ്ഞ സീസണിലെ റണ്ണറപ്പുകള്‍ കൂടിയായ ഡിസി ആഘോഷിച്ചത്. സിഎസ്‌കെതിരേ ഡിസിയുടെ ഹാട്രിക് ജയം കൂടിയാണിത്. കഴിഞ്ഞ സീസണിലെ രണ്ടു മല്‍സരങ്ങളിലും ജയം ഡല്‍ഹിക്കായിരുന്നു.

1

ബാറ്റിങ് കരുത്തിലാണ് ഇത്തവണ ഡിസി മിന്നുന്ന വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത് സിഎസ്‌കെ 189 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം മുന്നില്‍ വച്ചപ്പോള്‍ ഡിസി മറികടക്കുമോയെന്ന് എല്ലാവരും സംശയിച്ചിരുന്നു. ധോണിയെന്ന തന്ത്രശാലിയായ ക്യാപ്റ്റന്‍ മറുഭാഗത്തുണ്ടെന്നതു തന്നെയായിരുന്നു കാരണം. എന്നാല്‍ ഓപ്പണര്‍മാരുടെ കണ്ണഞ്ചിക്കുന്ന ബാറ്റിങ് പ്രകടനം സിഎസ്‌കെയുടെ കഥ കഴിച്ചു.

ശിഖര്‍ ധവാന്‍ 85 റണ്‍സോടെ ടോപ്‌സ്‌കോററായപ്പോള്‍ പൃഥ്വി ഷാ 72 റണ്‍സെടുത്ത് മികച്ച പിന്തുണയേകി. 54 ബോളില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ധവാന്‍ 85 റണ്‍സെടുത്തതെങ്കില്‍ പൃഥ്വി വെറും 38 ബോളിലാണ് ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 72 റണ്‍സ് വാരിക്കൂട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ ധവാന്‍-പൃഥ്വി ജോടി വെറും 13 ഓവറില്‍ 138 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ കളി സിഎസ്‌കെയുടെ കൈകൡ നിന്നു വഴുതിപ്പോയിരുന്നു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (14), നായകന്‍ പന്ത് (15*), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (0*) എന്നിവര്‍ ചേര്‍ന്നു ആറു ബോളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഡിസിയുടെ വിജയം പൂര്‍ത്തിയാക്കി. സ്‌കോര്‍: സിഎസ്‌കെ ഏഴിന് 188. ഡിസി 18.4 ഓവറില്‍ മൂന്നു വിക്കറ്റിന് 190.

2

ഒരു വര്‍ഷത്തെ ബ്രേക്കിനു ശേഷം തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ ഏഴു വിക്കറ്റിന് 188 റണ്‍സ് നേടി. റെയ്‌നയുടെ (54) ഇന്നിങ്‌സാണ് സിഎസ്‌കെ ഇന്നിങ്‌സിനു കരുത്തായത്. ടീമിനെ സംബന്ധിച്ച് താന്‍ എത്ര മാത്രം നിര്‍ണായക താരമാണെന്നു ഈ ഇന്നിങ്‌സിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

3

36 ബോളില്‍ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് റെയ്‌ന 54 റണ്‍സ് അടിച്ചെടുത്തത്. സ്‌കോര്‍ 44ല്‍ നില്‍ക്കെ സിക്‌സറടിച്ച് രാജകീയമായി തന്നെയാണ് ആരാധകരുടെ 'ചിന്നത്തല' ഫിഫ്റ്റി തികച്ചത്. അരങ്ങേറ്റക്കാരന്‍ മോയിന്‍ അലി 36 (24 ബോള്‍, നാലു ബൗണ്ടറി, 2 സിക്‌സര്‍), സാം കറെന്‍ 34 (15 ബോള്‍, 4 ബൗണ്ടറി, 2 സിക്‌സര്‍), രവീന്ദ്ര ജഡേജ 26* (17 ബോള്‍, 3 ബൗണ്ടറി), അമ്പാട്ടി റായുഡു 23 (16 ബോള്‍, 2 സിക്‌സര്‍, 1 ബൗണ്ടറി) എന്നിവരാണ് സിഎസ്‌കെയുടെ മറ്റു സ്‌കോറര്‍മാര്‍. രണ്ടു വിക്കറ്റെടുത്ത ക്രിസ് വോക്‌സും അവേശ് ഖാനുമാണ് ഡിസി ബൗളര്‍മാരില്‍ മികച്ചുനിന്നത്. കന്നി മല്‍സരം കളിച്ച ടോം കറെനും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സിഎസ്‌കെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ രണ്ടക്കം തികയ്ക്കുമ്പോഴേക്കും അവര്‍ക്കു രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഫാഫ് ഡുപ്ലെസിയാണ് (0) ആദ്യം മടങ്ങിയത്. അവേശ് അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ചെന്നൈ ഒന്നിന് ഏഴ്. ഇതേ സ്‌കോറില്‍ റുതുരാജ് ഗെയ്ക്വാദും ക്രീസ് വിട്ടു. വോക്‌സിന്റെ ബൗളിങില്‍ റുതുരാജിനെ സ്ലിപ്പില്‍ ശിഖര്‍ ധവാന്‍ പിടികൂടി.

4

പിന്നീടാണ് കളിയില്‍ വഴിത്തിരിവായി മാറിയ കൂട്ടുകെട്ട് കണ്ടത്. അലിയും റെയ്‌നയും ഒന്നിച്ചതോടെ സിഎസ്‌കെ ഇന്നിങ്‌സിന് പുതുജീവന്‍ കിട്ടി. 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. അലി പുറത്തായ ശേഷം റായുഡുവിനെ കൂട്ടുപിടിച്ച് റെയ്‌ന 63 റണ്‍സ് അടിച്ചെടുത്തതോടെ സിഎസ്‌കെയുടെ സ്‌കോര്‍ 120 കടന്നു. ധോണി രണ്ടാമത്തെ ാേബോളില്‍ ഡെക്കായി മടങ്ങിയെങ്കിലും ഇതു സിഎസ്‌കെയെ തളര്‍ത്തിയില്ല. അവസാന ഓവറുകളില്‍ കറെന്റെയും ജഡേജയുടെയും വെടിക്കെട്ട് പ്രകടനം സിഎസ്‌കെയെ മികച്ച ടോട്ടലില്‍ എത്തിക്കുകയും ചെയ്തു. അവസാന അഞ്ചോറില്‍ 52 റണ്‍സ് സിഎസ്‌കെ നേടി.

രണ്ടു വിദേശ താരങ്ങള്‍ ഈ മല്‍സരത്തിലൂടെ ഡിസിക്കായി അരങ്ങേറി. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍മാരായ ക്രിസ് വോക്‌സ്, ടോം കറെന്‍ എന്നിവരാണ് ഡിസിക്കായി ആദ്യ മല്‍സരത്തിന് ഇറങ്ങിയത്. സിഎസ്‌കെയ്ക്കു വേണ്ടി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയും ആദ്യ മല്‍സരം കളിച്ചു.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ക്രിസ് വോക്‌സ്, ടോം കറെന്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവരാണ് ഡിസിയുടെ പ്ലെയിങ് ഇലവനിലെ വിദേശ താരങ്ങള്‍. ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെ ഡിസി കളിപ്പിച്ചില്ല. സിഎസ്‌കെയിലെ വിദേശ താരങ്ങള്‍ ഫാഫ് ഡുപ്ലെസി, മോയിന്‍ അലി, സാം കറെന്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരായിരുന്നു. സിഎസ്‌കെയിലെ പുതിയ അംഗവും ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പുജാര പ്ലെയിങ് ഇലവനില്‍ ഇല്ല. റുതുരാജ് ഗെയ്ക്വാദും അമ്പാട്ടി റായുഡുവുമാണ് ഓപ്പണര്‍മാര്‍.

പ്ലെയിങ് ഇലവന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ക്രിസ് വോക്‌സ്, ടോം കറെന്‍, രവിചന്ദ്രന്‍ അശ്വിന്‍, അമിത് മിശ്ര, അവേശ് ഖാന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, ഫാഫ് ഡുപ്ലെസി, സുരേഷ് റെയ്ന, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, സാം കറെന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍, ഡ്വയ്ന്‍ ബ്രാവോ.

Story first published: Sunday, April 11, 2021, 0:31 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+