Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മോറിസ്, സഞ്ജു- രാജസ്ഥാന്റെ റോയല്‍ തിരിച്ചുവരവ്, കെകെആറിനു നാലാം തോല്‍വി

മുംബൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കു ബ്രേക്കിട്ടു രാജസ്ഥാന്‍ റോയല്‍സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് സഞ്ജു സാംസണും സംഘവും തുരത്തിയത്. ആറു വിക്കറ്റിന്റെ മികച്ച വിജയമാണ് രാജസ്ഥാന്‍ ആഘോഷിച്ചത്. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം രാജസ്ഥാന്റെ ആദ്യ വിജയമാണിത്. എന്നാല്‍ കെകെആറിന്റെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയാണിത്. ഇതോടെ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

1

ബാറ്റിങിനു പേരുകേട്ട വാംഖഡെയില്‍ രാജസ്ഥാന്റെ കണിശതയാര്‍ന്ന ബൗളിങിനു മുന്നില്‍ ചൂളിപ്പോയ കെകെആറിന് പിന്നീടൊരു മടങ്ങിവരവുണ്ടായില്ല. 134 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് കെകെആര്‍ രാജസ്ഥാനു മുന്നില്‍ വച്ചത്. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച സഞ്ജു (42*) ടീമിന്റെ പുറത്താവാതെ ടീമിന്റെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. 18.5 ഓവറില്‍ നാലു വിക്കറ്റിനു രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. സ്‌കോര്‍: കെകെആര്‍ ഒമ്പതു വിക്കറ്റിന് 133. രാജസ്ഥാന്‍ 18.5 ഓവറില്‍ നാലിനു വിക്കറ്റിന് 134.

2

പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായി ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ സഞ്ജു 41 ബോളിലാണ് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം ടീമിന്റെ വിജയത്തിനു ചുക്കാന്‍പിടിച്ചത്. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ സഞ്ജുവിനൊപ്പം ഡേവിഡ് മില്ലറായിരുന്നു (24*) ക്രീസില്‍. ജോസ് ബട്‌ലര്‍ (5), യശസ്വി ജയ്‌സ്വാള്‍ (22), ശിവം ദുബെ (22), രാഹുല്‍ തെവാത്തിയ (5) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ പുറത്തായത്. കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ശിവം മാവിയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതമെടുത്തു.

രാജസ്ഥാനു മോശമല്ലാത്ത തുടക്കമാണ് ബട്‌ലര്‍- ജയ്‌സ്വാള്‍ ജോടി നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 21 റണ്‍സ് നേടി. ബട്‌ലറാണ് ആദ്യം പുറത്തായത്. വരുണിന്റെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. മൂന്നാമതായി ക്രീസിലെത്തിയ സഞ്ജു യാതൊരു ധൃതിയും കാണിക്കാതെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനാണ് ശ്രമിച്ചത്. രണ്ടാം വിക്കറ്റില്‍ സഞ്ജു- ജയ്‌സ്വാള്‍ ജോടി 19 റണ്‍സ് നേടി. തുടര്‍ന്നെത്തിയ ദുബെയ്‌ക്കൊപ്പം 45 റണ്‍സ് സഞ്ജു ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തു. രാജസ്ഥാന്റെ ഇന്നിങ്‌സിന് അടിത്തറയിട്ടതും ഈ ജോടിയായിരുന്നു. ദുബെ, തെവാത്തിയ എന്നിവര്‍ അടുത്ത ഇടവേളകളില്‍ പുറത്തായെങ്കിലും അപരാജിതമായ അഞ്ചാം വിക്കറ്റില്‍ മില്ലറോടൊപ്പം 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സഞ്ജു ടീമിന്റെ വിജയം പൂര്‍ത്തിയാക്കി. ക്രിസ് മോറിസാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട കെകെആറിന് രാജസ്ഥാന്റെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒമ്പതു വിക്കറ്റിന് 133 റണ്‍സില്‍ കെകെആര്‍ ഒതുങ്ങുകയായിരുന്നു. കൊല്‍ക്കത്ത നിരയില്‍ ആര്‍ക്കും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. 36 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ടോപ്‌സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് (25), നിതീഷ് റാണ (22), ശുഭ്മാന്‍ ഗില്‍ (11), പാറ്റ് കമ്മിന്‍സ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. സുനില്‍ നരെയ്ന്‍ (6), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (0), ആന്ദ്രെ റസ്സല്‍ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടീമിന്റെ ടോപ്‌സ്‌കോററായെങ്കിലും രണ്ടു റണ്ണൗട്ടുകളില്‍ പങ്കാളിയായ ത്രിപാഠി വില്ലനുമായി മാറി. ആദ്യം ഗില്ലും പിന്നീട് മോര്‍ഗനുമാണ് ത്രിപാഠിക്കൊപ്പം ബാറ്റ് ചെയ്യവെ റണ്ണൗട്ടായത്.

3

കെകെആറിന്റെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. അത് ഇന്നിങ്‌സിന്റെ അവസാനം വരെ അതേ രീതിയില്‍ മുന്നോട്ടു പോവുകയും ചെയ്തു. ഒരിക്കല്‍പ്പോലും റണ്‍റേറ്റ് ഉയര്‍ത്തി രാജസ്ഥാനെ പ്രതിരോധത്തിലാക്കാന്‍ അവര്‍ക്കായില്ല. 26 ബോളില്‍ സിക്‌സറും ഒരു ബൗണ്ടറിയും മാത്രമായിരുന്നു 36 റണ്‍സെടുത്ത ത്രിപാഠിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. കാര്‍ത്തിക് 24 ബോളില്‍ നാലു ബൗണ്ടറികളടിച്ചപ്പോള്‍ റാണ 25 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി.

മികച്ച കൂട്ടുകെട്ടുകളൊന്നും കെകെആറിന്റെ ഇന്നിങ്‌സില്‍ കാണായില്ല. ഒരു സഖ്യത്തിനു പോലും അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും കഴിഞ്ഞില്ല. അഞ്ചാം വിക്കറ്റില്‍ ത്രിപാഠി- കാര്‍ത്തിക് സഖ്യം ചേര്‍ന്നെടുത്ത 33 റണ്‍സാണ് കെകെആറിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസാണ് രാജസ്ഥാന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. ജയദേവ് ഉനാട്കട്ട്, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.

4

ടോസിനു ശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത് മോശം ഫോമിലുള്ള ഓപ്പണര്‍ മനന്‍ വോറ പുറത്തായപ്പോള്‍ പകരം യശസ്വി ജയ്‌സ്വാള്‍ സീസണിലെ ആദ്യ മല്‍സരം കളിച്ചു. ബൗളിങിലായിരുന്നു മറ്റൊരു മാറ്റം. ശ്രേയസ് ഗോപാലിനു പകരം ജയദേവ് ഉനാട്കട്ട് ടീമില്‍ തിരിച്ചെത്തി. കെകെആര്‍ ടീമിലാവട്ടെ ഒരു മാറ്റമുണ്ടായിരുന്നു. കമലേഷ് നാഗര്‍കോട്ടിക്കു പകരം ശിവം മാവി പ്ലെയിങ് ഇലവനിലെത്തി.

പ്ലെയിങ് ഇലവന്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, ശിവം മാവി, പ്രസിദ്ധ് കൃഷ്ണ.
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ജയദേവ് ഉനാട്കട്ട്, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Sunday, April 25, 2021, 0:20 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+