Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ജഡേജയോടു തോറ്റ് ആര്‍സിബി! നാണംകെട്ടു- വമ്പന്‍ ജയത്തോടെ സിഎസ്‌കെ തലപ്പത്ത്

മുംബൈ: ഐപിഎല്ലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാണംകെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാലു തുടര്‍ വിജയങ്ങളുമായെത്തിയ ആര്‍സിബിയെ സിഎസ്‌കെ 69 റണ്‍സിനു വാരിക്കളയുകയായിരുന്നു. സിഎസ്‌കെയോടല്ല, മറിച്ച് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയോടാണ് ആര്‍സിബി തോറ്റതെന്നു പറഞ്ഞാലും തെറ്റില്ല. കാരണം ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലും ജഡ്ഡു ആര്‍സിബിയുടെ അന്തകനായി മാറി.

1

ജഡ്ഡുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികകവില്‍ 192 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് ആര്‍സിബിക്കു സിഎസ്‌കെ നല്‍കിയത്. നന്നായി തുടങ്ങിയ ആര്‍സിബി പിന്നീട് സ്പിന്നര്‍മാരുടെ വരവോടെ കടപുഴകുകയായിരുന്നു. മൂന്നു വിക്കറ്റുകളുമായി ജഡ്ഡു സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ സീസണിലെ ആദ്യ മല്‍സരം കളിച്ച ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റുമായി മികച്ച പിന്തുണയേകി. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡ്ഡു മൂന്നു പേരെ പുറത്താക്കിയത്. അപകടകാരികളായ ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദറാണ് മറ്റൊരു ഇര. നേരിട്ടുള്ള ത്രോയില്‍ ഡാനിയേല്‍ ക്രിസ്റ്റിയനെ റണ്ണൗട്ടാക്കി ഫീല്‍ഡിങിലും ജഡ്ഡു സാന്നിധ്യമറിയിച്ചു.

192 റണ്‍സിന്റെ ലക്ഷ്യത്തിലേക്കു മോശമല്ലാത്ത തുടക്കമാണ് ആര്‍സിബിക്കു ലഭിച്ചത്. ഒാപ്പണര്‍മാരായ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ആദ്യ വിക്കറ്റില്‍ 44 റണ്‍സെടുത്തു. എന്നാല്‍ കോലിയെ സാം കറെന്‍ പുറത്താക്കിയ ശേഷം ആര്‍സിബിക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒന്നിന് 54ല്‍ നിന്നും എട്ടിന് 94ലേക്കു വീണ അവര്‍ കനത്ത തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഓവറില്‍ റണ്‍സിന് ആര്‍സിബി കൂടാരം കയറി. സ്‌കോര്‍- ചെന്നൈ നാലിന് 191. ബാംഗ്ലൂര്‍ ഒമ്പതിനു 122. ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

34 റണ്‍സെടുത്ത ദേവ്ദത്താണ് ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 15 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്‍ (22), കൈല്‍ ജാമിസണ്‍ (16), മുഹമ്മദ് സിറാജ് (12*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. കോലി (8), വാഷിങ്ടണ്‍ സുന്ദര്‍ (7), എബിഡി (4), ഡാനിയേല്‍ ക്രിസ്റ്റിയന്‍ (1), ഹര്‍ഷല്‍ പട്ടേല്‍ (0), നവദീപ് സെയ്‌നി (2) എന്നിവരാണ് പുറത്തായത്.

2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട സിഎസ്‌കെ നാലു വിക്കറ്റിന് 191 റണ്‍സാണ് നേടിയത്. 19 ഓവര്‍ കഴിയുമ്പോള്‍ സിഎസ്‌കെയുടെ സ്‌കോര്‍ ബോര്‍ഡില്‍ നാലു വിക്കറ്റിന് 154 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഹര്‍ഷല്‍ പട്ടേലെറിഞ്ഞ അവസാന ഓവര്‍ കളി തന്നെ മാറ്റിമറിച്ചു. അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 37 റണ്‍സ് സിഎസ്കെ വാരിക്കൂട്ടി. ടീമിനെ 190ന് മുകളിലെത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് രവീന്ദ്ര ജഡേജയുടെ ഇടിവെട്ട് ഇന്നിങ്‌സായിരുന്നു. വെറും 28 ബോളില്‍ അഞ്ചു സിക്‌സറും നാലു ബൗണ്ടറികളുമടക്കം പുറത്താവാതെ 62 റണ്‍സ് ജഡ്ഡു വാരിക്കൂട്ടി. ഹര്‍ഷലിന്റെ അവസാന ഓവറില്‍ നായകന്‍ എംഎസ് ധോണിയെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി 37 റണ്‍സും അടിച്ചെടുത്തത് ജഡ്ഡുവായിരുന്നു.

ഓപ്പണര്‍ ഫഫ് ഡുപ്ലെസിയാണ് (50) സിഎസ്‌കെയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.
തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ഡുപ്ലെസി ഫിഫ്റ്റി കണ്ടെത്തിയത്. 41 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റുതുരാജ് ഗെയ്ക്വാദ് (33), സുരേഷ് റെയ്‌ന (24), അമ്പാട്ടി റായുഡു (14) എന്നിവരുടെ വിക്കറ്റുകളാണ് സിഎസ്‌കെയ്ക്കു നഷ്ടമായത്. ജഡേജയോടൊപ്പം രണ്ടു റണ്‍സോടെ ധോണി പുറത്താവാതെ നിന്നു. ടൂര്‍ണമെന്റില്‍ വിക്കറ്റ് കൊയ്ത്തില്‍ മുന്നിലുള്ള പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയായ ഹര്‍ഷല്‍ പട്ടേല്‍ ആര്‍സിബിക്കായി മൂന്നു വിക്കറ്റുകളെുത്തു. ഇതില്‍ അടുത്തടുത്ത ബോളുകളിലാണ് അദ്ദേഹം രണ്ടു പേരെ പുറത്താക്കിയത്.

2

മികച്ച തുടക്കമായിരുന്നു ഡുപ്ലെസിയും ഗെയ്ക്ക്വാദും സിഎസ്‌കെയ്ക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 74 റണ്‍സ് അടിച്ചെടുത്തു. കളി ആര്‍സിബിയുടെ കൈകളില്‍ നിന്നും വഴുതിപ്പോകവെയാണ് യുസ്വേന്ദ്ര ചഹല്‍ നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 25 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമക്കം 33 റണ്‍സെടുത്തസ ഗെയ്ക്വാദിനെ ചഹല്‍ കൈല്‍ ജാമിസണിനു സമ്മാനിച്ചു.

മോയിന്‍ അലിയുടെ അഭാവത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ റെയ്‌ന മികച്ച ഫോമിലായിരുന്നു. രണ്ടാം വിക്കറ്റില്‍ ഡുപ്ലെസി- റെയ്‌ന സഖ്യം 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് സിഎസ്‌കെയുടെ റണ്‍റേറ്റില്‍ ഇടിവുണ്ടായത്. 14ാം ഓവറിലെ നാലാമത്തെ ബോളില്‍ റെയ്‌നയെ ഹര്‍ഷല്‍ ദേവ്ദത്ത് പടിക്കലിനു സമ്മാനിച്ചു. തൊട്ടടുത്ത ബോളില്‍ ഡുപ്ലെസിയെ ഹര്‍ഷല്‍ ക്രിസ്റ്റ്യന്റെ കൈകളിലുമെത്തിച്ചതോടെ സിഎസ്‌കെ സ്തബ്ധരായി. ഈ ഇരട്ട പ്രഹരം സിഎസ്‌കെയുടെ താളം തെറ്റിച്ചു. മികച്ച റണ്‍റേറ്റില്‍ മുന്നേറിയ സിഎസ്‌കെയുടെ സ്‌കോറിങിനു ഇതോടെ വേഗം കുറയുകയും ചെയ്തു. അവസാന ഓവറില്‍ ജഡേജയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് സിഎസ്‌കെയെ 190 കടത്തിയത്.

ടോസിനു ശേഷം ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഫിറ്റല്ലാത്തതിനെ തുടര്‍ന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്കു സിഎസ്‌കെ വിശ്രമം നല്‍കി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയും ടീമില്‍ ഇല്ല. പകരം ഡ്വയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്്പിന്നറായ താഹിര്‍ ഈ സീസണില്‍ കളിച്ച ആദ്യ മല്‍സരമാണിത്. അതേസമയം, ഷഹബാസ് അഹമ്മദ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ക്കു പകരം നവദീപ് സെയ്‌നി, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവരെ ആര്‍സിബി കളിപ്പിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്ക്വാദ്, ഫഫ് ഡുപ്ലെസി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സാം കറെന്‍, രവീന്ദ്ര ജഡേജ, ദീപക് ചഹര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഇമ്രാന്‍ താഹിര്‍, ഡ്വയ്ന്‍ ബ്രാവോ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, കൈല്‍ ജാമിസണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹര്‍, നവദീപ് സെയ്‌നി.

Story first published: Sunday, April 25, 2021, 19:23 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+